| Sunday, 3rd October 2021, 4:16 pm

കെ.ടി. ജലീലിന്റെ ദുരവസ്ഥയോര്‍ത്ത് സഹതാപം, മനോനില തെറ്റിയ വ്യക്തി അര്‍ഹിക്കുന്ന സാമൂഹ്യ പരിഗണന നല്‍കാം; പരിഹാസവുമായി നജീബ് കാന്തപുരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണത്തെ സംബന്ധിച്ച് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണവുമായി എത്തിയ കെ.ടി.ജലീലിനെതിരെ പരിഹാസവുമായി നജീബ് കാന്തപുരം എം.എല്‍.എ.

കെ.ടി ജലീല്‍ എന്ന മനുഷ്യന്‍ എത്തി ചേര്‍ന്ന ദുരവസ്ഥയോര്‍ത്ത് സഹതാപം മാത്രമെയുള്ളുവെന്നും മനോനില തെറ്റിയ ഏതൊരു വ്യക്തിയും അര്‍ഹിക്കുന്ന സാമൂഹ്യ പരിഗണന നമുക്കും നല്‍കാമെന്നുമായിരുന്നു നജീബിന്റെ മറുപടി.

മാനസിക ആരോഗ്യവും പ്രധാനം തന്നെയാണല്ലോ. അദ്ദേഹത്തിന് ദൈവം സദ്ബുദ്ധി നല്‍കട്ടെയെന്നും അദ്ദേഹം പരിഹസിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഇടപാടിന്റെ രക്തസാക്ഷിയാണ് അബ്ദുല്‍ ഖാദര്‍ മൗലവിയെന്നും വിവാദത്തില്‍ പേര് ഉള്‍പ്പെട്ടതിലുണ്ടായ വിഷമമാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമെന്നുമായിരുന്നു ജലീലിന്റെ ആരോപണം.

എ.ആര്‍.നഗര്‍ സഹകരണ ബാങ്കില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയും മറ്റ് ലീഗ് നേതാക്കളും നടത്തിയ കള്ളപ്പണ നിക്ഷേപത്തിന്റെ ആദ്യ രക്തസാക്ഷിയാണ് അബ്ദുല്‍ ഖാദര്‍ മൗലവി. തന്റെ പേരില്‍ താനറിയാതെ രണ്ട് കോടിയുടെ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നറിഞ്ഞതോടെയാണ് മൗലവി തളര്‍ന്നുപോയതെന്നും ജലീല്‍ മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

തനിക്ക് പങ്കില്ലാത്ത ഒരു കാര്യത്തില്‍ പേര് ഉള്‍പ്പെട്ടതിലുണ്ടായ മാനസിക പ്രയാസമാണ് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്നും ഐസ്‌ക്രീം പാര്‍ലര്‍ കേസിലേതുപോലെ എ.ആര്‍.നഗര്‍ ബാങ്ക് കേസിലും ദുരൂഹമരണങ്ങള്‍ ഉണ്ടാകാമെന്ന് ആശങ്കപ്പെടുന്നുവെന്നും ജലീല്‍ പറഞ്ഞിരുന്നു.

നേരത്തെ ജലീലിന്റെ ആരോപണത്തിന് മറുപടിയുമായി മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീര്‍ രംഗത്തെത്തിയിരുന്നു. മരണത്തെപ്പോലും ദുരൂഹമാക്കുന്ന തരത്തില്‍ കെ.ടി. ജലീല്‍ തരംതാണ് പോയെന്നും ഫോറന്‍സിക് കാര്യങ്ങള്‍ ഏറ്റെടുത്തത് പോലെയാണ് ജലീല്‍ സംസാരിക്കുന്നതെന്നുമാണ് മുനീര്‍ പ്രതികരിച്ചത്.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 24നായിരുന്നു ഹൃദയാഘാതത്തെത്തുടര്‍ന്ന് അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണം. ജുമുഅ നമസ്‌കാരം കഴിഞ്ഞ് കണ്ണൂര്‍ താണയിലെ വീട്ടിലെത്തിയ ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല.

യു.ഡി.എഫ് കണ്ണൂര്‍ ജില്ലാ കണ്‍വീനറുമായിരുന്നു. ലീഗിന്റെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായും ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Najeeb Kanthapuram against KT Jaleel

We use cookies to give you the best possible experience. Learn more