ആ ബാലറ്റുകള്‍ എണ്ണിയാലും നജീബ് കാന്തപുരം ആറ് വോട്ടിന് വിജയിക്കും; പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്
Kerala
ആ ബാലറ്റുകള്‍ എണ്ണിയാലും നജീബ് കാന്തപുരം ആറ് വോട്ടിന് വിജയിക്കും; പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th August 2024, 1:10 pm

കൊച്ചി: പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റെ വിജയം ആറ് വോട്ടുകള്‍ക്കെന്ന് കണക്കാക്കാമെന്ന് ഹൈക്കോടതി.

എല്‍.ഡി.എഫ് തര്‍ക്കമുന്നയിച്ച 348 വോട്ടുകളില്‍ സാധുവായത് 32 എണ്ണം മാത്രമാണെന്നും കോടതി പറഞ്ഞു. നജീബ് കാന്തപുരത്തിനെതിരായ എല്‍.ഡി.എഫ് ഹരജി തള്ളിയ ഹൈക്കോടതി വിധിയിലാണ് നിരീക്ഷണം.

സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിനായിരുന്നു പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം വിജയിച്ചത്. 38 വോട്ടിനായിരുന്നു നജീബ് വിജയിപ്പിച്ചത്. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കേസ് വരുന്നത്.

എണ്ണാതെ മാറ്റിവെച്ച സ്‌പെഷ്യല്‍ തപാല്‍ വോട്ട് എണ്ണണമെന്നാവശ്യപ്പെട്ടാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മുസ്തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പോസ്റ്റല്‍വോട്ട് എണ്ണിയാല്‍ 300 വോട്ടെങ്കിലും തനിക്ക് ലഭിക്കുമെന്നും പോസ്റ്റല്‍വോട്ട് നിയമപ്രകാരം സാക്ഷ്യപ്പെടുത്താത്തത് പോളിങ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും ഹരജിക്കാരന്‍ വാദിച്ചു. തുടര്‍ന്ന് ഈ തപാല്‍ വോട്ടുകള്‍ ഹൈക്കോടതിയില്‍ എത്തിച്ച് പരിശോധിക്കുകയായിരുന്നു. 348 വോട്ടുകളില്‍ 32 എണ്ണം മാത്രമാണ് സാധുവായത്.

എന്നാല്‍ വോട്ടുകള്‍ നിയമപ്രകാരം സാക്ഷ്യപ്പെടുത്താത്തതിനാല്‍ മാറ്റിവെച്ചതില്‍ തെറ്റില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഹരജി തള്ളിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരത്തിന്റ വിജയം ഹൈക്കോടതി നേരത്തെ തന്നെ ശരിവെച്ചിരുന്നു.

സാധുവായ വോട്ടുകള്‍ മുഴുവന്‍ എല്‍.ഡി.എഫിനാണ് എന്ന് കണക്കാക്കിയാല്‍ പോലും ആറ് വോട്ടുകള്‍ക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയിക്കുമെന്നും ഈ സാഹചര്യത്തില്‍ മാറ്റിവെച്ച വോട്ടുകള്‍ എണ്ണേണ്ടതില്ലെന്നും ഹൈക്കോടതി പ്രസ്താവിച്ചു. നിയമസഭാ ഫലം വന്നപ്പോള്‍ അന്ന് 38 വോട്ടുകള്‍ക്കാണ് നജീബ് കാന്തപുരം വിജയിച്ചിരുന്നത്.