| Thursday, 5th May 2022, 9:04 am

രാജ്യദ്രോഹി എന്ന് മുദ്രകുത്തിയവന്റെ ചിത്രം അന്താരാഷ്ട്ര തലത്തിലും; നമ്പി നാരായണന്റെ ജീവിതം റോക്കട്രി- ദ നമ്പി ഇഫക്ട് കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ പദ്മഭൂഷണ്‍ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ റോക്കട്രി- ദ നമ്പി ഇഫക്ടിന്റെ വേള്‍ഡ് പ്രീമിയര്‍ മെയ് 19ന് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നടക്കും. രാജ്യത്തിന്റെ ഔദ്യോഗിക എന്‍ട്രി ആയാണ് ചിത്രം തെരഞ്ഞെടുത്തിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു.

ഇന്ത്യ – ഫ്രഞ്ച് നയതന്ത്ര സഹകരണം 75 വര്‍ഷം പിന്നിടുന്ന അവസരത്തില്‍, ഫിലിം ഫെസ്റ്റില്‍ ഇന്ത്യയ്ക്ക് കണ്‍ട്രി ഓഫ് ഓണര്‍ ബഹുമതി നല്‍കിയിട്ടുണ്ട്. ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു രാജ്യത്തെ ആദരിക്കുന്നത്. ഇന്ത്യന്‍ സിനിമയെയും സംസ്‌കാരത്തെയും പാരമ്പര്യത്തെയും ലോകത്തിന് പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

ബോളിവുഡ്, കോളിവുഡ് സൂപ്പര്‍ താരം ആര്‍. മാധവന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. മാധവന്‍ തന്നെയാണ് നമ്പി നാരായണനായി അഭിനയിക്കുന്നതും. ജൂലൈ ഒന്നിന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രം ഇത്തരത്തിലൊരു വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

പ്രമുഖ മലയാളി വ്യവസായിയായ ഡോ. വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്‌ച്ചേഴ്‌സും, മാധവന്റെ ട്രൈകളര്‍ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27വേ ഇന്‍വെസ്റ്റ്‌മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

വ്യാജമായുണ്ടാക്കിയ ചാരക്കേസിനെ തുടര്‍ന്ന് നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞന്റെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും എന്ത് സംഭവിച്ചു, അത് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തെ എങ്ങനെയെല്ലാം ബാധിച്ചു എന്നതാണ് ചിത്രം പറയുന്നത്.

ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത് ഏറെ അഭിമാനവും സന്തോഷവും നല്‍കുന്നുവെന്ന് നിര്‍മാതാവ് വര്‍ഗീസ് മൂലന്‍ പറഞ്ഞു. ലോകമറിയേണ്ട ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിതം സിനിമയാക്കിയത്, അത് ഒരു ഉത്തരവാദിത്തമാണെന്ന് മനസ്സിലാക്കിയാണെന്നും ഇത് മലയാളികള്‍ക്കാകെ അഭിമാനമുഹൂര്‍ത്തമാണിതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീ.നമ്പി നാരായണന്റെ ആത്മകഥ -ഓര്‍മകളുടെ ഭ്രമണപഥത്തിന്റെ രചയിതാവും ക്യാപ്റ്റന്‍, വെള്ളം തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനുമായ ജി. പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്റെ കോ ഡയറക്ടര്‍.

വിവിധ ഭാഷകളിലാണ് ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്. ഒരേ സമയം ഇംഗ്ലീഷിലും, ഹിന്ദിയിലും, തമിഴിലും ചിത്രീകരിക്കുകയും
മലയാളം, തെലുങ്ക് , കന്നഡ ഭാഷാകളിലേക്ക് മൊഴിമാറ്റുകയും ചെയ്തിട്ടുണ്ട്. അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം എത്തുന്നു. ഒരേ സമയം ഏറ്റവും കൂടുതല്‍ ഭാഷകളില്‍
പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരിക്കും ‘റോക്കട്രി- ദ നമ്പി ഇഫക്ട്.’

ചിത്രത്തില്‍ ബോളിവുഡ് മെഗാസ്റ്റാര്‍ ഷാരൂഖ് ഖാനും, കോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സൂര്യയും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. സിമ്രാനാണ് നായിക.

വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും, മേക്ക്ഓവറുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഫിലിസ് ലോഗന്‍ വിന്‍സന്റ് റിയോറ്റ, റോണ്‍ ഡൊനാഷേ തുടങ്ങിയ ഹോളിവുഡ് താരങ്ങളും രജിത് കപൂര്‍, രവി രാഘവേന്ദ്ര , മിഷ ഖോഷല്‍, ഗുല്‍ഷന്‍ ഗ്രോവര്‍, കാര്‍ത്തിക് കുമാര്‍, തുടങ്ങിയ ബോളിവുഡ് താരങ്ങളും മലയാളി താരം ദിനേഷ് പ്രഭാകറും പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

Content Highlight: Nambi Narayanan’s Bio Pic Rocketery The Nambi Effect to Can Film Festivel

We use cookies to give you the best possible experience. Learn more