| Thursday, 19th January 2023, 11:34 pm

ബാലറ്റ് പെട്ടി മോഷണത്തിന് പിന്നില്‍ സംവിധാനങ്ങളെ വിലക്കുവാങ്ങുന്ന നെക്‌സസ്: നജീബ് കാന്തപുരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളില്‍ ഒരു കെട്ട് കാണാതായ സംഭവത്തില്‍ പ്രതികരണവുമായി നജീബ് കാന്തപുരം എം.എല്‍.എ.

സംവിധാനങ്ങളെ വിലക്ക് വാങ്ങാന്‍ കഴിയുന്ന നിഗൂഢശക്തികളുടെ വലിയ നെക്‌സസാണ് ബാലറ്റ് പെട്ടി മോഷണത്തിന് പുറകിലുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.

രാജ്യത്ത് തന്നെ ആദ്യത്തെ അനുഭവമാണിതെന്നും സമഗ്രമായും നിഷ്പക്ഷമായും സംഭവം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എം.എല്‍.എയുടെ പ്രതികരണം.

‘പെരിന്തല്‍മണ്ണ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അത്യന്തം ആശങ്കാജനകമായ ഒരു ഗൂഢാലോചനയുടെ ചുരുളുകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്.
നമ്മള്‍ വിശ്വസിക്കുന്ന എല്ലാ സംവിധാനങ്ങളെയും വിലക്ക് വാങ്ങാന്‍ കഴിയുന്ന നിഗൂഢ ശക്തികളുടെ വലിയ നെക്‌സസ് ആണ് ബാലറ്റ് പെട്ടി മോഷണത്തിന് പിറകിലുള്ളത്.
ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ റിട്ടേണിങ് ഓഫീസറായ സബ് കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മൂന്ന് കാര്യങ്ങള്‍ ഊന്നിപ്പറയുന്നു.

1. സ്‌ട്രോങ്ങ് റൂമില്‍ നിന്ന് സീല്‍ ചെയ്ത ബാലറ്റ് ബോക്‌സ് കാണാതായി.
2. മലപ്പുറത്ത് നിന്ന് ഈ പെട്ടി കണ്ടെത്തുമ്പോള്‍ കുത്തിത്തുറന്ന നിലയിലായിരുന്നു.
3. കൗണ്ടര്‍ അഞ്ചി ല്‍ നിന്നുള്ള ബാലറ്റുകള്‍ കാണാനില്ല. അവശേഷിച്ച രേഖകളെല്ലാം ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.

ഇത് കേരളത്തിലല്ല, രാജ്യത്ത് തന്നെ ആദ്യത്തെ അനുഭവമാണ്. ജനാധിപത്യത്തെ വിലക്കു വാങ്ങാന്‍ ശ്രമിക്കുന്നവര്‍ ഏത് നിലയിലും പ്രവര്‍ത്തിക്കും എന്ന മുന്നറിയിപ്പാണിത്. ഇത് സമഗ്രമായും നിഷ്പക്ഷമായും അന്വേഷിക്കണം,’ നജീബ് കാന്തപുരം പറഞ്ഞു.

ഇതൊരു വ്യക്തിക്കോ ഏതെങ്കിലുമൊരു ഡിപ്പാര്‍ട്ട്‌മെന്റിനോ മാത്രം ചെയ്യാന്‍ കഴിയുന്ന കുറ്റകൃത്യമല്ല. ഒരു ക്രൈമിന് വേണ്ടി ഒരുപാട് പേരെ വിലക്കു വാങ്ങാന്‍ മാത്രം ശക്തരായ കുറ്റവാളികളാണ് പിറകില്‍. അതുകൊണ്ട് തന്നെ ഗൂഢാലോചന പൂര്‍ണമായും കണ്ടെത്താന്‍ സമഗ്രമായ അന്വേഷണത്തിന് ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവിടണമെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

പോസ്റ്റല്‍ ബാലറ്റുകളിലെ ഒരു പാക്കറ്റ് കാണാനില്ലെന്ന് റിട്ടേണിങ് ഓഫീസറാണ് ഹൈക്കോടതി ജഡ്ജിന് റിപ്പോര്‍ട്ട് നല്‍കിയത്. ടേബിള്‍ അഞ്ചില്‍ എണ്ണിയ പോസ്റ്റല്‍ ബാലറ്റിലെ ഒരു കെട്ടാണ് കാണാതായത്.

അതേസമയം, പെരിന്തല്‍മണ്ണ ട്രഷറിയില്‍ സൂക്ഷിക്കേണ്ടിയിരുന്ന പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ തര്‍ക്കവിഷയമായ സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളുടെ പെട്ടി കാണാനില്ലെന്നത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ മലപ്പുറം സഹകരണ ജോയിന്റ് രജിസ്റ്റാര്‍ ഓഫീസില്‍ പെട്ടി കണ്ടെത്തുകയും ചെയ്തു.

സംഭവത്തില്‍ വിശദമായ പരിശോധന നടത്തുമെന്ന് പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ് പറഞ്ഞിരുന്നു.

ബാലറ്റ് വോട്ട് പെട്ടി സഹകരണ രജിസ്ട്രാര്‍ ഓഫീസിലെത്തിയത് എങ്ങനെയാണെന്ന് വ്യക്തതയില്ലെന്നും പെട്ടിയുടെ സീല്‍ഡ് കവര്‍ നശിച്ചിട്ടില്ലെന്നും സബ് കലക്ടര്‍ അറിയിച്ചിരുന്നു.

Content Highlight: Najeeb Kanthapuram MLA reacts to the incident of missing special postal votes in Perinthalmanna Assembly Constituency

We use cookies to give you the best possible experience. Learn more