| Wednesday, 9th June 2021, 7:16 pm

സോഷ്യല്‍ മീഡിയയിലെ ക്രിസ്ത്യന്‍-മുസ്‌ലിം മതവിദ്വേഷ പ്രചരണം; നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് നജീബ് കാന്തപുരം എം.എല്‍.എ.

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയകളില്‍ മതവിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി നജീബ് കാന്തപുരം എം.എല്‍.എ.

മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍, വീഡിയോ ക്ലിപ്പുകള്‍ എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ വ്യാപകമായി പ്രചരിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയ്ക്ക് കത്ത് എഴുതിയത്.

പ്രചരണത്തിന് പിന്നില്‍ ശക്തമായ ഗൂഢാലോചനയുണ്ടെന്നും കേരളീയ സമൂഹത്തിലെ സാഹോദര്യവും സമാധാനവും തകര്‍ക്കാനാണ് ഗൂഢശക്തികളുടെ ലക്ഷ്യമെന്നും നജീബ് കാന്തപുരം കത്തില്‍ ചൂണ്ടിക്കാട്ടി.

നാടിനെ വര്‍ഗ്ഗീയമായി വേര്‍തിരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും നജീബ് കാന്തപുരം കത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസില്‍ ക്രിസ്തീയ യുവത്വമേ ഇതിലെ വരൂ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. കടുത്ത അന്യമതവിദ്വേഷമാണ് ചര്‍ച്ചയിലുടനീളമുണ്ടായതെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമുണ്ടായിരുന്നു. സംവിധായകന്‍ അലി അക്ബര്‍ അടക്കം സംഘപരിവാര്‍ അനുഭാവമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

അതേസമയം ക്രിസ്ത്യന്‍ യുവജന സംഘടനയായ കെ.സി.വൈ.എമ്മിന്റെ പേരിലും ക്ലബ് ഹൗസില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഈ ചര്‍ച്ചകള്‍ക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് കെ.സി.വൈ.എമ്മും വ്യക്തമാക്കിയിരുന്നു.

നിശ്ചിത അജണ്ടയോടെയാണ് ഈ അക്കൗണ്ടുകള്‍ പ്രവര്‍ത്തിക്കുന്നതെന്നു കെ.സി.വൈ.എം. വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

പ്രസ്തുത അക്കൗണ്ടുവഴി ചര്‍ച്ചയ്ക്കെടുത്ത മൂന്നു വിഷയങ്ങളും ഒരു മതവിഭാഗവുമായി ഉള്ളതാണെന്നും ഇത്തരത്തിലുള്ളവര്‍ ഇങ്ങനെ ഒരു പ്രത്യേക മതവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ മാത്രം സംസാരിക്കുന്നു എന്നത് സര്‍പ്പത്തിന്റെ വിവേകത്തോടെ മനസിലാക്കേണ്ട കാര്യമാണെന്നും കെ.സി.വൈ.എം. പറഞ്ഞിരുന്നു.

കത്തോലിക്കാ സഭയുമായി ബന്ധമില്ലാത്തതും വര്‍ഗീയ ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്നതുമായ ചില സംഘടനകള്‍ ക്രിസ്ത്യന്‍ കോഡിനേഷന്‍ കൗണ്‍സില്‍ എന്ന കമ്മിറ്റി രൂപീകരിച്ചാണു വര്‍ഗ്ഗീയ പ്രചരണങ്ങള്‍ നടത്തുന്നതെന്നും കെ.സി.വൈ.എം. വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Najeeb Kanthapuram Writes To Cm

We use cookies to give you the best possible experience. Learn more