പാറ്റ്‌ന: ബീഹാറിലെ സീതാമര്‍ഹിയില്‍ മോഷണ, കൊലപാതക കേസില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്ത രണ്ട് മുസ്‌ലിം യുവാക്കളെ പൊലീസ് അതിക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ഗുഫ്‌റാന്‍ ആലം (30), തസ്‌ലീം അന്‍സാരി (32) എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്. സംഭവിച്ചത് കസ്റ്റഡി കൊലപാതകമാണെന്ന് ബീഹാര്‍ ഡി.ജി.പി ഗുപ്‌തേശ്വര്‍ പാണ്ഡെയും സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നും ഡി.ജി.പി പറഞ്ഞു.
മൃതദേഹം സംസ്‌ക്കരിക്കുന്നതിന് മുമ്പ് ബന്ധുക്കള്‍ എടുത്ത ഫോട്ടോയിലും വീഡിയോ ക്ലിപ്പുകളിലും യുവാക്കളുടെ ശരീരത്തില്‍ ആണി അടിച്ചു കയറ്റിയതായി വ്യക്തമാകുന്നുണ്ട്.
“യുവാക്കളുടെ ശരീരത്തില്‍ തുടയിലും കാലിനടിയിലും കണങ്കൈയിലും ആണി അടിച്ചുകയറ്റിയതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. രണ്ട് പേരുടെും കാലുകള്‍ക്ക് മര്‍ദ്ദനത്തില്‍ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂ” കൊല്ലപ്പെട്ട യുവാക്കളുടെ ബന്ധുക്കള്‍ക്കൊപ്പമുള്ള സാബ്ബില്‍ റൂണി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
അതേസമയം കൊലപാതകത്തില്‍ തയ്യാറാക്കിയ എഫ്.ഐ.ആറില്‍ ഇതുവരെ ഒരു പൊലീസുകാരന്റെ പേരും ചേര്‍ത്തിട്ടില്ല.
മാര്‍ച്ച് 7നാണ് യുവാക്കള്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. മുസഫര്‍പൂര്‍ സ്വദേശിയായ രാകേഷ് കുമാര്‍ എന്നയാളെ കൊലപ്പെടുത്തി ബൈക്ക് മോഷ്ടിച്ചെന്ന കേസിലാണ് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.