ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടി-20യില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഗ്വാളിയോറില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സിന്റെ വിജയലക്ഷ്യം 49 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.
പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് (ബുധന്‍) അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. എന്നാല്‍ മത്സരത്തിന് മുന്നോടിയായി ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മയങ്ക് യാദവിനെക്കുറിച്ച് സംസാരിക്കുകയാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ. മായങ്കിന്റെ കാര്യത്തില്‍ തങ്ങള്‍ക്ക് ആശങ്കയില്ലെന്നും മികച്ച ബൗളര്‍മാര്‍ ടീമിന് ഉണ്ടെന്നും താരം പറഞ്ഞു.
‘ഞങ്ങള്‍ക്ക് നെറ്റ്‌സില്‍ സമാനമായ പേസ് ബൗളര്‍മാരുണ്ട്. മായങ്ക് യാദവിനെ നേരിടുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയില്ല. അദ്ദേഹം മികച്ച ബൗളറാണ്. ഞങ്ങള്‍ക്ക് ടീമില്‍ മതിയായ പ്രതിഭകളുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ഞങ്ങള്‍ ഒരേ രീതിയില്‍ ബാറ്റ് ചെയ്യുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് മെച്ചപ്പെടുത്താനുള്ള ഇടമുണ്ട്, ഞങ്ങള്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്,’ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ പറഞ്ഞു.
കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി നാല് ഓവര്‍ എറിഞ്ഞ മായങ്ക് ഒരു മെയ്ഡന്‍ അടക്കം 21 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയിരുന്നു. 5.25 എന്ന എക്കോണമിയിലാണ് താരം പന്ത് എറിഞ്ഞത്. ഇന്ന് നടക്കുന്ന മത്സരത്തിലും താരം മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: Najmul Hossain Shanto Talking About Mayank Yadav