ലഖ്‌നൗ: ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്തെ ഈദ് ദിനത്തില്‍ റോഡിലുള്ള നമസ്‌കാരം നിര്‍ത്തിയെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്തു കൊണ്ടുവന്ന മാറ്റങ്ങളെ പട്ടികപ്പെടുത്തുന്നതിനിടെയാണ് യോഗിയുടെ പരാമര്‍ശം.
സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്തെ പള്ളികളില്‍ നിന്നും ലൗഡ്‌സ്പീക്കര്‍ നീക്കം ചെയ്‌തെന്നും അവ പ്രദേശത്തെ ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും ദാനം ചെയ്‌തെന്നും യോഗി പറഞ്ഞു.
‘പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം കലാപങ്ങളുണ്ടായി. തെരഞ്ഞെടുപ്പിനിടെയോ അതിന് ശേഷമോ യു.പിയില്‍ കലാപങ്ങളൊന്നും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം രാമനവമി ആവേശത്തോടെ ആഘോഷിച്ചു. ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ സമാധാനപരമായി നടന്നു. ഇതേ യു.പിയില്‍ തന്നെയാണ് ചെറിയ തര്‍ക്കങ്ങള്‍ വലിയ കലാപമായതും.
ഇക്കഴിഞ്ഞ ഈദിന് റോഡിലുള്ള നമസ്‌കാരം നിങ്ങള്‍ കണ്ടുകാണില്ല. പള്ളികളിലെ ലൗഡ്‌സ്പീക്കറുകളുടെ ശബ്ദവും അധികമായി കേള്‍ക്കാറുണ്ടാകില്ല, കാരണം ഇവയെല്ലാം ഇപ്പോള്‍ ആശുപത്രികള്‍ക്കോ സ്‌കൂളുകള്‍ക്കോ കൈമാറിക്കഴിഞ്ഞു,’ യോഗി പറഞ്ഞു.
ഏകദേശം ഒരു ലക്ഷത്തോളം ലൗഡ്‌സ്പീക്കറുകളുടെ ശബ്ദം കുറയ്ക്കുകയോ, എടുത്തുമാറ്റുകയോ ചെയ്തിട്ടുണ്ടെന്നും യോഗി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ കന്നുകാലികള്‍ മൂലമുള്ള പ്രശ്‌നങ്ങളെക്കുറിച്ചും യോഗി പരാമര്‍ശിച്ചു.
തെരുവുകളില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ 5,600ലധികം കന്നുകാലി സംരക്ഷണ കേന്ദ്രം സ്ഥാപിച്ചതായാണ് യോഗിയുടെ പ്രതികരണം. ജനങ്ങളില്‍ നിന്ന് കിലോയ്ക്ക് ഒരു രൂപ എന്ന നിരക്കില്‍ വാങ്ങുന്ന ചാണകത്തില്‍ നിന്നും സി.എന്‍.ജി നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. പശുക്കളെ സംരക്ഷിക്കാന്‍ വേണ്ട എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചതായും യോഗി കൂട്ടിച്ചേര്‍ത്തു.
മഥുര, വൃന്ദാവനം തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്ക് പുതിയ മുഖം നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചു. മാത്രമല്ല എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഒരു തീര്‍ത്ഥാടന കേന്ദ്രം വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Namaz at roads have been prohibited, loudspeakers in mosques have been donated to hospitals, says CM Yogi Adityanath