ആടുജീവിതം സിനിമ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. പ്രേക്ഷകര്‍ ഈ സിനിമയെ ഇരുകൈയും നീട്ടി സ്വീകരിക്കുമ്പോള്‍ ചിലര്‍ സിനിമയുടെ പേരില്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. ചിത്രം ഹിറ്റായതിന് പിന്നാലെ യഥാര്‍ത്ഥ നജീബ്/ ഷുക്കൂറിന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ എന്തുകൊടുത്തു എന്ന ചോദ്യം ഉയര്‍ത്തിയിരുന്നു.
എന്നാല്‍ സിനിമയുടെ സംവിധായകന്‍ ബ്ലെസി ചോദ്യത്തിന് മറുപടി പറഞ്ഞിരുന്നു. താന്‍ ബെന്യാമിന് കൊടുത്തതിന്റെ പത്തിരട്ടി തുക ഒരാള്‍ നജീബിന് കൊടുത്തിരുന്നുവെന്ന് ബ്ലെസി വെളിപ്പെടുത്തി. എന്നാല്‍ പൈസ കൊടുത്ത ആളുടെ പേര് ബ്ലെസി വെളിപ്പെടുത്തിയിരുന്നില്ല. കൗമുദി ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബ്ലെസി ഇക്കാര്യം പറഞ്ഞത്.
മീഡിയ ഇന്‍ഫ്‌ളുവെന്‍സറായ അഫി അഹമ്മദ് നജീബിനെയും കുടുംബത്തെയും ദുബായിലേക്ക് കൊണ്ടുപോയിരുന്നു. യാത്രക്കിടയില്‍ അഫി ചോദിച്ച ചോദ്യത്തിന് നജീബ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ആരൊക്കെയാണ് സഹായിച്ചത് എന്ന ചോദ്യത്തിന് പൃഥ്വിരാജും എ.ആര്‍ റഹ്‌മാനുമാണ് സഹായിച്ചതെന്ന് പറഞ്ഞ നജീബ്, ബ്ലെസിയോട് ആളുകള്‍ ഇക്കാര്യത്തെക്കുറിച്ച് ചോദിക്കുന്നത് വിഷമമുണ്ടാക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
‘എന്നെ സഹായിച്ച രണ്ടുപേര്‍ പൃഥ്വിരാജും റഹ്‌മാന്‍ സാറുമാണ്. അവര്‍ രണ്ടുപേരും എനിക്ക് ആവശ്യത്തിലധികം പൈസ തന്ന് സഹായിച്ചു. ആരോടും ഇത് പറയരുതെന്ന് പ്രത്യേകം പറഞ്ഞതുമാണ്. പക്ഷേ ബ്ലെസി സാറിനോട് ഓരോരുത്തരും എനിക്കെന്ത് തന്നു എന്ന് ചോദിച്ച് ശല്യം ചെയ്യുന്നത് കണ്ട് വിഷമം വന്നിട്ടാണ് ഇപ്പോള്‍ ഈ കാര്യം പറഞ്ഞത്.
View this post on Instagram
എനിക്ക് എന്ത് തന്നാലും അത് സന്തോഷമാണ്. പക്ഷേ തന്നില്ലാ എന്ന് മാത്രം ഞാന്‍ എവിടെയും പറയില്ല. എനിക്ക് കിട്ടിയതില്‍ ഞാന്‍ തൃപ്തനാണ്. അതിന്റെ പേരില്‍ ഇനി ആരും വിവാദമുണ്ടാക്കരുത് എന്നാണ് എന്റെ ആഗ്രഹം,’ നജീബ് പറഞ്ഞു.
നജീബിനെ സഹായിച്ചവരുടെ ലിസ്റ്റില്‍ പൃഥ്വിരാജ് ഉണ്ടാകുമെന്ന് അറിയാമായിരുന്നെങ്കിലും എ. ആര്‍. റഹ്‌മാന്റെ പേര് കേട്ടപ്പോള്‍ ഞെട്ടി എന്നാണ് വീഡിയോക്ക് താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്.
Content Highlight: Najeeb reveals the peoples who helped him after the movie