| Friday, 29th March 2024, 5:28 pm

തിരിച്ചെത്തിയപ്പോള്‍ മകന് എന്നെ മനസിലായില്ല, പക്ഷേ അതിനെക്കാള്‍ എന്നെ വേദനിപ്പിച്ചത് മറ്റൊന്നാണ്; നജീബ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആടുജീവിതം വെള്ളിത്തിരയിലെത്തിയിരിക്കുകയാണ്. ബ്ലെസി എന്ന സംവിധായകന്റെ സ്വപ്‌ന സിനിമക്ക് ആദ്യ ഷോ മുതല്‍ തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. നോവലിന്റെ തീവ്രത സ്‌ക്രീനില്‍ കാണിക്കാന്‍ ബ്ലെസിക്ക് സാധിച്ചു. പൃഥ്വിരാജ് എന്ന നടന്‍ നജീബായി ജീവിക്കുകയായിരുന്നു. ഇതിന് മുകളില്‍ മികച്ചതാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് സിനിമ കണ്ടവരുടെ പ്രതികരണം.

സിനിമ കണ്ടവരുടെ മനസില്‍ വന്നത് ഇതെല്ലാം ഒരാള്‍ ശരിക്ക് അനുഭവിച്ചതാണല്ലോ എന്ന ചിന്തയായിരുന്നു. യഥാര്‍ത്ഥ നജീബ് കടന്നുപോയ ദുരിതങ്ങള്‍ എല്ലാം പ്രേക്ഷകരുടെ മനസിലേക്ക് ഓടിയെത്തിയിട്ടുണ്ട്. സ്വന്തം ജീവന്‍ മാത്രം കൈയില്‍ പിടിച്ചുകൊണ്ട് ഉറ്റവരുടെയടുത്തേക്ക് എത്തിയപ്പോള്‍ മനസില്‍ വന്ന കാര്യങ്ങള്‍ നജീബ് പങ്കുവെച്ചു. നോവലിസ്റ്റായ ബെന്യാമിനൊപ്പം ജാങ്കോ സ്‌പേസ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് നജീബ് ഇക്കാര്യം പറഞ്ഞത്.

‘മരുഭൂമിയിലെ ജീവിതവും അത് കഴിഞ്ഞുള്ള ഹോസ്പിറ്റല്‍ വാസവും കാരണം കറുത്ത് ക്ഷീണിച്ചാണ് ഞാന്‍ നാട്ടിലെത്തിയത്. ആര്‍ക്കും എന്നെ പെട്ടെന്ന് മനസിലായില്ല. ഭാര്യക്ക് ആണ്‍കുഞ്ഞ് ജനിച്ചെന്നും അവന് നബീല്‍ എന്ന് പേരിട്ടെന്നും ഫോണിലൂടെയാണ് ഞാന്‍ അറിഞ്ഞത്.

വീട്ടിലെത്തിയപ്പോള്‍ എന്റെ വാപ്പയുടെ അടുത്ത് മകന്‍ നില്‍ക്കുന്നുണ്ടായിരുന്നു. അവനോട് എന്റെ വാപ്പ പറഞ്ഞത് ‘എടാ ഇതാണ് നിന്റെ വാപ്പ’ എന്നാണ്. അത് കേട്ട് എന്നെ നോക്കിയിട്ട് ‘ഇതെന്റെ വാപ്പയൊന്നും അല്ല’ എന്ന് പറഞ്ഞ് അവന്‍ പോയി. എന്നെ അവന്‍ തിരിച്ചറിയാത്തതിനെക്കാള്‍ വിഷമമായത് അവനെ ആദ്യമായി കാണുമ്പോള്‍ കൊടുക്കാന്‍ വേണ്ടി ഒരു മിഠായി പോലും എന്റെ കൈയില്‍ ഇല്ലല്ലോ എന്നായിരുന്നു.

നാട്ടിലെത്തിയ ശേഷം എന്റെ ആരോഗ്യമൊക്കെ ശരിയാവാന്‍ കുറേ സമയമെടുത്തു. ആ സമയത്തൊക്കെ വാപ്പക്ക് എന്നോട് ഭയങ്കര സ്‌നേഹമായിരുന്നു. ബെന്യാമിന്‍ സാര്‍ എന്റെ കഥ നോവലാക്കിയ ശേഷം ഒരുപാട് രാജ്യങ്ങളില്‍ എനിക്ക് പോവാന്‍ പറ്റി. ഇനിയെനിക്ക് അധികം യാത്രയൊന്നും ചെയ്യാതെ ഭാര്യയോടും കുടുംബത്തോടും കൂടെ സന്തോഷമായി ജീവിക്കണമെന്ന് മാത്രമേയുള്ളൂ,’ നജീബ് പറഞ്ഞു.

Content Highlight: Najeeb share the experience of when he return to his home

We use cookies to give you the best possible experience. Learn more