| Wednesday, 31st August 2022, 10:13 am

ഹര്‍ദിക്കിന് ശേഷം അടുത്ത സൂപ്പര്‍ഹീറോ; ഇത്തവണ അഫ്ഗാനില്‍ നിന്നു; ത്രില്ലടിപ്പിച്ച് ഏഷ്യാ കപ്പ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് ശേഷം ഏഷ്യാ കപ്പ് മത്സരമാണ് അഫ്ഗാനിസ്ഥാന്‍- ബംഗ്ലാദേശ് മത്സരം. ഇന്ത്യ-പാകിസ്ഥാന്‍ മത്സരം പോലെ കൊടുമുടി ആവേശമാണ് ഈ മത്സരം ക്രിക്കറ്റ് പ്രേമികള്‍ക്ക് നല്‍കിയത്.

പൊതുവെ വന്‍ സ്‌കോറുകള്‍ക്ക് പേരുകേട്ട സ്‌റ്റേഡിയമായ ഷാര്‍ജാ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്. എന്നാല്‍ പിച്ചിലെ ചില വരണ്ട ഭാഗങ്ങളില്‍ ബോള്‍ കുത്തി തിരിച്ചുകൊണ്ട് അഫ്ഗാന്‍ ബോളര്‍മാരായ മുജീബ് റഹ്മാനും റാഷിദ് ഖാനും ബംഗ്ലാ കടുവകളെ പിടിച്ചുകെട്ടുകയായിരുന്നു. 20 ഓവറില്‍ 127 റണ്‍സില്‍ അവരെ ഒതുക്കാന്‍ അഫ്ഗാന്‍ സാധിച്ചു. മുജീബും റാഷിദും മൂന്ന് വീതം വിക്കറ്റ് സ്വന്തമാക്കിയിരുന്നു.

മറുപടി 128 റണ്‍സ് ചെയ്‌സ് ചെയ്യാന്‍ ഇറങ്ങിയ അഫ്ഗാന്‍ പതിഞ്ഞ താളത്തിലായിരുന്നു കളിച്ചത്. എന്നാല്‍ 13 ഓവര്‍ പിന്നിട്ടപ്പോള്‍ മത്സരം കടുത്തു. 13ാം ഓവറിന്റെ അവസാന പന്തില്‍ നായകന്‍ മുഹമ്മദ് നബിയുടെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ 62 റണ്‍സ് മാത്രമായിരുന്നു അഫ്ഗാനിസ്ഥാന്റെ സ്‌കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്.

ജയിക്കാന്‍ ഏഴ് ഓവറില്‍ 66 റണ്‍സ് വേണ്ടിയിരുന്നപ്പോഴായിരുന്നു നജീബുള്ള സദ്‌റാന്‍ ക്രീസിലെത്തുന്നത്. പിന്നെ കണ്ടത് സംഹാര താണ്ഡവമായിരുന്നു. അടുത്ത ഓവറില്‍ വെറും മൂന്ന് റണ്‍സായിരുന്നു അഫ്ഗാന്‍ നേടിയത്. ബാക്കി ആറ് ഓവറില്‍ ജയിക്കാന്‍ 63 റണ്‍സ് വേണമായിരുന്നു. ബംഗ്ലാദേശ് മത്സരം കയ്യിലാക്കി എന്ന് തോന്നിപ്പിച്ച് നിമിഷങ്ങളായിരുന്നു. എന്നാല്‍ പതിനാറാം ഓവറില്‍ നജീബുള്ള ഒരു സിക്‌സര്‍ നേടുന്നു. വരാന്‍ പോകുന്ന വെടിക്കെട്ടിന്റെ ഒരു സൂചനയായിരുന്നു അത്.

പിന്നീടുള്ള ഓവറുകളില്‍ ബംഗ്ലാ ബോളര്‍മാര്‍ക്ക് നിലത്ത് നില്‍ക്കാന്‍ സാധിച്ചില്ലായിരുന്നു. 17ാം ഓവറെറിയാനെത്തിയ മുസ്തഫിസുറിനെതിരെ രണ്ട് സിക്‌സറാണ് സദ്‌റാന്‍ നേടിയത്. എന്നാല്‍ മത്സരം വിജയിക്കാന്‍ അതു പോരായിരുന്നു. പിന്നീട് എറിയാന്‍ വന്ന എല്ലാ ബൗളര്‍മാരെയും സദ്‌റാന്‍ ‘എയറില്‍’ കയറ്റുകയായിരുന്നു.

ഒടുവില്‍ 19ാം ഓവറിലെ മൂന്നാം പന്തില്‍മത്സരം ഫിനിഷ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ സ്‌കോര്‍ 17 പന്തില്‍ 43 റണ്‍സായിരുന്നു. ആറ് സിക്‌സും ഒരു ഫോറുമാണ് അദ്ദേഹത്തിന്റെ ആ മാരക ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. 43 റണ്‍സില്‍ 40 റണ്‍സും അദ്ദേഹം സ്വന്തമാക്കിയത് ബൗണ്ടറിയിലൂടെയായിരുന്നു.

മികച്ച പിന്തുണയായിരുന്നു മൂന്നാമതായിറങ്ങിയ ഇബ്രഹിം സദ്‌റാന്‍ നജീബുള്ളക്ക് നല്‍കിയത്. പുറത്താകാതെ 41 പന്തില്‍ 42 റണ്‍സാണ് അദ്ദേഹം നേടിയത്.

നേരത്തെ ബംഗ്ലാദേശിനായി 48 റണ്‍സുമായി മൊസാദേക്ക് ഹുസൈന്‍ മാത്രമാണ് തിളങ്ങിയത്.

നിലവില്‍ ഏറ്റവും കൂടുതല്‍ വളരുന്ന ക്രിക്കറ്റ് ടീം അഫ്ഗാന്‍ ക്രിക്കറ്റാണ്. നിലവില്‍ ഏത് ടീമിനെയും വെല്ലുവിളിക്കാന്‍ സാധിക്കുന്ന ഒരു ലൈനപ്പ് അഫ്ഗാനിസ്ഥാനുണ്ട്. ഏഷ്യാ കപ്പിന്റെ ആവേശം കൂട്ടാന്‍ അഫ്ഗാനിസ്ഥാന്റെ മികച്ച പ്രകടനങ്ങള്‍ക്ക് സാധിക്കും.

Content Highlight:  Najeebullah Zadran Massive Performance for Afghanistan against Bangladesh

We use cookies to give you the best possible experience. Learn more