| Friday, 9th June 2023, 4:54 pm

എക്സൈസുകാർക്ക് വേണമെങ്കിൽ എന്നെ കുടുക്കാമായിരുന്നു, പക്ഷെ അവർ അങ്ങനെ ചെയ്തില്ല: നജീം കോയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എക്‌സൈസ് ഉദ്യോഗസ്ഥർക്ക് വേണമെങ്കിൽ തന്നെ കുറ്റക്കാരൻ ആക്കാമായിരുന്നെന്നും, എന്നാൽ അവർ അങ്ങനെ ചെയ്തില്ലെന്നും സംവിധായകൻ നജീം കോയ. താൻ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നുമാണ് ലഹരിവസ്തുക്കൾ തന്റെ കയ്യിൽ ഉണ്ടെന്നുള്ള തെറ്റായ വിവരം ഉദോഗസ്ഥർക്ക് ലഭിച്ചിരിക്കുന്നതെന്ന് നജീം കോയ പറഞ്ഞു. ഈയിടെ താൻ താമസിച്ച ഹോട്ടൽ റൂമിൽ നടത്തിയ എൻഫോഴ്‌സ്‌മെന്റ്

പരിശോധനയെപ്പറ്റി മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നുകയായിരുന്നു അദ്ദേഹം.

‘ഞാൻ താമസിക്കുന്ന റൂമിന്റെ മുകളിലാണ് എന്റെ ഡി.ഒ.പി താമസിക്കുന്നത്. അതിന്റെ തൊട്ടപ്പുറത്താണ് എന്റെ സഹോദരനും തിരക്കഥാകൃത്തും താമസിക്കുന്നത്. അതിനോട് ചേർന്നുള്ള റൂമിലാണ് എന്റെ അസോസിയേറ്റും താമസിക്കുന്നത്. ഇവരുടെ അടുത്താണ് ഉദോഗസ്ഥർ ആദ്യം ചെല്ലുന്നത്. അവരോട് വാതിൽ പൂട്ടി താക്കോലുമായിട്ട് ഒപ്പം ചെല്ലാൻ പറഞ്ഞു. ഇവർ കാര്യം തിരക്കിയപ്പോൾ പിന്നെ പറയാമെന്നാണ് പറഞ്ഞത്.

എന്റെ റൈറ്ററോടും അസ്സോസിയേറ്റിനോടും ഡയറക്ടറുടെ റൂമിലേക്ക് വരാൻ പറഞ്ഞു. അവരെ എന്റെ റൂമിലേക്ക് കൊണ്ടുവന്നു. അവിടെയെന്താണ് സംഭവിക്കുന്നതെന്ന് അവർക്ക് അറിയില്ല. അവർ വരുമ്പോൾ എന്റെ റൂമിന്റെ മുന്നിൽ ആളുകൾ ഉണ്ട്. അവരെയും എന്റെ റൂമിന്റെ അകത്തേക്ക് കയറ്റി നിർത്തി. അപ്പോൾ എന്റെ റൂമിൽ സേർച്ച് നടക്കുകയാണ്. അതായത്, എന്റെ റൂമിൽ നിന്നും എന്തെങ്കിലും കിട്ടുമെന്ന് അവർ ഉറപ്പിച്ച പോലെയാണ്. ഇവരെ എന്റെ റൂമിലേക്ക് കൊണ്ടുവന്നത് ഒരു സാക്ഷി എന്ന നിലയിലാണ്. എന്റെ കയ്യിൽ നിന്നും എന്തെങ്കിലും കിട്ടിയാൽ ഇവരാകും സാക്ഷിയാകുന്നത്. ഹോട്ടലിന്റെ മാനേജറെയും റിസപ്‌ഷനിസ്റ്റിനേയുമൊക്കെ കൊണ്ടുവന്നു,’ നജീം കോയ പറഞ്ഞു.

ഹോട്ടലിൽ നിന്നും ആരോ വിളിച്ചു പറഞ്ഞതാണെന്നാണ് തനിക്ക് കിട്ടിയ വിവരമെന്ന് നജീം പറഞ്ഞു. തന്റെ കയ്യിൽ ലഹരി പദാർത്ഥങ്ങൾ ഉണ്ടെന്ന് കിട്ടിയ വിവരം തെറ്റായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞെന്നും നജീം പറഞ്ഞു.

‘എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ അവരോട് ചോദിച്ചു. ആരാണ് വിളിച്ചു പറഞ്ഞതെന്ന് പറയാൻ ഇവർ തയാറായില്ല. ആ ഹോട്ടലിൽ നിന്ന് തന്നെയാണ് ഈ വിവരം പോയിരിക്കുന്നതെന്നാണ്. അതിൽ എത്രമാത്രം സത്യമുണ്ടെന്ന് എനിക്കറിയില്ല. ഹോട്ടലിലെ റൂമുകളിൽനിന്നോ അവിടുത്തെ മറ്റ് ഫോണുകളിൽനിന്നോ അല്ല കോൾ പോയിരിക്കുന്നത്. അവിടെ താമസിച്ച ആരുടെയോ ഫോണിൽ നിന്നാണ് അത് പോയിരിക്കുന്നത്.

കുറച്ച് പേർ ബാത്റൂമിൽ കയറി വാതിലൊക്കെ അടച്ചു. ഞാൻ വാതിൽ തുറക്കാൻ നോക്കിയപ്പോൾ ഞങ്ങൾ ഇവിടെ ഉണ്ടെന്ന് അവർ പറഞ്ഞു. ഇവർ എന്തിനാകും ബാത്റൂമിൽ കയറിയത്?

തിരിച്ചു ഞാൻ ചെന്നപ്പോൾ എന്റെ ബെഡ്‌റൂം ഇവർ അരിച്ചുപെറുക്കുകയാണ്. എന്റെ ഭയം ഇവർ എന്തെങ്കിലും ഡെപോസിറ്റ് ചെയ്തിരുന്നെങ്കിലോ എന്നാണ്. ലാലേട്ടന്റെ പടത്തിൽ കണ്ടിട്ടുണ്ട് ഉദ്യോഗസ്ഥർ തന്നെ അത് പൊക്കുന്നത്. പക്ഷെ എനിക്ക് തോന്നുന്നത് അവർക്ക് അങ്ങനെ ഒരു അജണ്ട ഇല്ലായിരുന്നെന്ന്. എന്നെ കുരുക്കാൻ എക്‌സൈസ് ഒരിക്കലും ശ്രമിച്ചിട്ടില്ല. അവർക്ക് വേണമെങ്കിൽ നേരത്തെ അങ്ങനെ ചെയ്യാമായിരുന്നു. അവർ എന്നോട് പറഞ്ഞു എന്റെ കയ്യിൽ ലഹരി വസ്തുക്കൾ ഉണ്ടെന്ന് പറഞ്ഞ ആളുകളുടെ മിസ്റ്റേക്ക് ആയിരിക്കുമെന്ന്. എന്റെ കയ്യിൽ ഒരു വായു ഗുളിക പോലും ഉണ്ടായിരുന്നില്ല ,’ നജിം കോയ പറഞ്ഞു.

Content Highlights: Najim Koya on excise department

We use cookies to give you the best possible experience. Learn more