നാണംകെട്ട നടപടി; ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ ടി.‍ഡി.പിക്കെതിരെ ജയറാം രമേശ്
India
നാണംകെട്ട നടപടി; ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ ടി.‍ഡി.പിക്കെതിരെ ജയറാം രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th March 2024, 9:37 pm

ന്യൂദല്‍ഹി: ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്‍ട്ടിയും പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയും ബി.ജെ.പിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ടി.ഡി.പിയുടേത് നാണംകെട്ട നടപടിയാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

‘2018ല്‍ ടി.ഡി.പി എന്‍.ഡി.എയില്‍ നിന്ന് പുറത്ത് പോയത് ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്. എന്നിട്ട് ഇപ്പോള്‍ ടി.ഡി.പി നാണമില്ലാതെ എന്‍.ഡി.എയിലേക്ക് മടങ്ങിയിരിക്കുകയാണ്’, ജയറാം രമേശ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് വര്‍ഷമായി ആന്ധ്രാപ്രദേശിലെ ജനങ്ങളെ വഞ്ചിക്കുകയാെന്നും കോണ്‍ഗ്രസ് പാര്‍ട്ടി മാത്രമാണ് സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്നതിന് കൂടെ നിന്ന ഒരേയൊരു ദേശീയ പാര്‍ട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ചയാണ് ബി.ജെ.പിയില്‍ ചേരുമെന്ന് ചന്ദ്രബാബു നായിഡു ഔദ്യോഗികമായി അറിയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് എട്ട് സീറ്റ് വിട്ട് നൽകാമെന്ന് ചന്ദ്രബാബു വാഗ്ദാനം നൽകിയിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം തന്നെ ആന്ധ്രയിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 30 സീറ്റുകൾ വിട്ട് നൽകാനും ടി.ഡി.പി തയ്യാറായിട്ടുണ്ട്. ശനിയാഴ്ച നടന്ന രണ്ടാംഘട്ട ചർച്ചകൾക്ക് പിന്നാലെയാണ് ഒരുമിച്ച് മത്സരിക്കാൻ പാർട്ടികൾ തമ്മിൽ ധാരണയിലെത്തിയത്.

Content Highlight: Naidu has a lot to answer, says Congress after TDP joins NDA along with Pawan Kalyan’s party