| Thursday, 7th May 2020, 3:42 pm

ഗുജറാത്തിൽ ​​കൊവി‍ഡ് പടർന്നതിന് കാരണം നമസ്തേ ട്രംപെന്ന് കോൺ​ഗ്രസ്; ​ പ്രതിച്ഛായ മങ്ങുമോ എന്ന ആശങ്കയിൽ അഴിച്ചു പണികൾ നടത്തി അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: കൊവിഡ് വ്യാപനവും ഉയർന്ന മരണനിരക്കും കടുത്ത പ്രതിസന്ധിയിലാക്കിയ ​ഗുജറാത്ത് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ്. പതിനായിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ​അഹമ്മദാബാദിൽ നടത്തിയ നമസ്തേ ട്രംപ് പരിപാടിയാണ് സംസ്ഥാനത്ത് ഇത്രയേറെ കൊവിഡ് കേസുകൾ ഉണ്ടാകാൻ ഇടയാക്കിയതെന്ന് പ്രതിപക്ഷമായ കോൺ​ഗ്രസ് ആരോപിച്ചു.

ഇതേക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നും സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയ്ക്കെതിരെ ഹെെക്കോടതിയെ സമീപിക്കുമെന്നും വിഷയത്തിൽ കോൺ​ഗ്രസ് പ്രതികരിച്ചു.

നമസ്തേ ട്രംപ് പരിപാടിക്കും, കോൺ​ഗ്രസിന് രാജ്യസഭ സീറ്റ് ലഭിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനും സർക്കാർ സമയം പാഴാക്കി എന്നും വിമർശനങ്ങളുണ്ട്. നേരത്തെ ​കോൺ​ഗ്രസ് പ്രതിപക്ഷ നേതാവ് പരേഷ് ധനാനി ​ഗുജറാത്തിൽ ടെസ്റ്റിങ്ങ് നിരക്ക് കുറവാണെന്ന് അഭിപ്രായപ്പട്ടിരുന്നു. കൊവിഡ് 19 പശ്ചാത്തലത്തിൽ ലോകാരോ​ഗ്യ സംഘടന ഉൾപ്പെടെ ജനുവരിയിൽ തന്നെ മുന്നറിയിപ്പ് നൽകിയിട്ടും വിദേശത്തു നിന്നുള്ള ഹെൽത്ത് ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ളവർക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയില്ലെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.

അതേസമയം ​ഗുജറാത്തിലെ ഉയർന്ന കൊവിഡ് വ്യാപനവും മരണനിരക്കും ​പ്രധാനമന്ത്രിയുടെ പ്രതിച്ഛായ തകർക്കുമോ എന്ന ആശങ്ക കേന്ദ്ര സർക്കാരിനും ബി.ജെ.പി നേതൃത്വത്തിനുമുണ്ട്. ​​ഗുജറാത്തിലെ കൊവിഡ് കേസുകൾ നിയന്ത്രിക്കുന്ന വിഷയത്തിൽ ​കേന്ദ്ര സർക്കാർ പ്രത്യേക ഇടപെടലുകളും നടത്തുന്നുണ്ട്. ഇതിന്റെ ഭാ​ഗമായി ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ​ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി അടുത്ത ബന്ധമുള്ള ഉദ്യോ​ഗസ്ഥരെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയിൽ നിന്ന് നീക്കിയിരുന്നു. മുതിർന്ന ഐ.എ.എസ് ഉദ്യോ​ഗസ്ഥർക്കാണ് അമിത് ഷാ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പകരം ചുമതല ഏൽപ്പിച്ചത്.

പുതുതായി ചുമതലയേറ്റ ഉദ്യോ​ഗസ്ഥർ കടുത്ത നിയന്ത്രണങ്ങളാണ് ​ഗുജറാത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഭാ​ഗമായി അഹമ്മദാബാദിൽ പാൽ, മരുന്ന് ഒഴികെ ബാക്കിയെല്ലാ കടകളും ഒരാഴ്ച്ചത്തേക്ക് അടച്ചിടാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇതുവരെ 6625 കൊവിഡ് കേസുകളാണ് ​ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

 

We use cookies to give you the best possible experience. Learn more