ചെന്നൈ: രാജ്യത്തെ ജനങ്ങളുടെ മേല്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം കനക്കുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ചെന്നൈയിൽ ഹിന്ദിയിലുള്ള നെയിം ബോർഡുകളിൽ കറുത്ത പെയിന്റ് അടിച്ച് ഡി.എം.കെ പ്രവർത്തകർ പ്രതിഷേധിച്ചു.
ആലന്തൂരിലെ സെന്റ് തോമസ് മൗണ്ട് പോസ്റ്റ് ഓഫീസിന്റെയും തൊട്ടടുത്തുള്ള ബി.എസ്.എൻ.എൽ ഓഫീസിന്റെയും, പൊള്ളാച്ചി ജങ്ഷൻ, പാളയംകോട് റെയിൽവേ സ്റ്റേഷനുകളിലെയും നെയിം ബോർഡുകളിലെ ഹിന്ദി അക്ഷരങ്ങളിലാണ് കറുത്ത മഷി പുരട്ടിയത്.
പൊള്ളാച്ചി, പാളയംകോട്ടൈ റെയിൽവേ സ്റ്റേഷനുകളിലെ നെയിം ബോർഡുകളിലെ ഹിന്ദി അക്ഷരങ്ങൾ വികൃതമാക്കിയതിന് പതിനൊന്നോളം ഡി.എം.കെ പ്രവർത്തകർക്കെതിരെ ഞായറാഴ്ച കേസെടുത്തതായി പൊലീസ് പറഞ്ഞു. തമിഴും ഇംഗ്ലീഷും സ്വീകരിച്ച് ദ്വിഭാഷാ നയം പിന്തുടരുന്ന തമിഴ്‌നാട്ടിൽ ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതിന് കേന്ദ്രത്തിനെതിരെ ഡി.എം.കെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.
സംഭവത്തിൽ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ രംഗത്തെത്തി. എൻ.ഇ.പിയിലെ ത്രിഭാഷാ ഫോർമുലയെ എതിർക്കുന്ന കറുത്ത പെയിന്റ് കുപ്പിയുമായി ഹിന്ദി അക്ഷരങ്ങൾ വികൃതമാക്കി ചുറ്റിത്തിരിയുന്ന ഈ വഴിതെറ്റിയ വ്യക്തികളെ അതേ കറുത്ത പെയിന്റുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതി ഓഫീസർമാരും സന്ദർശിക്കണമെന്ന് അണ്ണാമലൈ പറഞ്ഞു.
‘അഴിമതിക്കാരായ ഡി.എം.കെ മന്ത്രിമാർ ഇടയ്ക്കിടെ ഈ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനാൽ അവർക്ക് ഈ ഓഫീസുകളുടെ വിലാസങ്ങൾ നന്നായി അറിയാം,’ അണ്ണാമലൈ പറഞ്ഞു.
ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ ഇംഗ്ലീഷ്, ഹിന്ദി, ഒരു ആധുനിക ഇന്ത്യൻ ഭാഷ. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഇംഗ്ലീഷ്, ഹിന്ദി, ഒരു ഇന്ത്യൻ ഭാഷ എന്നിങ്ങനെ വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവരുന്നതാണ് ത്രിഭാഷാ നയത്തിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. എന്നാൽ ഇത് ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമമാണെന്ന് വലിയ തോതിൽ വിമർശനം ഉയരുന്നുണ്ട്.
അതേസമയം കഴിഞ്ഞ ആഴ്ച ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെയും ദേശീയ വിദ്യാഭ്യാസ നയത്തെയും ഭാഷാ നയത്തെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെയും എതിർക്കുക എന്ന ലക്ഷ്യത്തോടെ തമിഴ്നാട്ടിൽ ഉന്നത നേതാക്കൾ പങ്കെടുത്ത പ്രതിഷേധം നടന്നിരുന്നു. തമിഴ്നാട് ത്രിഭാഷാ നയം അംഗീകരിച്ചാൽ മാത്രമേ കേന്ദ്രം ഫണ്ട് നൽകൂ എന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.
Content Highlight: Name boards in Hindi smeared with black paint in Chennai