| Wednesday, 4th October 2023, 11:39 am

'ലാൽ സാറും പെപ്പെയും ഷെയ്‌നുമൊക്കെ കുഞ്ഞിനെ എടുത്തിട്ട് ഓ..ഓ ..ഓ.., അത് ഭയങ്കര ചലഞ്ചിങ് സീനായിരുന്നു'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആർ.ഡി.എക്സ് സിനിമയിൽ കുഞ്ഞിനെ വെച്ച് ഷൂട്ട് ചെയ്ത രംഗങ്ങങ്ങൾ ഭയങ്കര ചലഞ്ചിങ് ആയിട്ട് തോന്നിയെന്ന് സംവിധായകൻ നഹാസ് ഹിദായത്ത്. കുഞ്ഞിനെ ഓക്കെയാക്കാൻ സെറ്റിലെ എല്ലാവരും ബുദ്ധിമുട്ടിയിട്ടുണ്ടെന്നും പെപ്പെയും ഷെയ്‌നും ലാലുമൊക്കെ മാറി മാറി കുഞ്ഞിനെ എടുക്കുന്നത് തനിക്ക് ഓർമയുണ്ടെന്നും നഹാസ് കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നഹാസ് ഹിദായത്ത്.

‘കുഞ്ഞിനെ വെച്ച് ഷൂട്ട് ചെയ്തതാണ് ഭയങ്കര ചലഞ്ചിങ് ആയിട്ട് തോന്നിയത്. കുഞ്ഞിന്റെ ഇമോഷൻ കറക്റ്റ് കൺവെ ആയിട്ടില്ലെങ്കിൽ ആ പടമേ ഉണ്ടാവില്ല. കുഞ്ഞ് ക്യാമറ ലൈറ്റ് കണ്ടാൽ പെട്ടെന്ന് കരയും. ഒരു പോയിൻറ് കഴിഞ്ഞ് നമുക്ക് തന്നെ തോന്നും എങ്ങനെ ഷൂട്ട് ചെയ്യുക എന്നത്. സെറ്റിലെ എല്ലാവരും ആ കുഞ്ഞിനെയായിരുന്നു ഫോക്കസ് ചെയ്തത്.

രസകരമായ ഒരു കാര്യം എനിക്ക് ഓർമ്മയുണ്ട്. ഞങ്ങൾ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നു ഒരു സൈഡിൽ ലാൽ സാർ കുഞ്ഞിനെ കയ്യിൽ എടുത്തിട്ട് ഓ..ഓ ..ഓ എന്ന് പറഞ്ഞ് സമാധാനിപ്പിക്കാൻ നോക്കുന്നു, കുറച്ച് കഴിയുമ്പോൾ പെപ്പെ ഓ..ഓ ..ഓ, പിന്നെ നോക്കുമ്പോൾ ഷെയ്ൻ അങ്ങനെ പോകുന്നു. മാല പാർവതി ചേച്ചി വന്നിട്ട് വീശികൊടുക്കുന്നു. എല്ലാവരും ആ കുഞ്ഞിനെ ഒന്ന് കൂളാക്കാൻ വേണ്ടിയിട്ട് നിന്ന സമയം ഉണ്ടായിരുന്നു.

കുഞ്ഞ് ഉറങ്ങി കിട്ടിക്കഴിഞ്ഞാൽ ഷൂട്ട് ചെയ്യാം, അതിനുവേണ്ടി ഞങ്ങളെല്ലാവരും കുഞ്ഞിനെ ഉറക്കാൻ വേണ്ടി വീശി, അതുപോലെ ഫാൻ ഒക്കെ വെച്ചുകൊടുത്തു. പെപ്പെയുടെയും ഷെയ്‌നിന്റെയും മാനേജർമാരൊക്കെ അവർക്കൊന്നും ഫാൻ വെച്ച് കൊടുക്കാതെ കുഞ്ഞിന് വെച്ചുകൊടുക്കുകയാണ്. അങ്ങനെ കുഞ്ഞിനെ ഉറക്കിയിട്ട് ഒരു സീൻ എടുത്തത് എനിക്ക് ഓർമ്മയുണ്ട്.

ഫുഡ് കൊടുത്ത് കഴിഞ്ഞാൽ ഇത്ര സമയമെടുക്കും ഇവൻ ഉറങ്ങാനെന്ന് നമുക്കറിയാം. അതുപോലെ അവൻ എഴുന്നേറ്റിരിക്കുന്ന സമയവും നമുക്കറിയാം.
ലാൽ സാർ വിളിച്ച് പറയും’ കുഞ്ഞ് കരഞ്ഞാൽ ഞാൻ പോകും കേട്ടോ’ എന്ന്. കാരണം സാറിന് കുഞ്ഞ് കരയുന്നത് കേട്ട് കഴിഞ്ഞാൽ ഭയങ്കര വിഷമമാണ്. കരയിപ്പിച്ച് അല്ലല്ലോ കുഞ്ഞിനെ ഷൂട്ട് ചെയ്യേണ്ടത്. അപ്പോൾ അവനെ കംഫർട്ട് ആക്കുന്നത് എല്ലാവരുടെയും ഉത്തരവാദിത്തം ആയിരുന്നു.

മാല പൊട്ടിക്കുന്ന സീൻ എടുക്കുന്നതിന് മുൻപ് കുഞ്ഞുറങ്ങി കിടക്കുകയായിരുന്നു. രണ്ട് ടേക്ക് മാത്രമേ എടുത്തിട്ടുള്ളൂ. രണ്ട് ക്യാമറ സെറ്റ് ചെയ്തു വെച്ചു. കുഞ്ഞിന്റെ അമ്മയെ ലാൽ സാറിൻറെ ഓപ്പോസിറ്റ് നിർത്തി. അമ്മയെ കണ്ടു കഴിഞ്ഞാൽ അവൻ അവിടേക്ക് നോക്കി കൈ കാണിക്കും എന്ന് നമുക്കറിയാം.

മാല പൊട്ടിക്കുമ്പോൾ മുകളിലോട്ട് നോക്കണം. അതിനുവേണ്ടി ഞാൻ മുകളിൽ നിന്ന് കയ്യടിക്കും. അങ്ങനെ ഒരു ടൈമിങ് വെച്ചിട്ടാണ് അത് ഷൂട്ട് ചെയ്തത്. ഒറ്റതവണയെ അവനെ കിട്ടുകയുള്ളൂ. അത് കിട്ടിയപ്പോൾ തന്നെ നല്ല സന്തോഷമായിരുന്നു. കാരണം കുഞ്ഞിനെ അധികം കരയിപ്പിക്കേണ്ടി വന്നില്ല,’ നഹാസ് പറഞ്ഞു.

Content Highlight: Nahas Hidayath talks about the challenging scene in RDX movie

We use cookies to give you the best possible experience. Learn more