| Wednesday, 24th February 2016, 10:32 am

രാജിവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് അടിയന്തര പരോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാജിവ് ഗാന്ധി വധക്കേസില്‍ തടവ് ശിക്ഷയനുഭവിക്കുന്ന പ്രതി നളിനിക്ക് അടിയന്തര പരോള്‍ അനുവദിച്ചു. ബുധനാഴ്ച  12മണിക്കൂറാണ് തമിഴ്‌നാട് സര്‍ക്കാര്‍  നളിനിക്ക് അടിയന്തിര പരോള്‍ അനുവദിച്ചത്.

നളിനിയുടെ അച്ഛന്‍ ശങ്കര നാരായണന്‍ മരിച്ചതിനെ തുടര്‍ന്ന് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനാണ് പരോള്‍ അനുവദിച്ചത്. ഇന്ന് രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുമണിവരെയാണ് പരോള്‍ സമയം.

തിരുനെല്‍വേലിയില്‍ വച്ചായിരുന്നു നളിനിയുടെ അച്ഛന്‍ ശങ്കരനാരായണന്റെ മരണം. മുന്‍ പോലിസ് സബ് ഇന്‍സ്‌പെക്ടറായ ഇദ്ദേഹം ചൊവ്വാഴ്ചയായിരുന്നു മരിച്ചത്. ചെന്നൈയിലെ കോട്ടൂരില്‍ വച്ചാണ് സംസ്‌കാര ചടങ്ങുകള്‍.

നടപടികള്‍ പൂര്‍ത്തിയാക്കി നളിനി പരോളില്‍ ഇറങ്ങി. തമിഴ്‌നാട്ടിലെ വെല്ലൂര്‍ വനിതാ ജയിലിലാണ് നളിനി തടവ് ശിക്ഷയനുഭവിക്കുന്നത്. കാല്‍നൂറ്റാണ്ടോളമായി നളിനി ജയില്‍ ശിക്ഷയനുഭവിക്കാന്‍ തുടങ്ങിയിട്ട്.

1991 മെയ് 21നായിരുന്നു രാജിവ് ഗാന്ധി കൊല്ലപ്പെട്ടത്. 1998ല്‍ നളിനി അടക്കമുള്ളവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും 2000 ഏപ്രിലില്‍ ശിക്ഷ ജീവപര്യന്തമായി കുറക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more