ആടുജീവിതത്തിലൂടെ തന്റെ ജീവിതം വീണ്ടും തിരശീലയിലൂടെ കണ്ട് നജീബ്. ആദ്യ ഷോ കണ്ട് പുറത്തിറങ്ങിയതിന് പിന്നാലെ സംസാരിക്കുകയായിരുന്നു നജീബ്.
താന്‍ എന്താണോ അവിടെ അനുഭവിച്ചത് അത് അതേ തീവ്രതയോടെ പൃഥ്വിരാജ് സ്‌ക്രീനില്‍ എത്തിച്ചെന്നും പൃഥ്വിരാജിനെ കണ്ടിരുന്നെങ്കില്‍ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കണമായിരുന്നെന്നും നജീബ് പറഞ്ഞു.
‘പൃഥ്വിരാജിനെ കണ്ടിരുന്നെങ്കില്‍ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കണമായിരുന്നു. ഞാന്‍ അവിടെ അനുഭവിച്ചത് അതേ തീവ്രതയോടെ അദ്ദേഹം സ്‌ക്രീനില്‍ എത്തിച്ചിട്ടുണ്ട്. ഒന്നും പറയാന്‍ കഴിയുന്നില്ല. ഞാന്‍ അവിടെ ഇരുന്ന് കരയുകയായിരുന്നു.
എല്ലാവരും സിനിമ കാണണം. എന്റേ അതേ അനുഭവമാണ് സിനിമ കാണിച്ചിരിക്കുന്നത്. ഈ സിനിമ വിജയിക്കണം,’ നജീബ് പറഞ്ഞു.
കൊച്ചിയിലെ വനിതാ-വിനിതാ തീയേറ്ററില്‍ ആദ്യ ഷോയ്ക്കാണ് നജീബെത്തിയത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിലെ കേന്ദ്ര കഥാപാത്രമാണ് നജീബ്.
‘എന്റെ ജീവിതം തിയേറ്ററുകളില്‍ വരുന്നതില്‍ വലിയ സന്തോഷമുണ്ട്. ഞാന്‍ അനുഭവിച്ച ദുരിതങ്ങള്‍ പൃഥ്വിരാജെന്ന വലിയ നടനിലൂടെ ലോകം കാണാന്‍ പോകുകയാണ്. ഞങ്ങള്‍ക്കും ഞങ്ങളുടെ നാട്ടുകാര്‍ക്കും അതില്‍ വലിയ സന്തോഷമുണ്ട്. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്നുതന്നെ പോയി കാണുമെന്ന് പറഞ്ഞ് ഒരുപാടു പേര്‍ വിളിക്കുന്നുണ്ട്.’ എന്നായിരുന്നു ആദ്യ ഷോയ്ക്ക് കയറുന്നതിന് മുന്‍പ് നജീബ് മാധ്യമങ്ങളോട് പറഞ്ഞത്.
ആടുജീവിതം ‘ക്ലാസ്സിക്’ എന്നതിനപ്പുറത്തേക്ക് ഒന്നും പറയാനില്ലെന്നും പ്രതീക്ഷകളുടെ ഭാരത്തോടെ തന്നെയാണ് ചിത്രം കാണാനെത്തിയതെന്നും ആ പ്രതീക്ഷ അതേ രീതിയില്‍ കാക്കാന്‍ ചിത്രത്തിന്റെ മേക്കിങ്ങിന് സാധിച്ചിട്ടുണ്ടെന്നുമാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
നജീബിന്റെ എല്ലാ വികാര വിചാരങ്ങളെയും പൃഥ്വി അതിമനോഹരമായി പകര്‍ന്നാടിയിട്ടുണ്ടെന്നും അദ്ദേഹം ഈ സിനിമയ്ക്കായി എടുത്ത എഫേര്‍ട്ടിന് കയ്യടിക്കാതെ തരമില്ലെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.
നജീബിന്റെ സുഹൃത്ത് ഹക്കീം ആയി എത്തിയ ഗോകുലും ഇബ്രാഹിമായി എത്തിയ നടന്റെ പ്രകടനത്തിനുമെല്ലാം അഭിനന്ദനം ലഭിക്കുന്നുണ്ട്.
Content Highlight: Najeeb Response after watching aadujeevitham