| Wednesday, 16th September 2015, 8:38 pm

ന്യൂനപക്ഷ പദവി വേണമെന്ന് നമ്പൂതിരി ബ്രാഹ്മണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ന്യൂനപക്ഷ പദവി വേണമെന്ന ആവശ്യവുമായി നമ്പൂതിരി ബ്രാഹ്മണര്‍. ഭൂപരിഷ്‌കരണ നിയമം നിലവില്‍ വന്നതിനെത്തുടര്‍ന്ന് ഈ വിഭാഗം സാമൂഹികമായും സാമ്പത്തികമായും തകര്‍ന്നിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ ന്യൂനപക്ഷ പദവി വേണമെന്നുമാണ് ഇവരുടെ ആവശ്യം. സംവരണം നല്‍കുന്ന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് യോഗക്ഷേമ പ്രസിഡന്റ് അക്കീരാമന്‍ കലാദാസന്‍ പറഞ്ഞു.

“ജാതി-മതാടിസ്ഥാനത്തിലുള്ള സെന്‍സസിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന സംവരണത്തിന്റെ മാനദണ്ഡത്തില്‍ മാറ്റം വരുത്തണം. ഓരോരുത്തരുടെയും അവസ്ഥ അനുസരിച്ചായിരിക്കണം സംവരണം നല്‍കേണ്ടത്. ബ്രാഹ്മണര്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണം.” അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ആരംഭിക്കുന്ന യോഗക്ഷേമ സഭയുടെ മൂന്ന് ദിവസത്തെ യോഗത്തില്‍ സംവരണത്തെക്കുറിച്ച് വിശദമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ന്യൂനപക്ഷ പദവി, സംവരണ നയം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങള്‍ കാണിച്ച് കേന്ദ്ര സര്‍ക്കാറിന് നിവേദനം നല്‍കുമെന്നും ഭട്ടതിരിപ്പാട് പറഞ്ഞു. സെപ്റ്റംബര്‍ 19 ന് ആരംഭിക്കുന്ന മൂന്ന് ദിവസത്തെ യോഗം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും.

ജാതിയതയ്‌ക്കെതിരായി പോരാടിയ ശ്രീനാരായണ ഗുരുവിനെ ഒരു വിഭാഗത്തിന്റെ നേതാവായി ചിത്രീകരിക്കുന്നതിലുള്ള ആശങ്കയും അദ്ദേഹം അറിയിച്ചു. “ഗുരു ദൈവമാണ്. അദ്ദേഹം പരിഷ്‌കര്‍ത്താവാണ്. ഗുരുവിനെ ഒരു വിഭാഗത്തിന്റെ നേതാവാക്കുന്നതില്‍ ആശങ്കയുണ്ട്.” ഭട്ടതിരിപ്പാട് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more