പാകിസ്ഥാനെതിരെ റാവല്‍പിണ്ടിയില്‍ നടന്ന രണ്ട് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു. ആദ്യമായാണ് ബംഗ്ലാദേശ് പാകിസ്ഥാനെ തകര്‍ത്ത് ചരിത്ര വിജയം സ്വന്തമാക്കുന്നത്. രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ചരിത്ര വിജയം. ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിന്റെ മിന്നും വിജയവും ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു.
ഇനി ബംഗ്ലാദേശിന്റെ മുന്നിലുള്ളത് ഇന്ത്യയ്‌ക്കെതിരായ പര്യടനമാണ്. പരമ്പരയ്ക്ക് മുന്നോടിയായി ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ സംസാരിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരായ പരമ്പര വിജയിക്കുന്നത് എളുപ്പമല്ലെന്നാണ് താരം പറഞ്ഞത്.
‘പാകിസ്ഥാനെതിരായ മികച്ച പ്രകടനത്തിന് ശേഷം ഞങ്ങളുടെ കളിക്കാര്‍ വലിയ ആത്മവിശ്വാസത്തിലാണ്. എന്നാല്‍ ഇന്ത്യയ്‌ക്കെതിരായ പരമ്പര ആര്‍ക്കും അത്ര എളുപ്പമാകില്ല, അവരെ നേരിടാന്‍ ഞങ്ങള്‍ക്ക് ഒരു പുതിയ പദ്ധതി ആവശ്യമാണ്. പരമ്പരയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ഞങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയും,’ ഷാന്റോ പറഞ്ഞു.
ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് ഉള്ളത്. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.
പകിസ്ഥാനെതിരെയുള്ള വിജയത്തോടെ 2025 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റാങ്കിങ്ങില്‍ വമ്പന്‍ കുതിപ്പ് നടത്തിയിരിക്കുകയാണ് കടുവകള്‍. ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനത്ത് എത്താനാണ് ടീമിന് സാധിച്ചത്.
2024 സെപ്റ്റംബര്‍ മൂന്നിലെ അപ്ഡേറ്റ് പ്രകാരം ആറ് മത്സരങ്ങളില്‍ നിന്ന് 33 പോയിന്റും 45.83 എന്ന പോയിന്റ് ശതമാനവുമാണ് ടീമിനുള്ളത്. ഒന്നാമതുള്ളത് ഇന്ത്യയും രണ്ടാം സ്ഥാനത്ത് ഓസ്ട്രേലിയയും മൂന്നാം സ്ഥാനത്ത് ന്യൂസിലാന്‍ഡും അഞ്ചാം സ്ഥാനത്ത് ഇംഗ്ലണ്ടുമാണുള്ളത്.
Content Highlight: Najmul Hossain Shanto Talking About Indian Series