| Wednesday, 30th May 2018, 6:39 pm

ഈ ചെണ്ടയില്‍ തന്നെ കൊട്ടും; അല്ലെങ്കില്‍ അധികാരമൊഴിഞ്ഞ് കാശിക്ക് പോകണം; മുഖ്യമന്ത്രിയോട് നജീബ് കാന്തപുരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല താനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം. ഈ ചെണ്ടയില്‍ തന്നെ കൊട്ടുമെന്നും അല്ലെങ്കില്‍ അധികാരമൊഴിഞ്ഞ് കാശിക്ക് പോകണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയിലാണ് താന്‍ ഇരിക്കുന്നതെന്നോ ആഭ്യന്തര വകുപ്പ് തന്റെ കക്ഷത്തിലാണെന്നോ പിണറായി വിജയന് വെളിവില്ലാത്തതാണൊ,അതോ താനൊരു നാട്ടു രാജാവാണെന്ന മിഥ്യാധാരണയില്‍ ജീവിക്കുകയാണോ എന്നറിയില്ലെന്നും ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ലെന്ന അദ്ധേഹത്തിന്റെ പ്രസ്താവന കേള്‍ക്കുമ്പോള്‍ ഇതിലേതാണ് മുഖ്യമന്ത്രിയുടെ മനോഗതം എന്ന് മാത്രമാണറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പിണറായിയിലെ പഴയ നെയ്ത്ത് തൊഴിലാളിയായി തുടരുകയായിരുന്നെങ്കില്‍ മിസ്റ്റര്‍ പിണറായി താങ്കളെ കൊട്ടാന്‍ ആരും വരില്ലായിരുന്നു. ഇന്ന് താങ്കള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. തന്റെ ചുറ്റും കാവലൊരുക്കുന്നവരുടെ എണ്ണം കൂട്ടി പഴുതുകളില്ലാതെ സുരക്ഷ ഭദ്രമാക്കുമ്പോള്‍ കേരളത്തിലെ മനുഷ്യരുടെ സ്വത്തിനും ജീവനും സുരക്ഷിതത്വം നല്‍കാന്‍ ബാധ്യസ്ഥനായ ഒന്നാമത്തെ ആള്‍ താങ്കളാണെന്ന കാര്യം മറന്ന് പോയത് കൊണ്ടാണ് താങ്കളൊരു ചെണ്ടയാവുന്നത്. നജീബ് പറയുന്നു.


Also Read മാധ്യമങ്ങള്‍ മാധ്യമധര്‍മം നിര്‍വഹിക്കണം; മുഖ്യമന്ത്രിയെ പ്രതിയാക്കാനാണ് നിങ്ങള്‍ ശ്രമിച്ചത്; കെവിന്റെ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും പിണറായി


കേരളം ഇപ്പോള്‍ ഭരിക്കുന്നത് താങ്കളല്ല. പോലീസും – പാര്‍ട്ടിയും ഗുണ്ടകളും ചേര്‍ന്നുള്ള മാഫിയയാണ്. രാഷ്ട്രീയ കൊലപാതകങ്ങളുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത് ശീലിച്ച താങ്കളുടെ പാര്‍ട്ടിക്കാര്‍ ആ പണിയില്ലാത്ത ഒഴിവു കാലത്ത് മറ്റ് ക്വട്ടേഷനുകള്‍ കൂടെ ഏറ്റെടുത്ത് തുടങ്ങിയപ്പോള്‍ പോലീസ് സംവിധാനം അവര്‍ക്ക് മുമ്പില്‍ നട്ടെല്ല് വളച്ച് ഓശാന പാടുകയാണ്. ഇതിനുത്തരവാദി ഭരണാധികാരിയായ താങ്കളാണെന്ന് ഓര്‍മ്മപ്പെടുത്താനുള്ള അവകാശം ഈ നാട്ടിലെ ഓരോ പൗരനുമുണ്ട്. നജീബ് ഓര്‍മ്മപ്പെടുത്തി.

ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ക്കുമുണ്ട്. ആ അവകാശത്തോട് സഹിഷ്ണുത കാണിക്കാന്‍ കഴിയാത്തത് താങ്കള്‍ക്കുള്ളിലെ ഫാസിസ്റ്റ് മനസ്സ് പുറത്ത് ചാടുന്നത് കൊണ്ടാണ്.ഈ നാട് പലരും ഭരിച്ചിട്ടുണ്ട്. അതില്‍ താങ്കളുടെ പാര്‍ട്ടിയിലെ മുഖ്യമന്ത്രിമാരുമുണ്ട്. അന്നൊന്നുമില്ലാത്ത വിധം ജനം ഇപ്പോള്‍ ഭീതിയിലാണ്. താങ്കള്‍ സുരക്ഷിതനാണ്. താങ്കള്‍ക്ക് ചുറ്റും അംഗ രക്ഷകരുണ്ട്. എന്നാല്‍ ഞങ്ങള്‍ നിരായുധരാണ്. ഒരു സുരക്ഷയുമില്ലാത്ത സാധാരണ മനുഷ്യര്‍ ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാം. നജീബ് പറഞ്ഞു.

ഒരു പക്ഷെ ശ്രീജിത്തിനെ പോലെ ആളുമാറി പോലീസിന്റെ ഇടിക്കൂട്ടിലാവാം. അല്ലെങ്കില്‍ കെവിന്റെ പോലെ ഗുണ്ടകളുടെ കൈകൊണ്ടാവാം. ഉപദേശകരുടെയും കൊട്ടാര വിദൂഷകരുടെയും മുഖസ്തുതിയില്‍ അഭിരമിച്ച് ഇനിയുമൊരു പോക്കിരിയായി തുടരാനാണ് ഭാവമെങ്കില്‍ താങ്കളുടെ സിംഹാസനം ആടിയുലയുന്ന ഉച്ചത്തില്‍ ഞങ്ങളിനിയും ആ ചെണ്ടയില്‍ കൊട്ടുമെന്നും നജീബ് പറഞ്ഞു.

ഈ നാട്ടില്‍ ജനാധിപത്യം നിലനില്‍ക്കുന്ന കാലത്തോളം ജനങ്ങള്‍ക്ക് അതിന് അവകാശമുണ്ട്.അതിന് താങ്കള്‍ എത്ര പ്രകോപിതനായിട്ടും കാര്യമില്ല. കാരണം താങ്കളൊരു കമ്മ്യൂണിസ്റ്റ് രാജ്യത്തിലെ ഏകാധിപതിയല്ല. ജനങ്ങളുടെ വോട്ടിന്റെ ബലത്തില്‍ മാത്രം നിലനില്‍ക്കുന്ന മുഖ്യമന്ത്രിയാണ്. നജീബ് കാന്തപുരം പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more