Kerala News
കോഴിക്കോട് താമരശ്ശേരിയില്‍ നഗ്നപൂജ; പ്രതികള്‍ കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 18, 08:15 am
Wednesday, 18th September 2024, 1:45 pm

കോഴിക്കോട്: താമരശ്ശേരിയില്‍ യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ച ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് വാഴയില്‍ ഷെമീര്‍, അടിവാരം സ്വദേശി പ്രകാശന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാനും സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടിയും യുവതിയോട് നഗ്നപൂജ നടത്താന്‍ ആവശ്യപ്പെട്ടെന്നാണ് പരാതിയില്‍ പറയുന്നത്. ഭര്‍ത്താവിന്റെ സുഹൃത്താണ് യുവതിയെ നഗ്നപൂജ ചെയ്യാന്‍ നിര്‍ബന്ധിച്ചത്. പിന്നാലെ വിസമ്മതിച്ച യുവതിയെ ഭര്‍ത്താവ് ഉപദ്രവിക്കുകയും ഇത് സഹിക്കാന്‍ വയ്യാതെ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നുവെന്ന് യുവതി പറഞ്ഞു.

യുവതിയുടെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്നും ഇത് ഒഴിവാക്കാന്‍ നഗ്നപൂജ ചെയ്യണമെന്നും ഭര്‍ത്താവിന്റെ സുഹൃത്ത് യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. കൂടാതെ ഭര്‍ത്താവിനു മേല്‍ ബ്രഹ്‌മരക്ഷസുണ്ടെന്നും യുവതിയോട് പറഞ്ഞു. പിന്നാലെ യുവതി വിസമ്മതിക്കുകയായിരുന്നു. ഇതോടെ ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നുവെന്നും യുവതി പറഞ്ഞു.

വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാവുന്നതിന് കാരണം ബ്രഹ്‌മരക്ഷസാണെന്നും ഇതിനെ ഒഴിവാക്കാന്‍ പൂജ ആവശ്യമാണെന്നും യുവതിയോട് ഭര്‍ത്താവിന്റെ സുഹൃത്ത് പറയുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ നിലവിലുള്ള പ്രശ്‌നങ്ങള്‍ മാറാന്‍ യുവതി നഗ്നപൂജ ചെയ്യണമെന്ന പ്രകാശന്റെ വാദത്തെ യുവതി നിരാകരിക്കുകയായിരുന്നു. നാല് വര്‍ഷം മുമ്പ് കല്ല്യാണം കഴിഞ്ഞത് മുതല്‍ യുവതി ഭര്‍ത്താവിന്റെ പീഡനത്തിനിരയാവുന്നുണ്ടെന്നും ഭര്‍ത്താവിന് മറ്റൊരു ബന്ധമുള്ളതാണ് താന്‍ മാനസികവും ശാരീരികവുമായ പീഡനത്തിനിരയാവാന്‍ കാരണമെന്നും യുവതി പറഞ്ഞു.

സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് വിദേശത്ത് പോവാനിരിക്കെ പ്രശ്‌നങ്ങള്‍ക്ക് കാരണം പ്രേതബാധയാണെന്നും ഇത് മാറാന്‍ ഭാര്യയെക്കൊണ്ട് നഗ്നപൂജ ചെയ്യിപ്പിച്ചാല്‍ മതിയെന്ന് പ്രകാശന്‍ ഷെമീറിനെ ധരിപ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ഷെമീര്‍ യുവതിയെ നിര്‍ബന്ധിക്കാന്‍ തുടങ്ങിയത്.

താമരശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ എ.സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇരുവരെയും താമരശ്ശേരി ജെ.എഫ്.സി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

Content Highlight: NAKEDPOOJA IN THAMARASSERY KOZHIKODE; THE ACCUSED ARE IN CUSTODY