പി.കെ. നവാസിനെതിരായ ലൈംഗികാധിക്ഷേപ പരാതി ഒത്തുതീര്‍പ്പാക്കിയെന്ന് നജ്മ തബ്ഷീറയുടെ സത്യവാങ്മൂലം
Kerala
പി.കെ. നവാസിനെതിരായ ലൈംഗികാധിക്ഷേപ പരാതി ഒത്തുതീര്‍പ്പാക്കിയെന്ന് നജ്മ തബ്ഷീറയുടെ സത്യവാങ്മൂലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th May 2024, 3:36 pm

 

കൊച്ചി: എം.എസ്.എഫ് നേതാവ് പി.കെ നവാസിനെതിരെയുള്ള ലൈംഗികാധിക്ഷേപ പരാതി ഒത്തുതീർപ്പാക്കിയെന്ന് ഹരിത നേതാവ് നജ്മ തബ്ഷീറയുടെ സത്യവാങ്മൂലം . മുസ്‌ലിം ലീഗിന്റെ മുതിർന്ന നേതാക്കളുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് പരാതി ഒത്തുതീർപ്പാക്കിയത്.

പരാതി ഒത്തുതീർപ്പാക്കിയെന്ന സത്യവാങ്മൂലം പി.കെ നവാസ് കോടതിയിൽ സമർപ്പിക്കുകയാരുന്നു. നജ്മയുടെ സത്യവാങ്മൂലം ലഭിച്ചതിന് പിന്നാലെ പി.കെ നവാസിനെതിരെയുള്ള കേസിന്റെ തുടർനടപടികൾ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ജസ്റ്റിസ് ജി. ഗിരീഷ് ആണ് വിധി പറഞ്ഞത്.

കേസിൽ സർക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ നജ്മ തബ്ഷീറയെ യൂത്ത്‌ലീഗ് ദേശീയ സെക്രട്ടറിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പരാതി ഒത്തുതീർപ്പായത്.

എം.എസ്.എഫ് ന്റെ യോഗത്തിൽ വെച്ചായിരുന്നു പി.കെ നവാസ് ഹരിത നേതാക്കൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. തുടർന്ന് ഹരിത അംഗങ്ങൾ വനിതാ കമ്മീഷന് പരാതി നൽകി. ഇതിനുപിന്നാലെയാണ് വെള്ളയിൽ പൊലീസ് സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തത് .

നടപടികൾ പൂർത്തിയാക്കി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്-ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
കേസ് വിചാരണ നടപടികളിലേക്ക് കടക്കാനിരിക്കെയാണ് നജ്മയുമായി ഒത്തുതീർപ്പ് നടക്കുന്നത്.
കേസ് റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ട് പി.കെ നവാസ് ഹൈകോടതിയിൽ നൽകിയ ഹരജിയോടൊപ്പമാണ് പരാതിയില്ലെന്ന് പറഞ്ഞുകൊണ്ടുള്ള നജ്മയുടെ സത്യവാങ്മൂലം സമർപ്പിച്ചത്.

കേസ് ഒത്തുതീർപ്പാക്കുമെന്നും പാർട്ടിയുടെ ഉന്നമനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. തുടർന്ന് കോടതി പി.കെ നവാസിന്റെ കേസിലെ തുടർനടപടികൾ രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.

നജ്മക്കൊപ്പം പുറത്താക്കപ്പെട്ട ഫാത്തിമ തെഹ്‌ലിയയെയും മുഫീദ തെസ്‌നിയെയും എം.എസ്.എഫ് അഖിലേന്ത്യാ കമ്മിറ്റികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Content Highlight: Najma Tabsheera withdrawn case against P.K Navas