ഗുഡ്ഗാവ്: ഹരിയാനയില്‍ വീണ്ടും നിസ്‌കാരം മുടക്കി തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍. നിസ്‌കാരം നടത്താന്‍ അനുവദിച്ചുനല്‍കിയ സ്ഥലത്തെത്തിയായിരുന്നു ഇവരുടെ അതിക്രമം. ഭാരത് മാതാ കി ജയ് വിളിക്കാനാവശ്യപ്പെട്ടായിരുന്നു ഇത്തവണ ഹിന്ദുത്വ ഗ്രൂപ്പുകള്‍ നിസ്‌കാരം മുടക്കിയത്.
നിസ്‌കാരത്തിന് അനുവദിച്ചുനല്‍കിയ സ്ഥലത്തേക്ക് ഹിന്ദുത്വ ഗ്രൂപ്പിലെ ആളുകള്‍ സംഘടിച്ചെത്തുകയും ഭാരത് മാതാ കി ജയ് വിളിക്കാനാവശ്യപ്പെടുകയുമായിരുന്നു. ഗുഡ്ഗാവിലെ ഉദ്യോഗ് വിഹാര്‍ പരിസരത്താണ് സംഭവം നടന്നത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിസ്‌കാരം മുടക്കാന്‍ ശ്രമിക്കുന്നതും മുസ്‌ലിങ്ങളെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
‘ഞങ്ങള്‍ നിങ്ങളെക്കൊണ്ട് വിളിപ്പിക്കും, നിങ്ങളത് വിളിച്ചിരിക്കും. നിങ്ങള്‍ക്കെന്താണ് ഭാരത് മാതാ കി ജയ് വിളിച്ചാല്‍? നിങ്ങള്‍ പാകിസ്ഥാനികളാണോ?,’ അവര്‍ ചോദിക്കുന്നു. ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ഭാരത് മാതാ കി ജയ് വിളിക്കണമെന്നും അവര്‍ പറയുന്നുണ്ട്.
എന്നാല്‍ തങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ വേണ്ടി മാത്രമാണ് ഇവിടെ വന്നതെന്നും, ദയവായി അതിനനുവദിക്കണമെന്നുമായിരുന്നു മുസ്‌ലിങ്ങള്‍ പറഞ്ഞത്.
എന്നാല്‍ ഭാരത് മാതാ കി ജയ് എന്നതിന് പകരം, മുസ്‌ലിങ്ങള്‍ മഹാത്മാഗാന്ധി കി ജയ് എന്ന് വിളിക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് ഉടന്‍ തന്നെ പൊലീസ് എത്തിയതായും അന്തരീക്ഷം ശാന്തമാക്കാന്‍ ശ്രമിച്ചതായും വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ പൊലീസോ ജില്ലാ ഭരണകൂടമോ ഒരു പ്രസ്താവനയും നല്‍കിയിട്ടില്ല.
തീവ്ര വലതുപക്ഷ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ഗുഡ്ഗാവില്‍ ജുമുഅ തടസപ്പെട്ടിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്ന് വെള്ളിയാഴ്ച്ചകളില്‍ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍, ‘ലാന്‍ഡ് ജിഹാദ്’ എന്നാരോപിച്ച് നിസ്‌കാരം തടസപ്പെടുത്തുകയായിരുന്നു.
ഗുഡ്ഗാവിലെ തുറസായ സ്ഥലങ്ങളില്‍ ജുമുഅ നിസ്‌കാരം അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞിരുന്നു.
ഗുഡ്ഗാവ് ഭരണകൂടം എല്ലാ കക്ഷികളുമായും വീണ്ടും ചര്‍ച്ച നടത്തുമെന്നും ആരുടെയും അവകാശങ്ങള്‍ പിടിച്ചെടുക്കാത്ത സൗഹാര്‍ദപരമായ ഒരു പരിഹാരം ഉണ്ടാക്കുമെന്നും അതുവരെ സ്വന്തം വീടുകളിലോ മറ്റു സ്ഥലങ്ങളിലോ പ്രാര്‍ത്ഥന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
എന്നാല്‍, അധികൃതര്‍ അനുവദിച്ച് നല്‍കിയ 37 ഇടങ്ങളിലാണ് മുസ്‌ലിങ്ങള്‍ നിസ്‌കാരം നടത്തുന്നത്. ഇതില്‍ എട്ട് സ്ഥലങ്ങളിലെ അനുമതി ഗുഡ്ഗാവ് അഡ്മിനിസ്‌ട്രേഷന്‍ പിന്‍വലിച്ചിരുന്നു.
കഴിഞ്ഞ ദിവസം, ഖണ്ഡ്‌സ, മുഹമ്മദ്പൂര്‍ ജാര്‍സ, ബേഗംപൂര്‍ ഖട്ടോല ഗ്രാമങ്ങളിലെ ചില നിവാസികളും വലതുപക്ഷ ഗ്രൂപ്പുകളുടെ അംഗങ്ങളും വെള്ളിയാഴ്ച ഗുഡ്ഗാവിലെ സെക്ടര്‍ 37 പൊലീസ് സ്റ്റേഷന് പുറത്ത് നിയുക്ത നമാസ് സ്ഥലം കൈവശപ്പെടുത്തുകയും ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനും മറ്റുള്ളവര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഒരു അനുശോചന യോഗം നടത്തുകയും ചെയ്തു.
മുസ്ലിം സമുദായത്തിലെ അംഗങ്ങളെ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്താന്‍ സംഘം അനുവദിച്ചില്ല. മുസ്ലിങ്ങള്‍ നിസ്‌കാരം നടത്തുന്ന സ്ഥലത്ത് എല്ലാ ആഴ്ചയും പരിപാടികള്‍ നടത്തുമെന്നാണ് വലതുപക്ഷ സംഘടനകള്‍ പറഞ്ഞത്.