ഒന്നര ദിവസത്തെ മരുഭൂമിയിലെ മണലിലൂടെയുള്ള യാത്രയ്‌ക്കൊടുവില്‍ രക്ഷപ്പെട്ട് റിയാദില്‍ എത്തിയപ്പോള്‍ തനിക്ക് ആദ്യമായി ഭക്ഷണം തന്നത് കോഴിക്കോട്ടെ ഒരു ഹോട്ടലുകാരനായിരുന്നുവെന്ന് നജീബ്. രണ്ടര വര്‍ഷത്തിന് ശേഷം നല്ലൊരു ഭക്ഷണം കഴിക്കുന്നത് അന്നാണെന്നും വയറു നിറയെ താന്‍ ഭക്ഷണം കഴിച്ചെന്നും നജീബ് പറയുന്നു. ഫ്‌ളവേഴ്‌സിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നജീബ്.
മരുഭൂമിയില്‍ നിന്ന് രക്ഷപ്പെടുമ്പോള്‍ കഴിക്കാനുള്ള ഒന്നും ഞങ്ങള്‍ കയ്യില്‍ കരുതിയിരുന്നില്ല. ആകെയുണ്ടായിരുന്നത് ഒരു കുപ്പി വെളളം മാത്രമായിരുന്നു. ഒരുപാട് ദുരിതങ്ങള്‍ താണ്ടിയാണ് നടന്നത്. പാമ്പിനെ കണ്ടതൊക്കെ അതില്‍ ഒരു ഭാഗം മാത്രമാണ്. ദാഹിച്ച് ഒരിറ്റ് വെള്ളം കിട്ടാതെ നടന്നു.
അങ്ങനെ ഒരു സ്ഥലത്ത് എത്തിയപ്പോള്‍ വെള്ളം ഒഴുകിപ്പോകുന്നത് കണ്ടു. അവിടെ നിന്നും കുറച്ച് വെള്ളം കുടിച്ചു. ഒന്നര ദിവസം ഒരു ഭക്ഷണവും കഴിക്കാതെ ഞങ്ങള്‍ ഒരുമിച്ച് നടന്നു. എന്റെ ദൈവമായി അവിടെ രക്ഷപ്പെടുത്താന്‍ വന്ന ആളായിട്ടാണ് ഞാന്‍ അദ്ദേഹത്തെ കാണുന്നത്.
നടന്നു നടന്ന് ഒടുവില്‍ റോഡ് കണ്ടു. ഒരു ചെറിയ റോഡായിരുന്നു അത്. ആള്‍ക്കാരെ ആരെയെങ്കിലും കാണുകയാണെങ്കില്‍ ബെത്ത റിയാദ് എന്ന് പറയാന്‍ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. റോഡിലൂടെ വണ്ടികള്‍ പോകുന്നുണ്ടെങ്കിലും ഒന്നും നിര്‍ത്തുന്നില്ല.
ഒടുവില്‍ നല്ലവനായ ഒരു അറബി വണ്ടി നിര്‍ത്തി. എന്റെ രൂപം വികൃതമായിരുന്നു. പക്ഷേ പുള്ളിക്ക് എന്റെ അവസ്ഥ മനസിലായി. അദ്ദേഹം അവിടുത്തെ ഏതോ വലിയ ആളായിരുന്നു എന്ന് തോന്നുന്നു. ചെക്ക് പോസ്റ്റ് എത്തുമ്പോള്‍ എന്നോട് താന്ന് ഇരുന്നോളാന്‍ പറഞ്ഞു.
രണ്ട് മണിക്കൂറോളം വണ്ടി ഓടി. റിയാദ് ബത്തയില്‍ എത്തി. ഞാന്‍ എത്തുന്നത് ഒരു വ്യാഴാഴ്ചയാണ്. ദിവസമൊന്നും എനിക്ക് അറിയില്ല. അവിടെ ഈ അറബി എന്നെ ഇറക്കിത്തന്നു. അതൊരു ടൗണാണ്. ലക്ഷക്കണക്കിന് ആളുകള്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നു. ഞാന്‍ ശരിക്കും കരഞ്ഞുപോയി. ആളുകളൊക്കെ സുഖമായി ഇരിക്കുന്നു. ഞാന്‍ അനുഭവിച്ചത് ഓര്‍ത്തപ്പോള്‍ കരഞ്ഞുപോയി.
