|

കുഞ്ഞാലിക്കുട്ടിക്കെതിരെ നടക്കുന്നത് വന്‍ ഗൂഢാലോചന; കല്ലെറിഞ്ഞ് വീഴ്ത്തുന്നവര്‍ക്ക് പലവിധ ലക്ഷ്യങ്ങളുണ്ട്: നജീബ് കാന്തപുരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ നടക്കുന്നത് വന്‍ ഗൂഢാലോചനയാണെന്ന് യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം.

കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി ഹൈദരലി തങ്ങളുടെ മകന്‍ മുഈനലി രംഗത്തെത്തിയ സാഹചര്യത്തിലാണ് പിന്തുണയുമായി നജീബ് കാന്തപുരം രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘വാരിക്കുഴികള്‍ക്കുമപ്പുറം ചില സത്യങ്ങളുണ്ട്. ആ സത്യം മാത്രമെ ജയിക്കൂ. പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിനെതിരെ നടക്കുന്നത് വന്‍ ഗൂഢാലോചനയാണ്. എന്നും പ്രവര്‍ത്തകര്‍ക്ക് ആശ്രയമായി നിന്ന നേതാവാണ് കുഞ്ഞാലിക്കുട്ടി സാഹിബ്.

കല്ലെറിഞ്ഞ് വീഴ്ത്തുന്നവര്‍ക്ക് പലവിധ ലക്ഷ്യങ്ങളാണ്. ആ ലക്ഷ്യങ്ങള്‍ വഴി കൊട്ടിയടക്കപ്പെടുന്നത് സാധാരണക്കാര്‍ക്ക് വേണ്ടി തുറന്ന് വെച്ച വാതിലാണ്. ആരും വിമര്‍ശനത്തിന് അതീതരല്ല. എന്നാല്‍ ആരും ഇരിക്കുന്ന കൊമ്പ് മുറിക്കുകയും ചെയ്യരുത്,’ നജീബ് കാന്തപുരം പറഞ്ഞു.

അതേസമയം, ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങളാണ് നടന്നത്.

വാര്‍ത്താ സമ്മേളനത്തിനിടയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയകടവ് മുഈനലി തങ്ങള്‍ക്ക് നേരെ ഭീഷണി മുഴക്കുകയും തെറിവിളിക്കുകയും ചെയ്തത് സംഘര്‍ഷത്തിനിടയാക്കി.

തുടര്‍ന്ന് ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുഈനലിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. മുസ്ലിം ലീഗിന്റെ അഭിഭാഷക സംഘടനയായ കേരളാ ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് മുഹമ്മഷാ ആയിരുന്നു കോഴിക്കോട് ലീഗ് ഹൗസില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിരുന്നത്.

വാര്‍ത്താസമ്മേളനത്തിന്റെ ആദ്യ ഘട്ടത്തില്‍ മുഹമ്മദ് ഷാ ആയിരുന്നു സംസാരിച്ചിരുന്നത്. നിലവിലെ ആരോപണങ്ങള്‍ക്ക് ലീഗിന്റെ വിശദീകരണം എന്ന നിലക്കാണ് അദ്ദേഹം സംസാരിച്ചത്. തുടര്‍ന്നായിരുന്നു മുഈനലി തങ്ങള്‍ സംസാരിച്ചത്. ഇതിനിടെയായിരുന്നു റാഫി പുതിയകടവ് എന്ന പ്രവര്‍ത്തകന്‍ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്തിയത്.

വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മുഈനലി ഉന്നയിച്ചത്. ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടി ആയിരുന്നിട്ടും ചന്ദ്രികയുടെ പ്രതിസന്ധിയില്‍ അദ്ദേഹം ഇടപെട്ടില്ലെന്ന് മുഈനലി പറഞ്ഞു.

നാല് പതിറ്റാണ്ടായി ഫണ്ട് കൈകാര്യം ചെയ്തത് കുഞ്ഞാലിക്കുട്ടിയായിരുന്നു. ഫിനാന്‍സ് മാനേജര്‍ സമീറിനെവെച്ചത് കുഞ്ഞാലിക്കുട്ടിയാണ്. പാര്‍ട്ടി ഒരു വ്യക്തിയിലേക്ക് ചുരുങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലീഗിന്റെ ധനകാര്യ മാനേജ്‌മെന്റ് ആകെ പാളിയെന്ന് അദ്ദേഹം പറഞ്ഞു.

പാണക്കാട് കുടുംബത്തിന്റെ ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഹൈദരലി തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് കഴിയുന്നത്,’ മുഈനലി പറഞ്ഞു

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGTS:  Najeeb Kanthapuram said that there is a big conspiracy going on against the PK Kunhalikutty

Video Stories