ജിദ്ദ: കിഴക്കന്‍ നഗരങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഹൂതി മിസൈല്‍ സൗദി അറേബ്യ തകര്‍ത്തു. മിസൈല്‍ ശകലങ്ങള്‍ പതിച്ച് ഇന്ത്യന്‍ പ്രവാസിക്ക് പരിക്കേറ്റതായി സൗദി സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങള്‍ അറിയിച്ചു. ഹൂതി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ആകാശത്ത് വച്ച് തന്നെ സൗദി നിര്‍വ്വീര്യമാക്കിയെങ്കിലും തകര്‍ന്ന മിസൈല്‍ ശകലങ്ങള്‍ പതിച്ചാണ് പ്രവാസിക്ക് പരിക്കേറ്റത്. ഇന്ത്യക്കാരനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
മൂന്ന് വര്‍ഷമായി തുടരുന്ന സൗദി ഹൂതി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് മിസൈല്‍ ആക്രമണം. കഴിഞ്ഞ ദിവസം തലസ്ഥാനമായ റിയാദിലും മിസൈല്‍ ശകലങ്ങള്‍ വീണ് വലിയ അപകടമുണ്ടാവുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.
മന്‍സൂര്‍ ഹാദിയെ പിന്തുണച്ച് കൊണ്ട് 2015 മുതല്‍ സൗദി അറേബ്യ യെമനില്‍ ആക്രമണം നടത്തുന്നുണ്ട്. അനുയായികളായ ഗള്‍ഫ് രാഷ്ട്രങ്ങളുടെ പിന്തുണയോടെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയിട്ടും മന്‍സൂര്‍ ഹാദി സര്‍ക്കാരിനെ പുനസ്ഥാപിക്കാന്‍ സൗദിക്കായിട്ടില്ല. സനായും വടക്കന്‍ യമനുമടക്കം ഇപ്പോഴും ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്.
യുദ്ധത്തില്‍ 10,000ത്തോളം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. കോളറയടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന രാജ്യത്തെ 8.4 മില്ല്യണ്‍ ജനങ്ങള്‍ പട്ടിണി നേരിടേണ്ടി വരുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിരുന്നു.