കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വാര്‍ത്തകളിലും തന്റെ പേരും ദൃശ്യങ്ങളും ഉപയോഗിക്കാമെന്നും നിയമനടപടികള്‍ സ്വീകരിക്കില്ലെന്നും വാളയാര്‍ കേസിലെ പെണ്‍കുട്ടികളുടെ അമ്മ. ധര്‍മ്മടം നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായതോടെയാണ് പെണ്‍കുട്ടികളുടെ അമ്മ ഇത് സംബന്ധിച്ച് സമ്മതപത്രം നല്‍കിയത്.
പ്രചാരണ പോസ്റ്ററിലും ബാലറ്റ് പേപ്പറിലും തന്റെ പേരും ചിത്രങ്ങളും ഉപയോഗിക്കാമെന്നും ഇവര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 228-എ വകുപ്പ് പ്രകാരം നിയമപ്രകാരം ഇവരുടെ പേര് പ്രസിദ്ധീകരിക്കാന്‍ പാടില്ല.
ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരുടെ പേരോ അവരെ തിരിച്ചറിയാന്‍ പറ്റുന്ന മറ്റു വിവരങ്ങളോ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നാണ് ഈ നിയമം പറയുന്നത്. ഇത്തരത്തില്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷംവരെ തടവും പിഴയുമാണ് ഐ.പി.സി. 228-എ വ്യവസ്ഥചെയ്യുന്നത്.
എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് സദുദ്ദേശ്യത്തോടെ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഓഫീസര്‍ അനുമതി നല്‍കുകയോ പേര് നല്‍കുന്നതില്‍ വിരോധമില്ലെന്ന് ഇരയോ ഇര മരിച്ചുകഴിഞ്ഞാലോ ഇരയ്ക്ക് മാനസിക വെല്ലുവിളിയുണ്ടെങ്കിലോ ഉറ്റബന്ധുക്കളുടെ സമ്മതപത്രം വാങ്ങി പേര് പ്രസിദ്ധീകരിക്കാമെന്നും നിയമം പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന മണ്ഡലമാണ് ധര്‍മ്മടം. മുഖ്യമന്ത്രിയോടുള്ള പ്രതിഷേധസൂചകമായാണ് ധര്‍മ്മടത്ത് മത്സരിക്കുന്നതെന്നാണ് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞത്.
മത്സരിക്കുന്നതിനായി നേരത്തെ സംഘപരിവാര്‍ ഒഴികെയുള്ള ഏത് സംഘടനയുടെയും പിന്തുണ സ്വീകരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ലഭിക്കുന്ന അവസരമാണിതെന്നാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിക്കൊണ്ട് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞത്.
താന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായായിരിക്കും മത്സരിക്കുക എന്നും അവര്‍ പറഞ്ഞിരുന്നു.പതിമൂന്നും ഒന്‍പതും വയസ്സുള്ള കുട്ടികളാണ് 2017 ല്‍ മൂന്നു മാസത്തെ ഇടവേളയില്‍ വാളയാര്‍ അട്ടപ്പള്ളത്തു ദുരൂഹസാഹചര്യത്തില്‍ മരിച്ചത്.
തെളിവില്ലാത്തതിനാല്‍ പ്രതികളെ വിട്ടയയ്ക്കുന്നതായ പാലക്കാട് പോക്സോ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. കേസ് ഇപ്പോള്‍ സി.ബി.ഐക്കു വിട്ടിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക