സി. മോയിന്‍കുട്ടി; മലയോരത്തെ മതത്തിനപ്പുറം ചേര്‍ത്തുനിര്‍ത്തിയ ജനനായകന്‍ | നജീബ് കാന്തപുരം
Discourse
സി. മോയിന്‍കുട്ടി; മലയോരത്തെ മതത്തിനപ്പുറം ചേര്‍ത്തുനിര്‍ത്തിയ ജനനായകന്‍ | നജീബ് കാന്തപുരം
നജീബ് കാന്തപുരം
Monday, 9th November 2020, 8:23 pm

സി. മോയിന്‍കുട്ടി സാഹിബിന്റെ മരണവാര്‍ത്ത ഞാന്‍ താമരശ്ശേരി ബിഷപ്പിനെ വിളിച്ചറിയിച്ചപ്പോള്‍ അദ്ദേഹം വിതുമ്പലോടു കൂടിയാണ് എന്നോട് പ്രതികരിച്ചത്. നമ്മുടെ നാട്ടിലെ ഓരോ മനുഷ്യരുടെയും ഹൃദയത്തില്‍ എത്രമാത്രം ആഴത്തിലാണ് മോയിന്‍കുട്ടി സാഹബിന്റെ വേരുകളെന്നത് ആ വിതുമ്പലില്‍ നിന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു. കൊവിഡ് രോഗിയുമായുള്ള സമ്പര്‍ക്കം മൂലം ക്വാറന്റൈനില്‍ കഴിയുന്ന താമരശ്ശേരി ബിഷപ്പ് അവസാനമായി ആ മുഖമൊന്ന് കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് എന്നോട് പങ്കുവെച്ചത്.

നമ്മുടെ നാട് എത്രമാത്രം ശക്തമായ യോജിപ്പിന്റെയും സ്നേഹത്തിന്റെയും നാടാണെന്ന് നാം തിരിച്ചറിയുന്ന ചില മുഹൂര്‍ത്തങ്ങളുണ്ട്. സി. മോയിന്‍കുട്ടി സാഹിബിന്റെ മരണവാര്‍ത്തയറിഞ്ഞ് ഈ കൊവിഡ് കാലത്ത് പോലും വീട്ടിലിരിക്കാന്‍ കഴിയാതെ വന്ന മനുഷ്യരില്‍ എല്ലാ ജനവിഭാഗങ്ങളുമുണ്ടായിരുന്നു. അത് സ്നേഹ പ്രകടനമാണ്. സത്യത്തില്‍ ആ വീട്ടുമുറ്റത്ത് തടിച്ചുകൂടിയ ആളുകള്‍ക്കിടയില്‍ കണ്ണീരണിഞ്ഞ് നില്‍ക്കുന്ന എല്ലാ മതസ്ഥരെയും കാണാന്‍ സാധിച്ചു. അദ്ദേഹം നല്‍കിയ വലിയ സംഭാവനകളിലൊന്ന് മലയോരമേഖലയിലെ മനുഷ്യരെ മതത്തിനും ജാതിക്കും അപ്പുറം അവരുടെ ജീവിതത്തിന്റെ പേരില്‍ ഒന്നിപ്പിച്ച് നിര്‍ത്താന്‍ സാധിച്ചുവെന്നതാണ്.

രാഹുല്‍ ഗാന്ധിയോടൊപ്പം സി. മോയിന്‍കുട്ടി

സി. മോയിന്‍കുട്ടിയുടെ വിയോഗം താങ്ങാനാവുന്നതല്ല. തനിക്ക് വേണ്ടിയല്ലാതെ ജീവിച്ച, അവസാന നിമിഷം വരെ മലയോര മേഖലയിലെ പാവങ്ങളെ കുറിച്ചും സമുദായ മൈത്രിയെക്കുറിച്ചും നെഞ്ചില്‍ തട്ടി സംസാരിച്ച മോയിന്‍ കുട്ടി സാഹിബ്. കൊച്ചു കുട്ടിയായിരിക്കെ എന്റെ വാപ്പയോടൊപ്പം കണ്ട് വളര്‍ന്ന സ്‌നേഹ വാത്സല്ല്യം അവസാന നിമിഷം വരെ നിര്‍ലോഭം തന്ന പ്രിയപ്പെട്ട നേതാവ്.

ഒരു അധികാര സ്ഥാനവും ചോദിച്ച് വാങ്ങേണ്ടതല്ലെന്നും പദവികളേക്കാള്‍ പ്രധാനം ജനങ്ങളുടെ ഹൃദയത്തിലുണ്ടാവുക എന്നതാണെന്നും ജീവിതം കൊണ്ട് പഠിപ്പിച്ച, പാര്‍ട്ടിയെ അതിരറ്റ് സ്‌നേഹിക്കുമ്പോഴും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെയും പ്രവര്‍ത്തകരുടെ വിശ്വാസവും ബഹുമാനവും കലവറയില്ലാതെ കിട്ടുകയും കൊടുക്കുകയും ചെയ്ത, രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നടത്തിയാലും എതിര്‍ രാഷ്ട്രീയ ചേരിയിലെ നേതാക്കളുടെ തോളില്‍ കയ്യിട്ട് താമരശ്ശേരി അങ്ങാടിയിലൂടെ നടന്ന ഉള്ളും പുറവും ഒന്നായി ജീവിച്ച പച്ച മനുഷ്യന്‍.

തനിക്കിനി നിയമസഭാ സീറ്റ് വേണ്ടെന്ന് പാണക്കാട് തങ്ങള്‍ക്ക് എഴുതിക്കൊടുത്തിട്ടും നേതൃത്വത്തിന് വഴങ്ങിയപ്പോഴും ഇനി എന്നെ ഒഴിവാക്കണമെന്ന് കരഞ്ഞു പറഞ്ഞ അത്ഭുത മനുഷ്യന്‍. എത്രയോ ഓര്‍മ്മകള്‍ നെഞ്ചില്‍ പിടയുന്നു.

സി. മോയിന്‍കുട്ടിയോടൊപ്പം ലേഖകന്‍

കരിഞ്ചോല ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് താമരശ്ശേരി റസ്റ്റ് ഹൗസിനു മുമ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിയെ തടഞ്ഞപ്പോള്‍ പോലീസ് മര്‍ദ്ദനവും അറസ്റ്റും ഏറ്റ് വാങ്ങി ഞങ്ങള്‍ പൊലീസ് സ്റ്റേഷനിലിരിക്കുമ്പോള്‍ കൊടുങ്കാറ്റ് പോലെ കുതിച്ചെത്തിയ ഞങ്ങളുടെ മോയിന്‍ കുട്ടി സാഹിബ്. എന്നും ചെറുപ്പക്കാര്‍ക്കൊപ്പം തോളില്‍ കയ്യിട്ടും ശകാരിച്ചും തിരുത്തേണ്ടപ്പോള്‍ തിരുത്തിയും ഒരു രക്ഷിതാവിനെപ്പോലെ കൂടെ നിന്ന നായകന്‍.
ഇല്ല നേതാവെ, അങ്ങയെ പോലെ ഒരാള്‍ ഇനി ഞങ്ങള്‍ക്കില്ല.

ഓരോ മുസ്‌ലിം ലീഗുകാരനോടും മത സൗഹാര്‍ദ്ദം കാത്ത് സൂക്ഷിക്കാന്‍ അങ്ങ് നല്‍കിയ അവസാനത്തെ ആഹ്വാനം. മലയോര മണ്ണിലെ ഹിന്ദുവിന്റെയും മുസ്‌ലിമിന്റെയും കൃസ്ത്യാനിയുടെയും ഒരേയൊരു മോയിന്‍കുട്ടിക്ക. ശരിക്കും താമരശ്ശേരി അനാഥമായിരിക്കുന്നു.

