| Tuesday, 9th October 2018, 4:42 pm

നമ്പിനാരായണന് 50 ലക്ഷം നല്‍കി; ഊഹത്തിനനുസരിച്ച് കാര്യങ്ങള്‍ നീക്കുന്ന മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ചാരക്കേസില്‍ നിന്ന് കുറ്റവിമുക്തനായ ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സുപ്രീം കോടതി നിര്‍ദ്ദേശിച്ച 50 ലക്ഷം രൂപ കൈമാറി. തിരുവനന്തപുരത്ത് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തുകയുടെ ചെക്ക് നമ്പി നാരായണന് കൈമാറി. മന്ത്രിമാരായ ഇ.പി.ജയരാജന്‍, ഇ.ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

നമ്പി നാരായണന്റെ നിശ്ചയദാര്‍ഢ്യമാണ് ഇത്തരത്തിലൊരു നഷ്ടപരിഹാരം ലഭിക്കാനിടയാക്കിയതെന്നും അതിന് അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


Read Also : മോദിയെ വാരാണസിയില്‍ നിന്ന് വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ് ഇപ്പോള്‍ ഗുജറാത്തില്‍ ആക്രമിക്കപ്പെടുന്നത്: രാഷ്ട്രീയം കളിക്കരുതെന്നും മായാവതി


സുപ്രീംകോടതിയുടെ ഈ വിധിയില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് പഠിക്കാന്‍ ഒരു പാട് കാര്യങ്ങളുണ്ട്. അത് കൊണ്ടാണ് പരസ്യമായി തന്നെ സര്‍ക്കാര്‍ അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചാരക്കേസില്‍ യഥാര്‍ത്ഥത്തില്‍ നഷ്ടപരിഹാരം നല്‍കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥരാണ്. സര്‍ക്കാര്‍ ഇതിന്റെ നിയമവശങ്ങള്‍ പരിശോധിച്ച് വരികയാണ്. അന്വേഷണ ഏജന്‍സികളെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കുന്നവര്‍ പരിശോധന നടത്തേണ്ടതുണ്ട്. ചില കേസുകളില്‍ മുന്‍ വിധി വിധിക്കുന്നവരും ഊഹത്തിനനുസരിച്ച് കാര്യങ്ങള്‍ നീക്കുന്നവരും മാധ്യമങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യന്ത്രി പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബര്‍ 14 നാണ് സുപ്രീംകോടതി നമ്പി നാരായണന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നല്‍കണമെന്ന് ഉത്തരവിട്ടത്. അദ്ദേഹത്തെ കേസില്‍ കുടുക്കിയ നടപടിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് അന്വേഷിക്കാന്‍ റിട്ട. ജസ്റ്റിസ് ഡി.കെ ജെയിന്‍ അധ്യക്ഷനായ സമിതിയെ നിയോഗിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഢ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചിന്റേതായിരുന്നു വിധി.



We use cookies to give you the best possible experience. Learn more