ലഖ്നൗ: ട്രെയിനില്‍ നമസ്‌കരിച്ച മുസ്‌ലിങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ബി.ജെ.പി മുന്‍ എം.എല്‍.എ. നാല് പേര്‍ ട്രെയിനില്‍ നമസ്‌കരിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ മുന്‍ എം.എല്‍.എ ദീപ്ലാല്‍ ഭാരതിയാണ് വീഡിയോ ചിത്രീകരിച്ചത്.
ഖദ്ദ റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോഴാണ് നാലംഗ സംഘം ട്രെയിനില്‍ നമസ്‌കരിച്ചത്. സത്യാഗ്രഹ എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോള്‍ മറ്റ് യാത്രക്കാരുടെ വഴി തടയുന്ന രീതിയില്‍ നാല് പേര്‍ നമസ്‌കരിക്കുന്നത് കണ്ടെന്നായിരുന്നു ബി.ജെ.പി നേതാവിന്റെ വാദം.
‘ഞാനാണ് വീഡിയോ എടുത്തത്. അവര്‍ സ്ലീപ്പര്‍ കോച്ചില്‍ നമസ്‌കരിക്കുകയായിരുന്നു. മറ്റ് യാത്രക്കാര്‍ക്ക് ട്രെയിനില്‍ പ്രവേശിക്കാനോ പുറത്തിറങ്ങാനോ കഴിയാത്ത വിധത്തില്‍ അസൗകര്യമുണ്ടാക്കിയായിരുന്നു നമസ്‌കാരം. പൊതുസ്ഥലങ്ങളില്‍ അവര്‍ എങ്ങനെ നമസ്‌കരിക്കും. അത് തെറ്റാണ്,’ ദീപ്ലാല്‍ ഭാരതി പറഞ്ഞു.
കോച്ചിന്റെ ഇരുവശത്തുമുള്ള രണ്ടുപേര്‍ ആളുകളെ കോച്ചിനുള്ളില്‍ കയറുന്നതും പുറത്തിറങ്ങുന്നതും തടഞ്ഞതായും മുന്‍ എം.എല്‍.എ പറഞ്ഞു. സംഭവത്തില്‍ ദീപ്ലാല്‍ ഇന്ത്യന്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ ‘നമസ്‌കാര വിവാദങ്ങള്‍’ ബി.ജെ.പി ഇതിന് മുമ്പും ഉയര്‍ത്തിയിരുന്നു. ലഖ്‌നൗവിലെ ലുലുമാളില്‍ മുസ്‌ലിങ്ങള്‍ സംഘം ചേര്‍ന്ന് നമസ്‌കരിച്ചുവെന്ന് കാണിച്ച് വലിയ പ്രതിഷേധമാണ് ഹിന്ദുത്വവാദികള്‍ നടത്തിയത്.
മാളില്‍ നമസ്‌കാരം നടന്നെന്നും മാള്‍ ബഹിഷ്‌കരിക്കണമെന്നുമായിരുന്നു ഹിന്ദു മഹാസഭയുടെ ആവശ്യം.
മാള്‍ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതായും സംഘടന ആരോപിച്ചു. മാള്‍ നിര്‍മിക്കാന്‍ ഒരുപാട് കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ട്. സനാതന ധര്‍മം ആചരിക്കുന്നവര്‍ മാള്‍ ബഹിഷ്‌കരിക്കണമെന്നും ഹിന്ദു മഹാസഭ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മാളിലെ പുരുഷ ജീവനക്കാരെല്ലാം മുസ്‌ലിങ്ങളും സ്ത്രീകളായ ജീവനക്കാര്‍ ഹിന്ദുക്കളുമാണ് എന്നായിരുന്നു മാളിനെതിരെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ നടത്തിയ പ്രചരണം. മാളില്‍ നടന്ന നമസ്‌കാരം ഹിന്ദുത്വ ഗ്രൂപ്പുകള്‍ ആസൂത്രണം ചെയ്തതാണെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.