ഒരു രാഷ്ട്രീയ നേതാവില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം അദ്ദേഹം ജനങ്ങളെ ഒന്നിപ്പിക്കുന്ന ആളായിരിക്കണമെന്നതാണ്. ജാതിയും മതവും രാഷ്ട്രീയവും വ്യത്യസ്തമായി നില്‍ക്കന്ന മനുഷ്യരെ ഒരുമിപ്പിച്ച് നിര്‍ത്തുകയെന്ന വലിയ സാമൂഹിക ദൗത്യത്തെ ഏറ്റെടുക്കാന്‍ കഴിയുമ്പോഴാണ് ഒരു നേതാവ് ജനനേതാവായി മാറുന്നത്. അല്ലെങ്കില്‍ ഒരു പാര്‍ട്ടിയുടെയോ മതത്തിന്റെയോ നേതാവായി മാത്രം ഒതുങ്ങും. സി. മോയിന്‍കുട്ടി എന്ന രാഷ്ട്രീയ നേതാവ് ജനനേതാവായി തീരുന്നത് ഈ രീതിയിലാണ്.

സി. മോയിന്‍കുട്ടി താമരശ്ശേരിയിലെ യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം

മാത്രവുമല്ല മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ഐക്യമുണ്ടാക്കാനും അവരെ പരസ്പരം ഒന്നിപ്പിച്ച് നിര്‍ത്താനും, അതൊരു സാമൂഹിക പുരോഗതിയ്ക്ക് വേണ്ടിയുള്ള ഒന്നിപ്പിക്കലാക്കാനും, ഒരു ജനതയെ മുഴുവന്‍ മതസൗഹാര്‍ദ്ദം വിശ്വാസത്തിന്റെ ഭാഗമാക്കണമെന്ന് ഓര്‍മ്മിപ്പിക്കാനും, തന്റെ ഒരു വാക്കില്‍ പോലും മതനിരപേക്ഷതയ്ക്ക്, മതേതര സങ്കല്പത്തിന് ഒരു തരത്തിലുള്ള ഉലച്ചിലും സംഭവിക്കരുതെന്ന നിര്‍ബന്ധത്തോടെ മുന്നോട്ട് പോകാനും സാധിച്ചുവെന്നതാണ് മോയിന്‍കുട്ടി സാഹിബിന്റെ ഏറ്റവും വലിയ പ്രത്യേകതയായി ഞാന്‍ കാണുന്നത്.

നാട് കടന്നുപോകുന്നത് വളരെ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലൂടെയാണ് പ്രത്യേകിച്ച് മലയോര പ്രദേശത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വലിയതോതിലുള്ള ഒരു വര്‍ഗ്ഗീയ വിഭജനമുണ്ട്. അതിന് ആരൊക്കെയാണ് ചൂട്ട് പിടിക്കുന്നതെന്ന് ഇനിയും കണ്ടെത്തേണ്ട കാര്യമാണ്. പ്രത്യേകിച്ച് ക്രിസ്ത്യന്‍ സമൂഹത്തിനകത്ത് വലിയ തോതിലുള്ള ആശങ്കകള്‍ വളര്‍ന്നുവരികയും മുസ്‌ലിം സമുദായത്തെ ഭയപ്പാടോടെ കാണുന്ന സാഹചര്യം രൂപംകൊള്ളുകയും ചെയ്തപ്പോഴാണ് ഞാന്‍ ഏറ്റവും ഒടുവില്‍ മോയിന്‍കുട്ടി സാഹിബുമായി സംസാരിച്ചത്.

ആ സംസാരത്തിലുടനീളം അദ്ദേഹം പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ മലയോര മേഖലയിലെ ക്രിസ്ത്യാനികളും, ഹിന്ദുക്കളും, മുസ് ലിങ്ങളും ഒരുമിച്ച് നില്‍ക്കുക എന്നത് എന്റെ ജീവിതത്തിലെ സ്വപ്നമാണെന്നായിരുന്നു. നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തനം എല്ലാ മനുഷ്യരെയും ഒന്നിച്ചുനിര്‍ത്താനുള്ളതാകണം, ഒരു സമുദായത്തെയും അകറ്റി നിര്‍ത്താന്‍ പ്രേരകമാകുന്ന വിധത്തില്‍ സംസാരിക്കരുത്, പ്രവര്‍ത്തിക്കരുത് എന്നായിരുന്നു അദ്ദേഹമെന്നോട് പറഞ്ഞത്. മുസ്‌ലിം സമുദായത്തിനകത്തും കൃത്യമായി ഇക്കാര്യം നിരന്തരം അദ്ദേഹം ഓര്‍മ്മപെടുത്തി.

പാവങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ എന്നും അദ്ദേഹം കളങ്കമില്ലാതെ പ്രവര്‍ത്തിച്ചു. കാരാടി അങ്ങാടിയിലെ ചായപ്പീടികയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ തിരക്കിട്ട യാത്രയിലേക്ക് നീളുന്ന ആ ഒരു വ്യക്തിത്വം. അദ്ദേഹം കെ.എസ്.ആര്‍.ടി.സി ബസിലാണ് കൂടുതലും യാത്ര ചെയ്യാറുള്ളത്.

ഞങ്ങളൊക്കെ തമാശ പോലെ ചിലപ്പോള്‍ പറയും ‘മോയിന്‍കുട്ടി സാഹിബ് നിങ്ങള്‍ ഇങ്ങനെയൊരു പൈസയും അനക്കാതെ വെച്ചോളു. എന്നിട്ട് അവസാനം നിങ്ങള്‍ കൂട്ടിവെച്ച് മരിച്ചുപോകുമ്പോള്‍ കേടായിപോകും’ എന്ന്. അദ്ദേഹം പറയാറുള്ള മറുപടി, കെ.എസ്.ആര്‍.ടി.സി ബസ്സില്‍ സഞ്ചരിക്കുന്ന സുഖം ബെന്‍സ് കാറില്‍ കേറിയാല്‍ കിട്ടില്ലെന്നാണ്.

സി. മോയിന്‍കുട്ടി

വളരെ വിചിത്രമായ രാഷ്ട്രീയ പ്രവര്‍ത്തന പൈത്യകമുള്ള ഒരു മഹാനായ നേതാവാണ് താമരശ്ശേരിയ്ക്ക് അല്ലെങ്കില്‍ മലയോരമേഖലയ്ക്ക് നഷ്ടപ്പെട്ടത്. കര്‍ഷകരുടെയും കുടിയേറ്റക്കാരുടെയും ഹൃദയത്തില്‍ അദ്ദേഹത്തിനുള്ള സ്ഥാനം ഇത്രമേല്‍ ഉന്നതമായത് ഈ കളങ്കമില്ലാത്ത പെരുമാറ്റം കൊണ്ടും വര്‍ഗ്ഗീയതയില്ലാത്ത നിലപാടുകള്‍കൊണ്ടുമായിരുന്നു.

അദ്ദേഹം എത്രമാത്രം സ്നേഹിക്കപ്പെട്ടുവെന്നുള്ളതിന് അതിരുകളില്ല. ഇവിടെ ഓരോ നിമിഷത്തിലും അത് ബോധ്യപ്പെട്ട കാര്യമാണ്. തീര്‍ച്ചയായും രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇന്ന് പലതരത്തിലുള്ള സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വേണ്ടി, താല്ക്കാലിക വിജയങ്ങള്‍ക്ക് വേണ്ടി, പലതരത്തിലുള്ള ജാതീയവും വര്‍ഗ്ഗീയവുമായിട്ടുള്ള വികാരങ്ങളെ കത്തിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന ഒരു കാലത്ത് മോയിന്‍കുട്ടി സാഹിബ് നിര്‍വ്വഹിച്ചത് നവോത്ഥാനമൂല്യങ്ങള്‍ക്ക് തുല്യമായ കടമയാണ്. ഇങ്ങനെയൊരു നേതാവ് എന്ന് വരും എന്ന് പറയാന്‍ കഴിയാത്ത നഷ്ടമാണ് ഞങ്ങളുടെ ജീവിതത്തിലുണ്ടാക്കിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Najeeb Kanthapuram Writes about C. Moyinkutti