ശ്രീലങ്ക-ബംഗ്ലാദേശ് മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് ആറ് വിക്കറ്റിന്റെ മിന്നും ജയം സ്വന്തമാക്കിയിരുന്നു.
മത്സരത്തില്‍ നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ സെഞ്ച്വറി കരുത്തിലാണ് ബംഗ്ലാദേശ് ജയം സ്വന്തമാക്കിയത്. 129 പന്തില്‍ 122 റണ്‍സ് നേടി കൊണ്ടായിരുന്നു നജ്മുലിന്റെ നിര്‍ണായക ഇന്നിങ്‌സ്. 13 ഫോറുകളും രണ്ട് സിക്‌സുമാണ് ബംഗ്ലാദേശ് നായകന്‍ അടിച്ചെടുത്തത്.
ഈ അവിസ്മരണീയമായ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് നജ്മുല്‍ ഹുസൈനെ തേടിയെത്തിയത്. ഏകദിന ക്രിക്കറ്റില്‍ ബംഗ്ലാദേശിനായി ക്യാപ്റ്റന്‍ എന്ന നിലയില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണിത്.
അതേസമയം ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ലങ്ക 48.5 ഓവറില്‍ 255 റണ്‍സിന് പുറത്താവുകയായിരുന്നു. ബംഗ്ലാദേശ് ബൗളിങ്ങില്‍ ഷോരിഫുള്‍ ഇസ്ലാം, ടാസ്‌കിന്‍ അഹമ്മദ്, തന്‍സീം ഹസന്‍ സക്കീബ് എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ നേടി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.
ജനിത് ലിയാങ്കെ 69 പന്തില്‍ 67 റണ്‍സും നായകന്‍ 75 പന്തില്‍ 59 റണ്‍സും നേടി ശ്രീലങ്കന്‍ ഇന്നിങ്‌സില്‍ മികച്ച പ്രകടനം നടത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 44.4 ഓഫറില്‍ ആറ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. നജ്മുലിന്റെ സെഞ്ച്വറിക്ക് പുറമെ മുഷ്ഫിക്കര്‍ റഹീം 84 പന്തില്‍ പുറത്താവാതെ 73 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.
ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്താനും ബംഗ്ലാദേശിന് സാധിച്ചു. മാര്‍ച്ച് 15നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുക. സാഹുര്‍ അഹമ്മദ് ചൗധരി സ്റ്റേഡിയമാണ് വേദി.
Content Highlight: Najmul Hossain Shanto create a new record