കോഴിക്കോട്: പോക്സോ കേസില്‍ മുന്‍ കൗണ്‍സിലറും അധ്യാപകനുമായ കെ.വി.ശശികുമാറിന് ജാമ്യം ലഭിച്ചതില്‍ പ്രതികരണവുമായി മുന്‍ എം.എസ്.എഫ് നേതാവ് നജ്മ തബ്ഷീറ.
കെ.വി. ശശികുമാര്‍ എന്ന അധ്യാപകന്റെ ചെയ്തികള്‍ കേവലമൊരു ‘പീഡനം’ എന്ന വാക്കില്‍ ഒതുക്കാവുന്നതല്ലെന്ന് പറഞ്ഞ നജ്മ സര്‍ക്കാര്‍ ആരെയാണ് സംരക്ഷിക്കുന്നതെന്നും ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നജ്മ തബ്ഷീറയുടെ പ്രതികരണം.
‘കന്യാസ്ത്രീകളുടെ പരാതിയിന്മേല്‍ ബിഷപ്പ് ഫ്രാങ്കോക്കെതിരെ ചുമത്തിയ കേസില്‍ നിന്നും അയാള്‍ സുഖമായി ഊരിപ്പോന്നത് പ്രോസിക്യൂഷന്റെ ‘മിടുക്ക്’ കൊണ്ടാണെന്ന് കണ്ടവരാണ് നമ്മള്‍. സര്‍ക്കാര്‍ ഭാഗം വിചാരിച്ചാല്‍ എന്തും നടക്കുമെന്നു സാരം! കെ.വി. ശിശികുമാര്‍ എന്ന അധ്യാപകന്റെ ചെയ്തികള്‍ കേവലമൊരു ‘പീഡനം’ എന്ന വാക്കില്‍ ഒതുക്കാവുന്നതല്ല.
30 വര്‍ഷം നിരന്തരമായി അയാള്‍ ചെയ്തുകൊണ്ടിരുന്ന ലൈംഗിക വൈകൃതങ്ങള്‍ ഒരുപാട് തലമുറകളെ ശാരീരികമായും മാനസികമായും വിദ്യാഭ്യാസപരമായും ബാധിച്ചിട്ടുണ്ട്.
മറ്റൊരു പൂര്‍വ വിദ്യാര്‍ത്ഥി എഴുതിയ കുറിപ്പിനെ ഇന്ന് പേടിയോടെയാണ് വായിച്ചുതീര്‍ത്തത്.
എന്നിട്ടും ഇന്നയാള്‍ കോടതിയില്‍ നിന്നു പോക്‌സോ കേസില്‍ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയിരിക്കുന്നു.
സര്‍ക്കാര്‍ ആരെയാണ് സംരക്ഷിക്കുന്നത്?
ഈ സര്‍ക്കാര്‍ ഇവിടെ ആര്‍ക്കൊപ്പമാണ് നിലയുറപ്പിക്കുന്നത്?,’ നജ്മ തബ്ഷീറ ഫേസ്ബുക്കില്‍ എഴുതി.
അതേസമയം, രണ്ട് കേസുകളിലാണ് മഞ്ചേരി പോക്സോ കോടതി കെ.വി. ശശികുമാറിന് ഇന്ന് ജാമ്യം അനുവദിച്ചിരുന്നത്. അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്ന രണ്ട് പൂര്‍വ വിദ്യാര്‍ത്ഥിനികളുടെ പരാതിയിലായിരുന്നു കേസ്.
സമൂഹമാധ്യമത്തിലൂടെയാണ് അധ്യാപകനായിരുന്ന ശശികുമാറിനെതിരെ പെണ്‍കുട്ടികള്‍ മീടു ആരോപണം ഉന്നയിച്ചത്. അധ്യാപനത്തില്‍ നിന്ന് വിരമിക്കുന്ന വേളയില്‍ ശശികുമാര്‍ ഫേസ്ബുക്കില്‍ അനുഭവക്കുറിപ്പ് പങ്കുവച്ചതിന് താഴെ കമന്റായാണ് പെണ്‍കുട്ടികള്‍ മീടു ആരോപണം ഉന്നയിച്ചിരുന്നത്.
സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ ശശികുമാറിനെതിരെ പരാതിയുമായി മുന്നോട്ടുവന്നെന്ന് പൂര്‍വ വിദ്യാര്‍ഥിനി സംഘടനാ പ്രതിനിധികളും പറഞ്ഞിരുന്നു. അധ്യാപകനായിരുന്ന 30 വര്‍ഷത്തിനിടെ ശശികുമാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം.
CONTENT HIGHLIGHTS: Najma Tabsheera reacts to bail granted to former councilor and teacher KV Sasikumar in Pocso case