ഓസ്ട്രേലിയ-ബംഗ്ലാദേശ് മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ വിജയം. ബംഗ്ലാദേശിനെ 118 റണ്‍സിനാണ് കങ്കാരുപ്പട തകര്‍ത്തു വിട്ടത്.
മത്സരം പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബംഗ്ലാദേശ് താരം നഹിദ അക്തർ. മത്സരത്തില്‍ രണ്ട് വീക്കറ്റുകളാണ് നഹിദ നേടിയത്. 10 ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 27 റണ്‍സ് വിട്ടു നല്‍കിയാണ് താരം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്. 2.70 എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.
ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് നഹിദ അക്തർ സ്വന്തമാക്കിയത്. ബംഗ്ലാദേശിനായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന വനിതാ താരം എന്ന നേട്ടമാണ് നഹിദ സ്വന്തമാക്കിയത്. 41 മത്സരങ്ങളില്‍ 39 ഇന്നിങ്‌സില്‍ നിന്നും 53 വിക്കറ്റുകളാണ് നഹിദ നേടിയത്. 44 ഇന്നിങ്‌സില്‍ നിന്നും 52 വിക്കറ്റുകള്‍ നേടിയ സാല്‍മ കാട്ടൂണിനെ മറികടന്നു കൊണ്ടാണ് നഹിദ ഈ നേട്ടം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് നേടിയത്. ഓസ്ട്രേലിയന്‍ ബാറ്റിങ് നിരയില്‍ അന്നാബെല്‍ സതര്‍ ലാന്‍ഡ് 76 പന്തില്‍ പുറത്താവാതെ 58 റണ്‍സും അലന കിങ് 31 പന്തില്‍ പുറത്താവാതെ 46 റണ്‍സും നേടി നിര്‍ണായകമായി.
വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ബംഗ്ലാദേശ് 36 ഓവറില്‍ 95 റണ്‍സിന് പുറത്താവുകയായിരുന്നു. ഓസീസ് ബൗളിങ്ങില്‍ ആഷ്ലീ ഗാര്‍ഡ്നെര്‍ മൂന്ന് വിക്കറ്റും കിം ഗ്രിത്ത് രണ്ടു വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ബംഗ്ലാദേശ് തകര്‍ന്നടിയുകയായിരുന്നു.
64 പന്തില്‍ 27 റണ്‍സ് നേടി കൊണ്ട് ക്യാപ്റ്റന്‍ നികാര്‍ സുല്‍ത്താന മികച്ച ചെറുത്തുനില്‍പ്പ് നടത്തി. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും 20ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.
ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് ഓസ്ട്രേലിയ. മാര്‍ച്ച് 24നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ഷെര്‍ ഇ ബംഗ്ലാ സ്റ്റേഡിയമാണ് വേദി.
Content Highlight: Nahida Akter create a new record in odi