മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു
Kerala News
മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th March 2019, 7:55 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ രാജിവച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിക്ക് കാരണം എന്നാണ് റിപ്പോര്‍ട്ട്‌. ബുധനാഴ്ച ഉച്ചക്ക് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ തുടരാന്‍ നളിനി നെറ്റോയ്ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പിണറായി വിജയന്‍ മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ശേഷം നടത്തിയ പ്രധാന നിയമനങ്ങളില്‍ ഒന്നായിരുന്നു നളിനി നെറ്റോയുടേത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ അഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ മുഖ്യമന്ത്രി തന്റെ ഓഫീസിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിക്കുകയായിരുന്നു.

Read A lso :  വാഗ്ദാനം ചെയ്ത 15 ലക്ഷം എവിടെയെന്ന് നിങ്ങള്‍ ചോദിക്കണം; മോദിക്കെതിരെ പ്രിയങ്ക ഗാന്ധി -വീഡിയോ

1981 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് നളിനി നെറ്റോ. തിരുവനന്തപുരം ജില്ലാ കളക്ടര്‍, സംസ്ഥാന ടൂറിസം ഡയറക്ടര്‍, നികുതി, സഹകരണ രജിസ്ട്രേഷന്‍, ജലസേചനം, ഗതാഗതം തുടങ്ങിയ വകുപ്പുകളില്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒമ്പതുവര്‍ഷം സംസ്ഥാനത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ആയിരുന്നു. സംസ്ഥാനത്ത് ആ സ്ഥാനത്തിരുന്ന ആദ്യ വനിതയുമാണ്.

2015-ല്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിതയായ നളിനി നെറ്റോ പിണറായിസര്‍ക്കാര്‍ അധികാരമേറ്റശേഷം മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ചുമതലയും വഹിച്ചു.