| Tuesday, 2nd October 2018, 9:21 pm

നജ്മല്‍ ബാബു (ടി.എന്‍ ജോയ്) അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊടുങ്ങല്ലൂര്‍: ആദ്യകാല നക്സലേറ്റ് ആയിരുന്ന നജ്മല്‍ ബാബു (ടി.എന്‍ ജോയ്) അന്തരിച്ചു. അസുഖങ്ങള്‍ കാരണം ചികില്‍സയിലായിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. ചെറുപ്പകാലം തൊട്ടേ സി.പി.ഐ.എം.എല്ലില്‍ പ്രവര്‍ത്തിച്ചിരുന്നു.

അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കിടക്കുകയും പൊലീസിന്റെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തു. അടിയന്തരാവസ്ഥക്ക് ശേഷം എം.എല്‍ വിടുകയും സാമൂഹിക പ്രവര്‍ത്തനങ്ങളിലും ജനകീയ സമരങ്ങളിലും സജീവമാവുകയും ചെയ്തു.

അവസാനമായി പങ്കെടുത്ത സമരം കൊച്ചിയില്‍ നടന്ന കന്യാസ്ത്രീകളുടെ സമരമാണ്. സമീപകാലത്ത് ഇദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഭൗതിക ശരീരം കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളിയില്‍ സംസ്‌ക്കരിക്കരിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.


സൂര്യഗാന്ധി ബുക്സ് എന്ന പേരില്‍ പ്രസിദ്ധീകരണം നടത്തിയിരുന്നു. ഗ്രാംഷിയുടേയും മറ്റും കൃതികള്‍ ആദ്യമായി മലയാളത്തിലേയ്ക്ക് കൊണ്ടുവരുന്നത് സൂര്യഗാന്ധി ബുക്ക്സ് ആയിരുന്നു.

അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കിടന്നവരെ സ്വതന്ത്ര സമരത്തില്‍ പങ്കെടുത്തവരായി കണക്കാക്കി പെന്‍ഷന്‍ അനുവദിക്കണമെന്ന സമരം ഇദ്ദേഹം വര്‍ഷങ്ങളായി തുടര്‍ന്നുപോന്നു.

കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ സങ്കേതമായിരുന്നു ഇദ്ദേഹത്തിന്റെ വീട്. അച്ഛന്‍ നീലകണ്ഠദാസ് അധ്യാപകനും പേരുകേട്ട വൈദികനും സംസ്‌കൃത പണ്ഡിതനുമായിരുന്നു.അയിത്താചരണത്തിനും ജാതിവിവേചനത്തിനും എതിരേ ശക്തമായി പ്രതികരിക്കുന്ന പിതാവിനെ കണ്ടുകൊണ്ടാണ് നജ്മല്‍ ബാബു വളര്‍ന്നത്.

സി.പി.ഐ. നേതാവായിരുന്ന ടി.എന്‍ കുമാരന്‍, ചരിത്രകാരനായിരുന്ന തൈവാലത്ത് ബാലകൃഷ്ണന്‍, ടി.എന്‍ വിമലാദേവി, ടി.എന്‍ സുശീലാദേവി എന്നിവര്‍ സഹോദരങ്ങളാണ്.

We use cookies to give you the best possible experience. Learn more