മലയാളത്തില്‍ ഏറെ സ്വീകാര്യത നേടിയ ഒരു നോവലാണ് ബെന്യാമിന്റെ ആടുജീവിതം. ഈ നോവലിനെ ആസ്പദമാക്കി ബ്ലെസിയുടെ സംവിധാനത്തില്‍ ഇതേ പേരില്‍ സിനിമയിറങ്ങിയിട്ട് ദിവസങ്ങളാകുന്നതെയുള്ളൂ.
എന്നാല്‍ സിനിമ ഇറങ്ങിയതിന് പിന്നാലെ സിനിമക്കും ബ്ലെസിക്കും ബെന്യാമിനും എതിരെ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഈ വിവാദങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ആടുജീവിതത്തിലെ യഥാര്‍ത്ഥ നജീബ്.
ബ്ലെസിയുടെ ആടുജീവിതം സിനിമയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന വിവാദങ്ങള്‍ തന്റെ മനസിനെ വല്ലാതെ വേദനിപ്പിക്കുന്നതായാണ് നജീബ് പറയുന്നത്. തന്നോട് നോവലിസ്റ്റായ ബെന്യാമിനും സംവിധായകന്‍ ബ്ലെസിയും എന്തോ ക്രൂരത കാണിച്ച തരത്തിലാണ് പലരുടെയും പ്രതികരണമെന്നും നജീബ് പറഞ്ഞു.
മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. താന്‍ ബെന്യാമിനും ബ്ലെസിക്കും എതിരെ എവിടെയും ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും നജീബ് മാധ്യമത്തോട് പറയുന്നു.
നല്ല അനുഭവങ്ങളല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്ന് പറയുന്ന നജീബ് തന്റെ പേരില്‍ ആരും അവരെ അപമാനിക്കരുതെന്നും ആവശ്യപ്പെട്ടു. ബെന്യാമിനുമായി വലിയ ഹൃദയബന്ധമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2008ല്‍ നോവല്‍ പുറത്തിറങ്ങിയത് മുതല്‍ ഇന്നുവരെ തനിക്ക് അര്‍ഹിക്കുന്നതിനപ്പുറം പരിഗണന ലഭിച്ചിട്ടുണ്ട്. പ്രവാസ ലോകത്ത് തന്നെ കൂട്ടിക്കൊണ്ടായിരുന്നു ബെന്യാമിന്‍ വേദികളില്‍ പോയിരുന്നതെന്നും നജീബ് പറഞ്ഞു.
തന്റെ ജീവിതാനുഭവം തന്നെയാണ് മുഖ്യമായും അടുജീവിതത്തിന്റെ കഥയെന്നും അതുകൊണ്ടാണ് ഈ പരിഗണന ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.
ബഹ്‌റൈനില്‍ ആക്രിപ്പണി ചെയ്തിരുന്ന താന്‍ പ്രശസ്തനായതും ലോക കേരള സഭയില്‍ പ്രവാസികളുടെ പ്രതിനിധിയായതും ബെന്യാമിന്‍ കാരണമാണെന്നും നജീബ് കൂട്ടിച്ചേര്‍ത്തു.
Content Highlight: Najeeb Says Social Media Controversy Of Aadujeevitham Hurt Him