| Saturday, 9th December 2023, 11:24 pm

ആര്‍.ഡി.എക്സിന്റെ പ്ലോട്ട് ബേസില്‍ ചേട്ടനോട് പറഞ്ഞിരുന്നില്ല; ഫീല്‍ ഗുഡ് ചിത്രമായിരിക്കുമെന്നാണ് ചേട്ടന്‍ കരുതിയത്: നഹാസ് ഹിദായത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം ഓണത്തിന് റിലീസായി വലിയ വിജയം നേടിയ സിനിമയായിരുന്നു ആര്‍.ഡി.എക്സ്. മലയാളത്തില്‍ വന്ന മികച്ച ആക്ഷന്‍ ചിത്രമായിരുന്നു അത്. നഹാസ് ഹിദായത്ത് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

സംവിധായകനും നടനുമായ ബേസില്‍ ജോസഫിന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചയാളായിരുന്നു നഹാസ്. ഈയിടെയായിരുന്നു നഹാസ് പടമെടുക്കുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും എന്നാല്‍ ആര്‍.ഡി.എക്‌സ് എടുക്കുമെന്ന് അറിയില്ലായിരുന്നു എന്നും ബേസില്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.

ഇപ്പോള്‍ അതിനെ പറ്റി ക്ലബ് എഫ്.എമ്മിന്റെ ഡയറക്റ്റേഴ്സ് ക്ലബ് 2023ല്‍ സംസാരിക്കുകയാണ് നഹാസ് ഹിദായത്ത്. ആര്‍.ഡി.എക്സിന്റെ പ്ലോട്ട് താന്‍ ബേസിലിനോട് പറഞ്ഞിരുന്നില്ലെന്നാണ് നഹാസ് പറയുന്നത്.

‘എന്റെ ഷോര്‍ട്ട് ഫിലിമും കാര്യങ്ങളുമെല്ലാം ബേസില്‍ ചേട്ടന്‍ കണ്ടിരുന്നു. ഒരു ഫീല്‍ ഗുഡ് ചിത്രമായിരിക്കും ഞാന്‍ എടുക്കുക എന്നായിരുന്നു ചേട്ടന്‍ കരുതിയിരുന്നത്.

കാരണം അതിനുമുമ്പ് ഞാന്‍ കൊണ്ടുവന്നിരുന്ന കഥകളെല്ലാം അത്തരത്തിലുള്ളതായിരുന്നു. ഞാന്‍ ആദ്യം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നു പടം ഒരു ഫീല്‍ ഗുഡ് തന്നെയായിരുന്നു.

ആര്‍.ഡി.എക്സിന്റെ പ്ലോട്ടോ പരിപാടികളോ ഒന്നും തന്നെ ബേസില്‍ ചേട്ടനോട് ഞാന്‍ പറഞ്ഞിരുന്നില്ല. അതുകൊണ്ടാണ് ആള് ആര്‍.ഡി.എക്‌സ് പോലെ ഒരു പടമെടുക്കുമെന്ന് അറിയില്ലായിരുന്നു എന്ന് പറഞ്ഞത്.

എനിക്കും ഒരു തിയേറ്ററിക്കലി പടം ചെയ്യുക എന്നുള്ളത് മാത്രമായിരുന്നു ആഗ്രഹം. ആ പ്രൊഡക്ഷന്‍ ഹൗസിന്റെ ഡിമാന്‍ഡും അതുതന്നെയായിരുന്നു.

അതുപോലെ ആര്‍.ഡി.എക്‌സ് മുമ്പുള്ള കഥയായിരുന്നില്ല. നമുക്ക് സിനിമ ചെയ്യാന്‍ അവസരം കിട്ടിയപ്പോള്‍ നമ്മള്‍ അതിന് വേണ്ടി ഉണ്ടാക്കിയെടുത്ത കഥയായിരുന്നു അത്.

എനിക്കും അത് അണ്‍എക്‌സ്‌പെക്ടഡ് ആയിരുന്നു. ഒരു പടം വന്നു, ഇനി അത് ചെയ്യാമെന്നേ ഉണ്ടായിരുന്നുള്ളൂ. ബേസില്‍ ചേട്ടനും സിനിമ ഇഷ്ടമായിരുന്നു,’ നഹാസ് ഹിദായത്ത് പറയുന്നു.

ആര്‍.ഡി.എക്സില്‍ ആന്റണി വര്‍ഗീസ് പെപ്പെ, ഷെയ്ന്‍ നിഗം, നീരജ് മാധവ് തുടങ്ങിയവരായിരുന്നു നായകന്മാരായത്. ഓണം റിലീസ് ആയെത്തി ആഗോള ബോക്സ് ഓഫീസ് തൂത്തുവാരിയ ചിത്രം കൂടെയാണ് ആര്‍.ഡി.എക്സ്. ലാല്‍, ബാബു ആന്റണി, മാല പാര്‍വതി, മഹിമ നമ്പ്യാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.


Content Highlight: Nahas Hidhayath Talks About Basil And Rdx

We use cookies to give you the best possible experience. Learn more