| Monday, 28th August 2023, 3:30 pm

ഞാന്‍ ചെയ്തുനോക്കാം, ഡ്യൂപ്പിന്റെ കാര്യം അതിനു ശേഷം ആലോചിച്ചാല്‍ മതിയെന്ന് പെപ്പെ ; അപകടത്തെ കുറിച്ച് ആര്‍.ഡി.എക്‌സ് സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ആന്റണി വര്‍ഗ്ഗീസ് പെപ്പെ, നീരജ് മാധവ്, ഷെയ്ന്‍ നിഗം എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ആര്‍.ഡി.എക്‌സ് എന്ന ചിത്രം. ഇടിപ്പടം എന്ന ലേബലില്‍ എത്തിയ ചിത്രത്തിന്റെ ഷൂട്ടിങ് പെപ്പെയുടെ പരിക്ക് കാരണം മുടങ്ങിപ്പോയ അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ നഹാസ് ഹിദായത്ത്.

ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ താന്‍ തളര്‍ന്നു പോയ ധാരാളം സന്ദര്‍ഭങ്ങളില്‍ തന്നെ പിടിച്ചു കയറ്റിയത് നിര്‍മാതാവായ സോഫിയ പോളാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദി ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചിത്രത്തിന് വേണ്ടി പത്തുലക്ഷം രൂപയുടെ സെറ്റ് പണികഴിപ്പിച്ചു ഷൂട്ട് തുടങ്ങാന്‍ ഒരു ദിവസം ബാക്കിയുള്ളപ്പോഴാണ് പെപ്പെയ്ക്ക് പരിശീലനത്തിനിടെ തോളില്‍ പരിക്കേറ്റെന്ന വിവരം അറിയുന്നത്. ആദ്യത്തെ 15 ദിവസമായിരുന്നു പെപ്പെയ്ക്ക് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് ഡോക്ടര്‍ മൂന്ന് മാസത്തോളം പൂര്‍ണ വിശ്രമം പറഞ്ഞു.

ഷൂട്ടിംഗ് മുടങ്ങി ആകെ നിരാശനായാണ് ഞാന്‍ വീട്ടിലേക്ക് മടങ്ങിയത്. നിര്‍മാതാക്കള്‍ ഇനി അടുത്ത പ്രോജക്ടിലേക്ക് നീങ്ങുമെന്ന് കരുതിയിരിക്കുമ്പോഴാണ് നിര്‍മാതാവ് സോഫിയ പോള്‍ വിളിക്കുന്നത്. തങ്ങളുടെ അടുത്ത പ്രോജക്റ്റ് ആര്‍.ഡി.എക്‌സ് തന്നെയാണെന്നും മൂന്ന് മാസം നമുക്ക് കാത്തിരിക്കാമെന്നും തിരക്കഥയില്‍ ശ്രദ്ധിച്ചു കൂടുതല്‍ മികച്ചതാക്കാനും അവര്‍ പറഞ്ഞു,’ നഹാസ് പറഞ്ഞു.

മൂന്ന് മാസത്തെ വിശ്രമത്തിന് ശേഷം തിരിച്ചെത്തിയ പെപ്പെയ്ക്ക് ഡ്യൂപ്പിനെ വെക്കാന്‍ തങ്ങള്‍ തീരുമാനിച്ചിരുന്നെന്നും പെപ്പെയുടെ ഏകദേശ രൂപത്തിലുള്ള ഒരാളെ അതിനായി കണ്ടുവെച്ചിരുന്നെന്നും എന്നാല്‍ ഒരു വിധത്തിലും പെപ്പെ അതിന് തയ്യാറായില്ലെന്നും നഹാസ് പറഞ്ഞു.

മൂന്ന് മാസത്തെ വിശ്രമത്തിന് ശേഷം പെപ്പെയ്ക്ക് ഡ്യൂപ്പിനെ വെക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആദ്യത്തെ ദിവസം പെപ്പെ പറഞ്ഞത് താന്‍ ചെയ്തുനോക്കാമെന്നാണ്. ശരിയായില്ലെങ്കില്‍ മാത്രം, ഡ്യൂപ്പിനെ ഉപയോഗിച്ചാല്‍ മതിയെന്ന് പറഞ്ഞു. ഷൂട്ടിംഗ് തീരുന്നത് വരെ ഡ്യൂപ്പിനെ ഉപയോഗിക്കേണ്ടി വന്നിട്ടില്ലെന്നും സംവിധായകന്‍ പറഞ്ഞു. ഒരു വര്‍ഷം ഫൈറ്റ് പടങ്ങള്‍ ചെയ്യരുത് എന്ന് ഡോക്ടര്‍ പറഞ്ഞിട്ടും ഒരുപാട് എഫേര്‍ട്ട് നല്‍കിയാണ് പെപ്പെ മികച്ച പ്രകടനം പുറത്തെടുത്തതെന്നും നഹാസ് വ്യക്തമാക്കി.

‘അതുപോലെ നീരജിന്റെ കഥാപാത്രത്തെ കുറിച്ചും പറയാനുണ്ട്. നീരജിന്റെ കഥാപാത്രമാണ് ചിത്രത്തില്‍ നഞ്ചക്ക് ഉപയോഗിക്കുന്നത്. 20 ദിവസം കൊണ്ടാണ് നീരജ് അത് പഠിച്ചെടുത്തത്. അതിന്റെ അടിസ്ഥാന പാഠങ്ങള്‍ മനസ്സിലാക്കാന്‍ വളരെ പ്രയാസമാണ്. ഒരു ദിവസം എന്നെ പുള്ളിയുടെ ഫ്‌ളാറ്റിലേക്ക് വിളിപ്പിച്ചു.

അവിടെ ചെന്നപ്പോള്‍ ഞാന്‍ കാണുന്നത് രണ്ടു നഞ്ചക്കുമായി നില്‍ക്കുന്ന നീരജിനെയാണ്. അവന്‍ നാല് മൂവ്‌മെന്റുകള്‍ എന്നെ കാണിച്ചു. അത് അതിന്റെ ബേസിക്കാണ്. അത് പഠിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്. ഇത് കണ്ടപ്പോള്‍ തന്നെ ഞാന്‍ മനസ്സില്‍ പറഞ്ഞു, എന്റെ സേവിയര്‍!’ നഹാസ് ഓര്‍മ്മകള്‍ പങ്കുവെച്ചു.

ഷെയ്ന്‍ അവതരിപ്പിക്കുന്ന ബാര്‍ട്ടന്ററുടെ കഥാപാത്രത്തിന് വേണ്ടി ഗ്ലാസ്സുകള്‍ കൊണ്ട് ജിഗ്ലിങ് ചെയ്യുന്നതും കരാട്ടെയുമെല്ലാം പഠിച്ചുവെന്നും നഹാസ് അഭിമുഖത്തില്‍ പറഞ്ഞു.

Content Highlight: Nahas Hudayath Director of RDX about peppe’s Injury

We use cookies to give you the best possible experience. Learn more