ഒരു ഹോട്ടലിന്റെ വാതില്‍ക്കലാണ് ഞാന്‍ വണ്ടിയിറങ്ങിയത്. ഹോട്ടലിലെ ഒരാള്‍ എന്നെ അകത്തേക്ക് വിളിച്ച് കൂട്ടിക്കൊണ്ടുപോയി. എനിക്ക് പൊറോട്ടയും ഇറച്ചിയുമൊക്കെ തന്നു. അദ്ദേഹം മലയാളിയായിരുന്നു, കോഴിക്കോട്ടുകാരന്‍.
എന്നെ കണ്ടാല്‍ ആര്‍ക്കും മനസിലാകും ഇങ്ങനെ ഒരു അവസ്ഥയില്‍ നിന്ന് വരികയാണെന്ന്. രണ്ടര വര്‍ഷത്തിന് ശേഷം ആദ്യമായി നല്ല ഭക്ഷണം കഴിക്കുന്നത് അന്നാണ്. ആര്‍ത്തിയോടെ കഴിച്ചു. ആരുടേയെങ്കിലും നമ്പര്‍ കയ്യില്‍ ഉണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. നമ്പര്‍ കൊടുത്തു പുള്ളിതന്നെ അവിടെ നിന്ന് ഒരു കാര്‍ വിളിച്ച് എന്നെ ഇന്ന സ്ഥലത്ത് വിടാന്‍ പറഞ്ഞു. പൈസയും കൊടുത്തു.
അതിന് ശേഷമാണ് അവിടെയുള്ള ബന്ധുക്കളൊക്കെ വന്നത്. അവര്‍ മുടിയൊക്കെ വെട്ടി. മരുഭൂമിയിലെ മണലിലൂടെ നടന്ന് കാലൊക്കെ പൊട്ടിയിട്ടുണ്ടായിരുന്നു. അതില്‍ മരുന്നൊക്കെ വെച്ചു. കുറച്ച് ദിവസത്തിന് ശേഷമാണ് പൊലീസില്‍ പോയി പിടികൊടുക്കുന്നത്.
കാരണം എന്റെ കയ്യില്‍ ഒരു രേഖയുമുണ്ടായിരുന്നില്ല. മരുഭൂമിയിലെ ആ വണ്ടിയിലൊക്കെ ഞാനെന്റെ പാസ്‌പോര്‍ട്ട് അന്വേഷിച്ചു, കണ്ടില്ല.
പൊലീസ് സ്റ്റേഷനില്‍ ആഴ്ചയില്‍ രണ്ട് ദിവസം തിരിച്ചറിയല്‍ പരേഡുണ്ട്. നമ്മളെ വരിവരിയായി നിര്‍ത്തും. ആ സമയത്ത് നമ്മുടെ മനസില്‍ വല്ലാത്തൊരു അവസ്ഥയാണ്. പിടിക്കപ്പെട്ടാല്‍ തീര്‍ന്നു. അന്ന് ആ അറബിയെപ്പോലെയുള്ള ഒരാള്‍ വന്നു. എന്നെ കണ്ടു. എന്നാല്‍ എന്റെ വിസയല്ലാത്തതുകൊണ്ടായിരിക്കാം എന്നെ പിടിച്ചുകൊണ്ടുപോയില്ല.
അതിന് ശേഷമാണ് ബഹ്‌റൈനില്‍ നിന്ന് അളിയന്‍ ടിക്കറ്റൊക്കെ അയക്കുന്നതും അവിടെ നിന്ന് കയറി നാട്ടിലേക്ക് തിരിക്കുന്നതും,’ നജീബ് പറഞ്ഞു.