കോഴിക്കോട്: നായര്‍ സമൂഹത്തിലെ ആണ്‍കുട്ടികള്‍ക്ക് പെണ്ണ് കിട്ടാതെ നില്‍ക്കുകയാണെന്ന അഭിപ്രായം പങ്കുവെച്ച ഒരു ഫേസ്ബുക്ക് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ്. സുരേഷ് ജി. നായര്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലാണ് ‘നായര്‍ സമൂഹം അതിസങ്കീര്‍ണ അവസ്ഥയിലാകുമോ?’ എന്ന തലക്കെട്ടില്‍ കുറിപ്പ് പങ്കുവെച്ചത്.
നായന്മാരിലെ ആയിരക്കണക്കിന് പുരുഷന്മാര്‍ വിവാഹം കഴിക്കാതെ നില്‍ക്കുകയാണെന്ന ഇയാളുടെ ആശങ്കയാണ് കുറിപ്പില്‍ പറയുന്നത്. ഹൈദരാബാദിലെ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയാണെന്നാണ് ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.
2030ഓടുകൂടി ഇതര ജാതി, മതസ്ഥര്‍ക്ക്, അവര്‍ പറയുന്ന ഡിമാന്‍ഡ് അംഗീകരിച്ച് വിവാഹം നടത്തിക്കൊടുക്കേണ്ട ഗതികേട് നായര്‍ സമൂഹത്തിന് ഉണ്ടാകുമെന്നും ഇയാള്‍ പറയുന്നു.
നായര്‍ സമൂഹത്തിലെ പുരുഷന്മാര്‍ക്ക് ആരും പരിഗണനപോലും കൊടക്കുന്നില്ലെന്നും സമുദായ ആചാര്യന്മാരും സമുദായ നേതാക്കളും ഇതിനുവേണ്ടി അംഗങ്ങളില്‍ അവബോധം ഉണ്ടാക്കണമെന്നും ഇയാള്‍ അഭിപ്രായം പങ്കുവെക്കുന്നു.
ഈ പോസ്റ്റ് വലിയ രീതിയില്‍ ട്രോളുകള്‍ ഏറ്റുവാങ്ങുന്നുണ്ട്. 2,300 റിയാക്ഷന്‍സ് ലഭിച്ച പോസ്റ്റിന് 2,000ല്‍ കൂടുതലും ഹാ ഹാ(ചിരി) റിയാക്ഷനാണുള്ളത്. ‘പുര നിറഞ്ഞ നായര്‍ പുരുഷന്‍, പ്രശ്‌നം മന്ത്രിസഭ കൂടി കൂലംകുഷമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്,’ തുടങ്ങിയ പരിഹാസ കമന്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്.
ട്രോളുകള്‍ക്ക് പുറമെ ചില വിമര്‍ശനങ്ങള്‍ക്കും പോസ്റ്റ് വിധേയമാകുന്നുണ്ട്. കേരളത്തില്‍ ജാതിയില്ലെന്ന് പറയുന്നവര്‍ ഈ പോസ്റ്റ് വായിക്കണമെന്നും എങ്ങനെയാണ് ജാതിയപരമായി ചിലര്‍ സമൂഹത്തെ വിഭജിക്കുന്നതെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.
സുരേഷ് ജി. നായരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
നായര്‍ സമൂഹം അതിസങ്കീര്‍ണ അവസ്ഥയിലാകുമോ? നായന്മാരിലെ ആയിരക്കണക്കിന് പുരുഷന്മാര്‍ വിവാഹം കഴിക്കാതെ നില്‍ക്കുകയാണ്. ഇങ്ങനെ തുടരുകയാണെങ്കില്‍ 2010ന് ശേഷം വിവാഹിതരായവര്‍ക്ക് ജനിക്കുന്ന മക്കള്‍ പ്രായപൂര്‍ത്തി ആകുമ്പോള്‍ അവര്‍ ആരെ വിവാഹം കഴിക്കും എന്നത് ചിന്താവിഷയമാണ്!
ഏകദേശം 2030 ഓടുകൂടി നമ്മുടെ മക്കളെ ഇതര ജാതി, മതസ്ഥര്‍ക്ക്, അവര്‍ പറയുന്ന ഡിമാന്‍ഡ് അംഗീകരിച്ചു വിവാഹം നടത്തിക്കൊടുക്കേണ്ട ഗതികേട് നായര്‍ സമൂഹത്തിന് ഉണ്ടാകും. വിവാഹവും പ്രത്യുല്‍പ്പാദനവും ഇല്ലെങ്കില്‍ നമ്മള്‍ ശോഷിച്ച് ഇല്ലാതാകുമെന്നതില്‍ സംശയമില്ല.
നായര്‍ സമൂഹത്തിലെ ആണ്‍കുട്ടികള്‍ യാതൊരു ഡിമാന്റും ഇല്ലെങ്കില്‍ക്കൂടിയും പെണ്ണു കിട്ടാതെ നില്‍ക്കുകയാണ്. അവര്‍ക്കൊരു പരിഗണനപോലും ആരും കൊടക്കുന്നില്ല. അവരെപ്പോലെ ആയിരങ്ങള്‍ ഇങ്ങനെ അവിവാഹിതരായി നിന്നാല്‍ നായരെന്ന് അഭിമാനിക്കുന്ന നമ്മുടെ അവസ്ഥയെന്താകും എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. കേരളത്തിന് പുറത്ത് വടക്കേ ഇന്ത്യയില്‍ അവിടെ സ്ഥിരതാമസം ആക്കിയ മറ്റു സംസ്ഥാനക്കാരെയാണ് നമ്മുടെ കുട്ടികള്‍ കൂടുതലായി വിവാഹം കഴിക്കുന്നതായി കണ്ടുവരുന്നു.
കേരളത്തിലുള്ള നായര്‍ മാതാപിതാക്കള്‍ അവരുടെ മക്കളെ വടക്കേ ഇന്ത്യയിലേക്ക് അയക്കാന്‍ താത്പര്യപ്പെടാത്തതും ഇതിനൊരു കാരണമാണ്. ഈ സമുദായം നിലനില്‍ക്കണമെങ്കില്‍ ഓരോ വീട്ടിലും കുറഞ്ഞത് മൂന്ന് കുട്ടികള്‍ എന്ന നിലയിലേക്ക് നമ്മള്‍ കടക്കേണ്ടതാണ്. ഉടന്‍ തന്നെ ഇതിനൊരു പരിഹാരം കണ്ടെത്തിയേ മതിയാകൂ. സമുദായ ആചാര്യന്മാരും സമുദായ നേതാക്കളും ഇതിനുവേണ്ടി അംഗങ്ങളില്‍ അവബോധം ഉണ്ടാക്കണമെന്നാണ് എന്റെ അഭിപ്രായം.
Content Highlight: Nair men cannot get women, Trolls received note