ന്യൂദല്‍ഹി: രാജ്യത്തെ 38 ഗവേഷണ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യത്തെ നയിക്കുന്ന കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (സി.എസ്.ഐ.ആര്‍) ഡയറക്ടര്‍ ജനറലായി മുതിര്‍ന്ന ശാസ്ത്രജ്ഞയായ നല്ലതമ്പി കലൈശെല്‍വിയെ നിയമിച്ചു. ചരിത്രത്തിലാദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തേക്കെത്തുന്നത്.
സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് വകുപ്പ് സെക്രട്ടറിയായും കലൈശെല്‍വി ചുമതലയേല്‍ക്കും. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. തമിഴ്നാട്ടിലെ തിരുനെല്‍വേലിക്കടുത്ത് അംബാസമുദ്രം സ്വദേശിനിയാണ് കലൈശെല്‍വി.
ലിഥിയം അയണ്‍ ബാറ്ററികളുടെ മേഖലയിലെ പ്രവര്‍ത്തനത്തിന് പേരുകേട്ട കലൈശെല്‍വി തമിഴ്‌നാട്ടിലെ കാരൈക്കുടിയിലുള്ള ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു.
ഏപ്രിലില്‍ വിരമിച്ച മുന്‍ മേധാവി മാന്‍ഡെയ്ക്ക് ശേഷം ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി രാജേഷ് ഗോഖലെയ്ക്ക് സി.എസ്.ഐ.ആറിന്റെ അധിക ചുമതല നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മാന്‍ഡേയുടെ പിന്‍ഗാമിയായിട്ട് കലൈശെല്‍വി അധികാരമേറ്റത്.
രാജ്യത്തെ ശാസ്ത്രഗവേഷണത്തേയും വ്യവസായത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഉന്നതാധികാര സമിതിയാണ് സി.എസ്.ഐ.ആര്‍. 38 ദേശീയ ലബോറട്ടറികള്‍ സി.എസ്.ഐ.ആറിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. 3500ഓളം ശാസ്ത്രജ്ഞരും 4,350 അനുബന്ധ ഉദ്യോഗസ്ഥരും സാങ്കേതിക പ്രവര്‍ത്തകരും ഈ ദേശീയ ലാബോറട്ടറികളിലായി പ്രവര്‍ത്തിക്കുന്നുണ്ട്.
2019 ഫെബ്രുവരിയില്‍ സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (CSIR-CECRI) മേധാവിയായ ആദ്യ വനിതാ ശാസ്ത്രജ്ഞയായി ചരിത്രം കുറിച്ച വനിത കൂടിയാണ് കലൈശെല്‍വി. ഇതേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്‍ട്രി ലെവല്‍ സയന്റിസ്റ്റായായിട്ടായിരുന്നു ഗവേഷണത്തില്‍ അവര്‍ കരിയര്‍ ആരംഭിച്ചത്. കൂടാതെ അവരുടെ ക്രെഡിറ്റില്‍ 125 ലധികം ഗവേഷണ പ്രബന്ധങ്ങളും ആറ് പേറ്റന്റുകളും ഉണ്ട്.
Content Highlight: Nallathamby Kalaiselvi Becomes First Woman To Head India’s Top Scientific Body