മലപ്പുറം: പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തിലെ സ്‌പെഷ്യല്‍ തപാല്‍ വോട്ടുകളില്‍ ഒരു കെട്ട് കാണാതായ സംഭവത്തില്‍ പ്രതികരണവുമായി നജീബ് കാന്തപുരം എം.എല്‍.എ.
സംവിധാനങ്ങളെ വിലക്ക് വാങ്ങാന്‍ കഴിയുന്ന നിഗൂഢശക്തികളുടെ വലിയ നെക്‌സസാണ് ബാലറ്റ് പെട്ടി മോഷണത്തിന് പുറകിലുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.
രാജ്യത്ത് തന്നെ ആദ്യത്തെ അനുഭവമാണിതെന്നും സമഗ്രമായും നിഷ്പക്ഷമായും സംഭവം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എം.എല്‍.എയുടെ പ്രതികരണം.
‘പെരിന്തല്‍മണ്ണ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന അത്യന്തം ആശങ്കാജനകമായ ഒരു ഗൂഢാലോചനയുടെ ചുരുളുകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്.
നമ്മള്‍ വിശ്വസിക്കുന്ന എല്ലാ സംവിധാനങ്ങളെയും വിലക്ക് വാങ്ങാന്‍ കഴിയുന്ന നിഗൂഢ ശക്തികളുടെ വലിയ നെക്‌സസ് ആണ് ബാലറ്റ് പെട്ടി മോഷണത്തിന് പിറകിലുള്ളത്.
ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ റിട്ടേണിങ് ഓഫീസറായ സബ് കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മൂന്ന് കാര്യങ്ങള്‍ ഊന്നിപ്പറയുന്നു.
1. സ്‌ട്രോങ്ങ് റൂമില്‍ നിന്ന് സീല്‍ ചെയ്ത ബാലറ്റ് ബോക്‌സ് കാണാതായി.
2. മലപ്പുറത്ത് നിന്ന് ഈ പെട്ടി കണ്ടെത്തുമ്പോള്‍ കുത്തിത്തുറന്ന നിലയിലായിരുന്നു.
3. കൗണ്ടര്‍ അഞ്ചി ല്‍ നിന്നുള്ള ബാലറ്റുകള്‍ കാണാനില്ല. അവശേഷിച്ച രേഖകളെല്ലാം ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.
ഇത് കേരളത്തിലല്ല, രാജ്യത്ത് തന്നെ ആദ്യത്തെ അനുഭവമാണ്. ജനാധിപത്യത്തെ വിലക്കു വാങ്ങാന്‍ ശ്രമിക്കുന്നവര്‍ ഏത് നിലയിലും പ്രവര്‍ത്തിക്കും എന്ന മുന്നറിയിപ്പാണിത്. ഇത് സമഗ്രമായും നിഷ്പക്ഷമായും അന്വേഷിക്കണം,’ നജീബ് കാന്തപുരം പറഞ്ഞു.