| Saturday, 26th January 2019, 12:50 pm

സെന്‍കുമാര്‍ ആരുടെ ഏജന്റാണെന്ന് അറിയില്ല; എന്റെ കേസില്‍ പ്രതിയാണ് അയാള്‍; ടി.പി സെന്‍കുമാറിന് മറുപടിയുമായി നമ്പി നാരായണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പത്മഭൂഷണ്‍ നല്‍കാന്‍ നമ്പി നാരായണന് അര്‍ഹതയില്ലെന്ന ടി.പി സെന്‍കുമാറിന്റെ പരാമര്‍ശനത്തിന് മറുപടിയുമായി നമ്പി നാരായണന്‍.

സെന്‍കുമാര്‍ സുപ്രീം കോടതിവിധി മനസിലാക്കിയിട്ടില്ലെന്നും ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് താന്‍ കൊടുത്തിരിക്കുന്ന കേസില്‍ സെന്‍കുമാര്‍ പ്രതിയാണെന്നും നമ്പി നാരായണന്‍ പറഞ്ഞു.

ചാരക്കേസില്‍ പൊലീസിന്റെ വീഴ്ചകള്‍ അന്വേഷിക്കാനാണ് സുപ്രീംകോടതി സമിതിയെ നിയമിച്ചിരിക്കുന്നത്. സെന്‍കുമാര്‍ പറയുന്നതില്‍ വൈരുദ്ധ്യങ്ങളുണ്ട്.

ഒരു കോടി കോമ്പന്‍സേഷന്‍ കേസില്‍ സെന്‍കുമാര്‍ പ്രതിയായി വന്നപ്പോള്‍ സെന്‍കുമാര്‍ പറഞ്ഞത് താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും അന്വേഷണം തുടങ്ങുന്നതിന് മുന്‍പ് സുപ്രീം കോടതി ക്വാഷ് ചെയ്തു എന്നുമാണ്. അതിന് മുന്‍പ് അദ്ദേഹം ഡി.ജി.പിക്ക് എഴുതിയ കത്തില്‍ കേസ് അന്വേഷണം തുടങ്ങി എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇപ്പോള്‍ കേസില്‍ അന്വേഷണം നടത്തിയ ആളെപ്പോലെ അദ്ദേഹം സംസാരിക്കുന്നു. ഇതില്‍ ഏതാണ് ശരിയെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം.


നമ്പി നാരായണന്‍ പത്മപുരസ്‌കാരത്തിന് അര്‍ഹനല്ല; മറിയം റഷീദയ്ക്കും ഗോവിന്ദച്ചാമിക്കും കൂടി നല്‍കാമായിരുന്നു: ടി.പി സെന്‍കുമാര്‍


സുപ്രീം കോടതിയുടെ ജഡ്ജ്‌മെന്റില്‍ ചാരക്കേസ് പുനരന്വേഷിക്കാന്‍ പറഞ്ഞിട്ടില്ല. കള്ളക്കേസ് ആണെന്ന് തെളിഞ്ഞ ശേഷം ഇതിന് പിന്നിലുള്ളവരെ കണ്ടുപിടിക്കാനാണ് കമ്മിറ്റി ഉണ്ടാക്കിയിരിക്കുന്നത്. റിട്ടയേര്‍ഡ് ജഡ്ജും ഐ.പി.എസ് ഓഫീസര്‍മാരുമുള്ള കമ്മിറ്റിയാണ് അത്. സെന്‍കുമാറിന് അവിടെ ചെന്ന് എല്ലാം പറയാമല്ലോ – നമ്പി നാരായണന്‍ പറഞ്ഞു.

അങ്ങേര്‍ക്ക് വലിയൊരു വെപ്രാളം ഉള്ളതുപോലെയാണ് എനിക്ക് തോന്നിയത്. ഗോവിന്ദച്ചാമിയെന്നോ തീവ്രവാദിയെന്നോ പറഞ്ഞോട്ടെ അതിലൊന്നും പ്രതികരിക്കാനില്ല. അത് പുള്ളിയുടെ സംസ്‌ക്കാരവും ഭാഷയുമാണ്. ഗോവിന്ദച്ചാമിയേക്കാള്‍ മോശമായ ആളെ കിട്ടിയില്ലായിരിക്കും.

ഒരു കോടി കോമ്പന്‍സേഷന്‍ കേസില്‍ സെന്‍കുമാറില്‍ റോള്‍ ഇല്ലായിരുന്നെങ്കില്‍ എനിക്ക് എങ്ങനെ പ്രതിചേര്‍ക്കാന്‍ പറ്റും. അതില്‍ നിന്നും അദ്ദേഹത്തിന് ഊരിപ്പോകാന്‍ സാധിക്കാതിരുന്നത് എന്താണ്. ആ കേസ് ഇപ്പോഴും നിലവിലുണ്ട്. അതിനെ കുറിച്ച് ഇപ്പോള്‍ പറയാന്‍ തയ്യാറല്ല.

തന്റെ സംഭാവനകള്‍ എന്തൊക്കെയാണെന്ന് ടി.പി സെന്‍കുമാറിനെ ബോധ്യപ്പെടുത്തേണ്ടതില്ല. ഐ.എസ്.ആര്‍.ഒയുടെ മേധാവികള്‍ തന്നെ അതില്‍ സാക്ഷ്യപത്രം നല്‍കിയിട്ടുണ്ടെന്നും നമ്പി നാരായണന്‍ പറഞ്ഞു.

നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെതിരെ ടി പി സെന്‍കുമാര്‍ രൂക്ഷമായാണ് പ്രതികരിച്ചത്. പുരസ്‌കാരത്തിനായി നമ്പി നാരായണന്‍ നല്‍കിയ സംഭാവന എന്താണെന്ന് അവാര്‍ഡ് നല്‍കിയവര്‍ വിശദീകരിക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടിരുന്നു.

ശരാശരിയില്‍ താഴെയുള്ള ഒരു ശാസ്ത്രജ്ഞനാണ് നമ്പി നാരായണനെന്നും ചാരക്കേസ് കോടതി നിയോഗിച്ച സമിതി പരിശോധിക്കുകയാണെന്നും ടി പി സെന്‍കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

സമിതി റിപ്പോര്‍ട്ട് നല്‍കും വരെ നമ്പി നാരായണന്‍ സംശയത്തിന്റെ നിഴലില്‍ തന്നെയാണെന്നും ഇങ്ങനെ പോയാല്‍ മറിയം റഷീദയ്ക്കും ഗോവിന്ദച്ചാമിക്കും അവാര്‍ഡ് നല്‍കേണ്ടി വരുമെന്നും ടി പി സെന്‍കുമാര്‍ പരിഹസിച്ചിരുന്നു.

We use cookies to give you the best possible experience. Learn more