ആളുകളെ കൊണ്ട് നിര്‍ബന്ധിച്ച് ജയ് ശ്രീരാം വിളിപ്പിക്കണമെന്ന് ശ്രീരാമന്‍ പറഞ്ഞിട്ടില്ല; മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാവുകയാണെങ്കില്‍ റോഡില്‍ നമസ്‌കാരം നടത്തുന്നത് ശരിയല്ലെന്നും സുന്നി പുരോഹിതന്‍
India
ആളുകളെ കൊണ്ട് നിര്‍ബന്ധിച്ച് ജയ് ശ്രീരാം വിളിപ്പിക്കണമെന്ന് ശ്രീരാമന്‍ പറഞ്ഞിട്ടില്ല; മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാവുകയാണെങ്കില്‍ റോഡില്‍ നമസ്‌കാരം നടത്തുന്നത് ശരിയല്ലെന്നും സുന്നി പുരോഹിതന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th July 2019, 1:57 pm

ന്യൂദല്‍ഹി: മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ നമസ്‌കാരം നടത്തുന്നതിനോട് യോജിക്കുന്നില്ലെന്ന് ഓള്‍ ഇന്ത്യ മുസ് ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗവും സുന്നി പുരോഹിതനുമായ മൗലാന ഖാലിദ് റാഷിദ് ഫിറംഗി മഹാലി.

മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാന്‍ വേണ്ടിയല്ല വെള്ളിയാഴ്ച നമസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. റോഡില്‍ നടത്തുന്ന നമസ്‌കാരങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്നുള്ള സംഘപരിവാര്‍ സംഘടനകളുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.

അള്ളാഹുവിന് മുന്നില്‍ നടത്തുന്ന പ്രാര്‍ത്ഥനയാണ് നമസ്‌കാരം. ആരേയും ബുദ്ധിമുട്ടിക്കുന്ന രീതിയില്‍ അത് ചെയ്യുന്നത് ശരിയല്ല. വെള്ളിയാഴ്ച പോലുള്ള ദിവസങ്ങളിലാണ് റോഡുകള്‍ നമസ്‌കാരത്തിനായി ആളുകള്‍ ഉപയോഗിക്കുന്നത്. ചില പള്ളികളികളിലെ സ്ഥലപരിമിതി മൂലമാണ് ഇത് സംഭവിക്കുന്നത്.- അദ്ദേഹം പറഞ്ഞു.

ശരിഅത്ത് പ്രകാരം പൊതുസ്ഥലങ്ങളില്‍ നിസ്‌കാരം അനുവദിക്കുന്നുണ്ടെന്നും അത് തെറ്റല്ലെന്നും എ.ഐ.എം.പി.എല്‍.ബി ജനറല്‍ സെക്രട്ടറി മൗലാന വലി റഹ്മാനി പറഞ്ഞു. മുസ്‌ലീങ്ങള്‍ക്കെതിരെ ഏകപക്ഷീയമായി പെരുമാറുന്ന രീതി ചില സംഘപരിവാര്‍ സംഘടനകള്‍ വളര്‍ത്തിക്കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ജയ് ശ്രീരാം വിളിക്കാത്തവരെ ആള്‍ക്കൂട്ട ആക്രമത്തിന് വിധേയമാകുന്ന രീതിയേയും അദ്ദേഹം വിമര്‍ശിച്ചു. ഹിന്ദൂയിസത്തെ സംബന്ധിച്ചിടത്തോളം ബലപ്രയോഗത്തിലൂടെ ഒരു കാര്യം ചെയ്യിപ്പിക്കുന്ന രീതിയില്ലെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

തനിക്ക് വേണ്ടി ആളുകളെ കൊണ്ട് നിര്‍ബന്ധിച്ച് മുദ്രാവാക്യം വിളിപ്പിക്കണമെന്ന് ഭഗവാന്‍ ശ്രീരാമന്‍ പറഞ്ഞതായി അറിയില്ല. മര്യാദപുരുഷോത്തമന്‍ ആയിട്ടാണ് ശ്രീരാമന്‍ അറിയിപ്പെടുന്നത്. പിന്നെ അദ്ദേഹത്തിന്റെ പേര് പറഞ്ഞ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിന് പിന്നിലെ താത്പര്യമാണ് തിരിച്ചറിയേണ്ടത്. – അദ്ദേഹം പറഞ്ഞു.

അലിഗറില്‍ റോഡുകളില്‍ മതപരമായ ചടങ്ങുകള്‍ നിരോധിച്ചുകൊണ്ട് ജില്ലാ ഭരണകൂടം അടുത്തിടെ ഉത്തരവിറക്കിയിരുന്നു. ഹത്രാസില്‍ റോഡില്‍ നമസ്‌കാരം നടത്തുന്നതിനെതിരെ ചില സംഘടനകള്‍ രംഗത്തെത്തുകയും ഇതിനെതിരെ ഹനുമാന്‍ ക്ഷേത്രത്തിന് മുന്‍പിലായി ഹനുമാന്‍ ചാലിസയെന്ന പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു.