മലപ്പുറം: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കെതിരായ സി.പി.ഐ.എമ്മിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് മുന്‍ എം.എസ്.എഫ്- ഹരിത നേതാവ് നജ്മ തബ്ഷീറ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ഭാരത് ജോഡോ യാത്രയെ പരിഹസിച്ചുകൊണ്ട് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം എന്ന പരിപാടിയിലൂടെ പ്രതികരിച്ചതിനെയും നജ്മ തബ്ഷീറ തന്റെ പോസ്റ്റിലൂടെ വിമര്‍ശിക്കുന്നുണ്ട്.
കാവിക്കളസം കത്തിത്തീരുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയെന്നൊക്കെ പറഞ്ഞ് ആര്‍.എസ്.എസ്സിനെ കൃത്യമായി കടന്നാക്രമിച്ച് പോകുന്ന ഭാരത് ജോഡോ യാത്രയെ, രാഹുല്‍ ഗാന്ധിയുടെ കുപ്പായത്തിലേക്കും, കണ്ടെയ്‌നറിലേക്കും ഒതുക്കാനുള്ള ബി.ജെ.പിയുടെ വ്യഗ്രത സ്വാഭാവികമാണെന്നും എന്നാല്‍ വടിവൊത്ത ഭാഷയില്‍ സ്വരാജും സി.പി.ഐ.എമ്മും അത് ഏറ്റുപാടുന്നതിന്റെ അര്‍ത്ഥമെന്താണെന്നുമാണ് നജ്മ തബ്ഷീറ ചോദിക്കുന്നത്.
യൂണിറ്റിയെ തകര്‍ക്കാന്‍ കച്ച കെട്ടിയ ഭരണകൂടം ഇന്ത്യയെ തകര്‍ക്കുമെന്ന കാലത്താണ് വ്യത്യസ്തമായ ദേശങ്ങളിലൂടെ, മനുഷ്യര്‍ക്കിടയിലൂടെ. ‘ഭാരത് ജോഡോ’ യാത്രയുമായി രാഹുല്‍ ഗാന്ധി ഇറങ്ങിയിട്ടുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയില്ലാത്ത സംസ്ഥാനങ്ങള്‍ തെരഞ്ഞുപിടിച്ച് റൂട്ടുണ്ടാക്കിയാണ് രാഹുല്‍ ഗാന്ധിയുടെ യാത്രയെന്നും ഈ കണ്ടെയ്നര്‍ ജാഥ ആര്‍ക്കെതിരെയാണെന്നുമായിരുന്നു എം. സ്വരാജ് കഴിഞ്ഞ ദിവസം പരിഹസിച്ചത്.
‘രാജ്യത്തെ ഒരുമിപ്പിക്കുക, ബി.ജെ.പിയുടെ വര്‍ഗീയ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ പോരാടുക എന്നീ ലക്ഷ്യങ്ങള്‍ക്കായാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
പക്ഷെ ജാഥയാകെ കടന്നുപോകുന്നത് 12 സംസ്ഥാനങ്ങളിലൂടെയാണ്. അതില്‍ ഏഴും ബി.ജെ.പിക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളല്ല. ബി.ജെ.പി ഇല്ലാത്ത സംസ്ഥാനങ്ങള്‍ തെരഞ്ഞുപിടിച്ചാണ് റൂട്ട് തയ്യാറാക്കിയിട്ടുള്ളത്.
രാഹുല്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തിലൂടെയാണ്. കേരളത്തിലാകട്ടെ ബി.ജെ.പിക്ക് നിവര്‍ന്ന് നില്‍ക്കാന്‍ പോയിട്ട് നിരങ്ങിനീങ്ങാന്‍ പോലും സാധിച്ചിട്ടില്ല. ഈ കണ്ടെയ്നര്‍ ജാഥ ആര്‍ക്കെതിരെയാണ്, എന്തിനെതിരെയാണ് എന്ന കാര്യത്തില്‍ കോണ്‍ഗ്രസും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ഒരു ധാരണയില്‍ ഇനിയെങ്കിലും എത്തേണ്ടതുണ്ട്.
ഒരുവിഭാഗം മലയാളം മാധ്യമങ്ങളുടെ കണ്ടെയ്നര്‍ വാഴ്ത്തിപ്പാട്ടുകള്‍ കണ്ടിട്ട് മിക്കവാറും ഈ കണ്ടെയ്നറുകള്‍ കോണ്‍ഗ്രസിനേയും കൊണ്ടേ പോകു എന്ന് തന്നെയാണ് ഈ ഘട്ടത്തില്‍ തോന്നുന്നത്,’ എന്നായിരുന്നു എം. സ്വരാജ് പറഞ്ഞത്.
യാത്രയില്‍ ഭാഗവാക്കായ 230 പേര്‍ക്ക് കിടക്കാന്‍ കണ്ടെയ്നര്‍ മുറികള്‍ ഒരുക്കിയതിനെയായിരുന്നു സ്വരാജ് പരിഹസിച്ചത്. 60 കണ്ടെയ്നറുകളിലായാണ് കിടക്കാന്‍ മുറികള്‍ ഒരുക്കിയത്. ഒരു കിടക്ക മുതല്‍ 12 കിടക്കകള്‍ വരെയാണ് കണ്ടെയ്നറുകളില്‍ ഒരുക്കിയിട്ടുള്ളത്.
അതേസമയം, ഭാരത് ജോഡോ യാത്രയെച്ചൊല്ലി ഇടതുപക്ഷ പ്രൊഫൈലുകള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്ലിയയും ആരോപിച്ചിരുന്നു.
ഭാരത് ജോഡോ യാത്രക്ക് ലീഗിന്റെ പച്ചക്കൊടി കെട്ടാന്‍ അനുവദിക്കുന്നില്ലെന്നാണ് പ്രചരിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് ദേശീയ തലത്തില്‍ നടത്തുന്ന ഒരു യാത്രയില്‍ തീര്‍ത്തും മറ്റൊരു പാര്‍ട്ടിയായ ലീഗിന്റെ കൊടി കെട്ടേണ്ടതിന്റെ ആവശ്യമെന്താണെന്നും തഹ്ലിയ ചോദിച്ചു.
നജ്മ തബ്ഷീറയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
കോണ്‍ഗ്രസിന്റെ രൂപീകരണ ശേഷം ആദ്യ സമ്മേളനം റിപ്പോര്‍ട്ട് ചെയ്ത ഒരു മാധ്യമപ്രവര്‍ത്തകന്‍ പിറ്റേ ദിവസം എഴുതിയത് ‘ഒരു ഫാന്‍സി ഡ്രസ്സ് മല്‍സരം’ കാണാന്‍ പോയതു പോലുണ്ടായിരുന്നു എന്നാണ്.
രൂപം കൊണ്ടും വേഷ, ഭാഷകള്‍ കൊണ്ടും വ്യത്യസ്തരായ ഈ മനുഷ്യര്‍ സാമ്രാജ്യത്വത്തിനെതിരെ പോരാടി ഒറ്റ രാഷ്ട്രമായിത്തീരുന്നത് ഒരിക്കലും നടക്കാന്‍ പോവുന്നില്ല എന്നു പറഞ്ഞ ഒരു റിപ്പോര്‍ട്ട്.
എന്നാല്‍ അന്നതു നടന്നു, വ്യത്യസ്തരായ മനുഷ്യര്‍ പിന്നെയും ഒത്തുകൂടി, ഒരേ ലക്ഷ്യത്തില്‍ പ്രവര്‍ത്തിച്ചു, ഒരു ഭരണഘടനക്കു കീഴില്‍ ഒരൊറ്റ രാഷ്ട്രമായി.
ഇന്ന് അതേ യൂണിറ്റിയെ തകര്‍ക്കാന്‍ കച്ച കെട്ടിയ ഭരണകൂടം ഇന്ത്യയെ തകര്‍ക്കുമെന്ന കാലത്താണ് ‘ഭാരത് ജോഡോ’ യാത്രയുമായി രാഹുല്‍ ഗാന്ധി ഇറങ്ങിയിട്ടുള്ളത്. വ്യത്യസ്തമായ ദേശങ്ങളിലൂടെ, മനുഷ്യര്‍ക്കിടയിലൂടെ.
കാവിക്കളസം കത്തിത്തീരുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയെന്നൊക്കെ പറഞ്ഞ് ആര്‍.എസ്.എസ്സിനെ കൃത്യമായി കടന്നാക്രമിച്ച് പോകുന്ന യാത്രയെ, രാഹുല്‍ ഗാന്ധിയുടെ കുപ്പായത്തിലേക്കും, കണ്ടെയ്‌നറിലേക്കും ഒതുക്കാനുള്ള ബി.ജെ.പിയുടെ വ്യഗ്രത സ്വാഭാവികം. പക്ഷെ വടിവൊത്ത ഭാഷയില്‍ സ്വരാജും സി.പി.ഐ.എമ്മും അത് ഏറ്റുപാടുന്നതിന്റെ അര്‍ത്ഥമെന്താണ്? യഥാര്‍ത്ഥത്തില്‍ ഇവരുടെ ശത്രുവാരാണ്!?
രാഹുല്‍ ഗാന്ധിയുടെ യാത്രകള്‍ മനുഷ്യരെ തൊടുന്നുണ്ട്. അതുകൊണ്ട് വിമര്‍ശനം തുടരട്ടെ, നിങ്ങളുടെയൊക്കെ യഥാര്‍ത്ഥ രാഷ്ട്രീയം കൂടുതല്‍ വെളിപ്പെട്ടു വരട്ടെ!
Content Highlight: Najma Thabsheera Facebook post criticizing CPIM and M Swaraj for mocking at Bharat Jodo Yatra by Rahul Gandhi