തിരുവനന്തപുരം: തിരുവനന്തപുരം ഗവണ്മെന്റ് കോളേജിൽ എഴുത്തുകാരൻ ടി.ടി. ശ്രീകുമാർ പങ്കെടുത്ത സെമിനാറിൽ നായർ സമുദായത്തെ വംശീയ വിചാരണ നടത്തുകയും അവഹേളിക്കുകയും ചെയ്തുവെന്നാരോപിച്ച് കോളേജ് പ്രിൻസിപ്പാലിന് കത്തെഴുതി നായർ സംഘടന നാഷണൽ ഡെമോക്രാറ്റിക് കോൺഫറൻസ് ഓഫ് ഇന്ത്യ.
ചട്ടമ്പി സ്വാമികളെയും സദാനന്ദ സ്വാമികളെയും ശ്രീകുമാർ അവഹേളിച്ചുവെന്നും ‘വിദ്വേഷ’ സെമിനാറിന്റെ വീഡിയോ വർഗീയത പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഹാൻഡിൽസിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നാണ് കത്തിൽ പറയുന്നത്.
ടി.ടി. ശ്രീകുമാർ തന്നെയാണ് കത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
സെമിനാർ നടത്താൻ ഉപയോഗിച്ച നികുതിപ്പണം സെമിനാർ സംഘടിപ്പിച്ച ഹിസ്റ്ററി വകുപ്പ് മേധാവി ഗോപകുമാരനിൽ നിന്ന് ഈടാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നുണ്ട്
സെമിനാർ നടത്തിയതിന് പിന്നിൽ ഗൂഢാലോചന, വിദേശ സഹായം, ദേശവിരുദ്ധ അജണ്ട എന്നിവ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും വിഷയം ഉന്നയിച്ച് കേരള യൂണിവേഴ്സിറ്റി ചാൻസിലർ, വൈസ് ചാൻസിലർ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, കോളേജ് എജുക്കേഷൻ ഡയറക്ടർ, യു.ജി.സി അധികാരികൾ, കേന്ദ്ര എച്ച്.ആർ.ഡി മന്ത്രാലയം, ദേശീയ മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകുമെന്നും പറയുന്നു.
സെമിനാറിൽ സംഘടിത വംശീയ വിചാരണകളും അവഹേളനങ്ങളും നടത്തുവാൻ ഹൈദരാബാദിൽ നിന്നും നായർ സാംസ്കാരിക വംശഹത്യാ വാദിയായ ടി.ടി. ശ്രീകുമാറിനെയാണ് ക്ഷണിച്ചു കൊണ്ടുവന്നതെന്ന് കത്തിൽ ആരോപിച്ചിരുന്നു.
അതേസമയം തികച്ചും അക്കാദമിക സ്വഭാവം പുലർത്തിക്കൊണ്ട് ചരിത്രത്തിലെ വിവിധ ചിന്താധാരകളെ സമന്വയിപ്പിച്ച് സംഘടിപ്പിച്ച ശില്പശാലയെ നായർ ഉന്മൂലനം ഉന്നം വെച്ച് നടത്തിയ ഗൂഢാലോചനയാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ടി.ടി. ശ്രീകുമാർ പറഞ്ഞു.
വംശം, ഹത്യ എന്നീ വാക്കുകളുടെ അർത്ഥം അറിയാത്തതു കൊണ്ടുള്ള അബദ്ധവും പൂർവികർ പോലും ചിരിച്ചുപോകുന്ന വസ്തുതാ വിരുദ്ധതയുമാണ് തന്നെ ‘നായർ വംശഹത്യ വാദി’യായി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചട്ടമ്പി സ്വാമികളെ ചരിത്രപരമായി വിലയിരുത്തുന്നതായിരുന്നു തന്റെ പ്രഭാഷണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അക്കാദമിക രീതിയിൽ ചട്ടമ്പിസ്വാമികളുടെ സംഭാവനകളെ മനസ്സിലാക്കാനുള്ള ശ്രമമാണ് നടത്തിയത് എന്നും കേരളത്തിലെ ശൂദ്രാധികാരവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ സംഭാവനകളെ മനസ്സിലാക്കുന്ന പഠനം താൻ എഴുതിയിട്ടുണ്ടെന്നും ശ്രീകുമാർ പറഞ്ഞു.
രാജൻ ഗുരുക്കൾ, കെ.എൻ. ഗണേഷ്, ജെ. ദേവിക, ഡോ. ജാനകി നായർ, ഇർഫാൻ ഹബീബ്, അർബൻസ് മുഖ്യ, പ്രൊഫ. മഹാലക്ഷ്മി, ഡോ. കെ.എസ്. മാധവൻ, പ്രൊഫ. കാർത്തികേയൻ നായർ തുടങ്ങിയവരും സെമിനാറിൽ പങ്കെടുത്തിരുന്നു.
Content Highlight: Nair group against Seminar in thiruvanananthapuram Govt. College