| Thursday, 30th January 2020, 11:27 pm

'പൊലീസ് നോക്കുകുത്തിയായത് ദൗര്‍ഭാഗ്യകരം'; ജാമിഅ വെടിവെപ്പില്‍ പ്രതികരണവുമായി നജ്മ അക്തര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി ജാമിഅ മിലിയയിലെ വെടിവെപ്പില്‍ പ്രതികരണവുമായി വൈസ്ചാന്‍സിലര്‍ നജ്മ അക്തര്‍. സംഭവം നടക്കുമ്പോള്‍ ഒരു സംഘം പൊലീസുകാര്‍ അവിടെയുണ്ടായിട്ടും സംഭവം നിരീക്ഷിക്കുക മാത്രം ചെയ്തത് ദൗര്‍ഭാഗ്യകരമെന്ന് നജ്മ അക്തര്‍ പ്രതികരിച്ചു.

‘ഈ സമയം മുഴുവന്‍ ഒരു സംഘം പൊലീസുകാര്‍ അവിടെയുണ്ടായിട്ടും സംഭവം നിരീക്ഷിക്കുക മാത്രമാണ് ചെയ്തത്. ഇത് വളരെ ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ എന്റെ വിദ്യാര്‍ത്ഥികള്‍ സാഹചര്യം വളരെ സമാധാനപരമായി കൈകാര്യം ചെയ്തതില്‍ എനിക്ക് അഭിമാനമുണ്ട്.’ നജ്മ അക്തര്‍ എ.എന്‍.ഐയോട് പ്രതികരിച്ചു.

ജാമിഅ കോ.ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജാമിഅ മുതല്‍ രാജ്ഘട്ട് വരെ പൗരത്വ നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും സംഘടിപ്പിച്ച മാര്‍ച്ചിനു നേരെയായിരുന്നു വെടിവെപ്പുണ്ടായത്. മാര്‍ച്ചില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിക്കു വെടിവെപ്പില്‍ പരിക്കേറ്റിരുന്നു .ഷാദത്ത് ആലത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്.

പൊലീസ് മാര്‍ച്ച് തടയുന്നതിനിടെ അപ്രതീക്ഷിതമായി ഒരാള്‍ മാര്‍ച്ചിനു നേരെ വെടിവെപ്പ് നടത്തുകയായിരുന്നു. ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് അക്രമി വെടിവെച്ചത്. അക്രമി പൊലീസ് പിടിയിലായി. രാംപഥ് ഗോപാല്‍ എന്നയാളാണ് വെടിവെപ്പ് നടത്തിയത്.

പ്രതിഷേധകര്‍ക്ക് നേരെ വെടിവയ്ക്കാനെത്തിയ ഇയാള്‍ തൊട്ടുമുമ്പ് ‘എന്റെ അവസാനയാത്രയില്‍, എന്നെ കാവി വസ്ത്രം പുതയ്ക്കുക, ജയ് ശ്രീ റാം മുഴക്കുക’ എന്ന് പോസ്റ്റ് ചെയ്ത് കൊണ്ടാണ് എത്തിയത്.

‘ഷഹീന്‍ ബാഘ് ഗെയിം അവസാനിക്കുന്നു’ എന്നും മറ്റൊരു പോസ്റ്റും ഇയാള്‍ ഇട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ജെവാര്‍ സ്വദേശിയാണ് 19 കാരനായ രാം ഗോപാല്‍. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more