ഈ വര്‍ഷം വലിയ വിജയം നേടിയ സിനിമയായിരുന്നു ആര്‍.ഡി.എക്‌സ്. ഒരുപാട് നാളിന് ശേഷം മലയാളത്തില്‍ വന്ന ആക്ഷന്‍ ചിത്രമായിരുന്നു അത്.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത സിനിമയില്‍ ആന്റണി വര്‍ഗീസ് പെപ്പെ, ഷെയ്ന്‍ നിഗം, നീരജ് മാധവ് തുടങ്ങിയ വലിയ താരങ്ങളായിരുന്നു അഭിനയിച്ചത്.
ഓണം റിലീസ് ആയെത്തി ആഗോള ബോക്‌സ് ഓഫീസ് തൂത്തുവാരിയ ചിത്രം കൂടെയാണ് ആര്‍.ഡി.എക്‌സ്. ലാല്‍, ബാബു ആന്റണി, മാല പാര്‍വതി, മഹിമ നമ്പ്യാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോള്‍ ക്ലബ് എഫ്. എമ്മിന്റെ ഡയറക്‌റ്റേഴ്‌സ് ക്ലബ് 2023ല്‍ ആര്‍.ഡി.എക്‌സില്‍ സംസാരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ നഹാസ് ഹിദായത്ത്.
‘എനിക്ക് 2023 വളരെ സ്‌പെഷ്യല്‍ ആണ്. ഈ വര്‍ഷമാണ് എന്റെ ആദ്യ പടം ഇറങ്ങിയത്. സിനിമ കണ്ട് കമല്‍ ഹാസന്‍ സാര്‍ വിളിച്ചു. അങ്ങനെ ഒരു വിളി ഉണ്ടായി. അതൊക്കെ കൊണ്ടാണ് വളരെ സ്‌പെഷ്യല്‍ ആണെന്ന് പറയുന്നത്.
ആദ്യ പടം ഓണകാലത്ത് തിയേറ്ററിലെത്തിക്കാന്‍ പറ്റിയെന്ന് ഉള്ളതിലും സന്തോഷമുണ്ട്. സിനിമക്ക് വലിയ വിജയം തന്നെയാണ് ലഭിച്ചത്. തിയേറ്റര്‍ നിറഞ്ഞു കാണാന്‍ പറ്റി.
ഈ വര്‍ഷം അത്തരത്തില്‍ ഒരുപാട് പടങ്ങള്‍ വന്നു. നമ്മളുടെ സിനിമ മാത്രമല്ല കണ്ണൂര്‍ സ്‌ക്വാഡും ഗരുഡനും കാതലുമൊക്കെ വന്നു. എല്ലാ സിനിമകളിലും തിയേറ്റര്‍ നിറഞ്ഞു കാണാന്‍ പറ്റി.
ആ അര്‍ത്ഥത്തില്‍ സിനിമാ മേഖല മൊത്തത്തില്‍ നന്നായിട്ട് പോകുകയാണ്. 2023ല്‍ ഇപ്പോള്‍ എല്ലാത്തരം ഴോണറും വന്നു,’ നഹാസ് ഹിദായത്ത് പറഞ്ഞു.
കമല്‍ ഹാസന്‍ സിനിമ കണ്ട് ഫോണ്‍ വിളിച്ചപ്പോള്‍ എന്താണ് സംസാരിച്ചതെന്ന് ചോദിച്ചപ്പോള്‍ പടം നന്നായിട്ടുണ്ടെന്ന് പറഞ്ഞെന്നും സിനിമയിലെ ഇമോഷന്‍സിനെ കുറിച്ചാണ് സംസാരിച്ചതെന്നും നഹാസ് പറയുന്നു.
‘ഞങ്ങള്‍ പരസ്പരം സംസാരിച്ചു. കമല്‍ ഹാസന്‍ സാര്‍ പടം നന്നായിട്ടുണ്ടെന്ന് പറഞ്ഞു. സിനിമയിലെ ഇമോഷന്‍സിനെ കുറിച്ചൊക്കെ പറഞ്ഞിരുന്നു. ഞങ്ങള്‍ കുറച്ച് നേരമേ സംസാരിച്ചുള്ളൂ. ഏകദ്ദേശം പത്തു മിനിറ്റോളം സംസാരിച്ചിരുന്നു,’ നഹാസ് ഹിദായത്ത് പറഞ്ഞു.
കമല്‍ ഹാസന്‍ ഒരുമിച്ച് പടം ചെയ്യാമെന്ന് പറഞ്ഞിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് ‘മീറ്റ് ചെയ്യാമെന്ന് പറഞ്ഞു’ എന്നായിരുന്നു നഹാസിന്റെ മറുപടി.
അദ്ദേഹത്തെ കാണാന്‍ പോകുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ചിരിയോടെ ‘പോകണം, വിളിച്ചാല്‍ പോകാതിരിക്കാന്‍ പറ്റില്ലല്ലോ’ എന്ന് മാത്രം നഹാസ് പറഞ്ഞു.
Content Highlight: Nahas Hidayath Talks About Kamal Haasan