പ്രണയത്തിൽ പണി കിട്ടിയിട്ടുള്ളപ്പോൾ ഇനി ആരെയും ഒന്നിപ്പിക്കില്ല എന്ന് കരുതിയതാണ്: നഹാസ് ഹിദായത്ത്
Entertainment news
പ്രണയത്തിൽ പണി കിട്ടിയിട്ടുള്ളപ്പോൾ ഇനി ആരെയും ഒന്നിപ്പിക്കില്ല എന്ന് കരുതിയതാണ്: നഹാസ് ഹിദായത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th November 2023, 11:03 pm

ആർ.ഡി.എക്സ് എന്ന സിനിമയിലെ നടന്മാരെയും വില്ലന്മാരെയും തുടങ്ങി പടത്തിലെ ഓരോ കഥാപാത്രവും പ്രേഷകരുടെ മനസ്സിൽ ഇടം നേടിയിരുന്നു. സിനിമയിലെ നായകന്മാരെയും വില്ലന്മാരെയും തെരഞ്ഞെടുത്തതിനെക്കുറിച്ച് ആർ.ഡി.എക്സ് സക്സസ് സെലിബ്രേഷന്റെ വേദിയിൽ സംസാരിക്കുകയാണ് സംവിധായകൻ നഹാസ് ഹിദായത്ത്.

അതേസമയം സിനിമയിൽ മിനിയെ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരാൾക്കാണോ കെട്ടിച്ച് കൊടുത്തത് എന്ന ചോദ്യത്തിന് താൻ ബോധപൂർവം അവർക്കൊന്നും കെട്ടിച്ച് കൊടുക്കാത്തതാണെന്നും പ്രണയത്തിൽ പണി കിട്ടിയത് കൊണ്ട് ആരെയും ഒന്നിപ്പിക്കില്ലെന്ന് കരുതിയിരുന്നെന്നുമായിരുന്നു നഹാസിന്റെ രസകരമായ മറുപടി.

‘ഞാൻ ബോധപൂർവം ഇവർക്ക് ഒന്നും കെട്ടിച്ചു കൊടുക്കാതിരുന്നതാണ്. ജീവിതത്തിൽ നമുക്ക് പ്രണയത്തിൽ പണി കിട്ടിയിട്ടുള്ളപ്പോൾ ഇനി ആരെയും ഒന്നിപ്പിക്കില്ല എന്ന് കരുതിയതാണ്. ഞാൻ ഒന്നിപ്പിക്കില്ല ആരെയും. എഴുതുമ്പോൾ തന്നെ രതീഷിന്റെ ക്യാരക്ടർ ഒക്കെ ഉണ്ടായിരുന്നു. ആ ലുക്കിലേക്ക് എത്തിക്കാൻ ആയിരുന്നു പാട്. സിനിമ കഴിഞ്ഞതിന് ശേഷമാണ് ഇവർ താടി വെച്ച് നടക്കാൻ തുടങ്ങിയത്. അതിനുമുമ്പ് ഇവർ ഇങ്ങനെയൊന്നുമല്ല നടന്നിരുന്നത്,’ നഹാസ് പറഞ്ഞു.

മലയാളത്തിൽ കോമ്പിനേഷൻ നായകന്മാർ വന്നിട്ടുള്ള പടങ്ങളെല്ലാം വിജയിച്ചിട്ടുണ്ടന്നും അതുപോലെ ഈ സിനിമയിലെ കോമ്പിനേഷൻ തനിക്ക് എക്സൈറ്റഡ് ആയിരുന്നെന്നും നഹാസ് പറഞ്ഞു. അതുപോലെ വില്ലന്മാരെല്ലാം തന്റെ കൂട്ടുകാരാണെന്നും താൻ എറണാകുളത്ത് വന്ന് സ്ട്രഗിൾ ചെയ്യുന്ന സമയം മുതൽ കൂടെ ഉള്ളവരാണെന്നും നഹാസ് പറഞ്ഞു. വില്ലന്മാരെ ആളുകൾ സെലിബ്രേറ്റ് ചെയ്തപ്പോൾ സന്തോഷമായെന്നും അത് തന്റെ കൂട്ടുകാർ ആയതിൽ അതിലും വലിയ സന്തോഷം ആയെന്നും നഹാസ് കൂട്ടിച്ചേർത്തു.

‘കോമ്പിനേഷൻ വരുമ്പോൾ ഇപ്പോഴും മലയാളത്തിൽ വർക്കഔട്ട് ആവാറുണ്ട്. ഇതിനുമുൻപ് ബാംഗ്ലൂർ ഡേയ്സ് ആയിക്കോട്ടെ, അമർ അക്ബർ അന്തോണി തുടങ്ങിയ പടങ്ങളൊക്കെ നമുക്ക് തിയേറ്ററിൽ കാണുമ്പോൾ ഭയങ്കര രസത്തിൽ കണ്ടിരിക്കാൻ പറ്റുന്ന പടങ്ങളാണ്. ഇവരുടെ കോമ്പിനേഷൻ എനിക്ക് വളരെ എക്സൈറ്റഡ് ആയിരുന്നു.

അതുപോലെ വില്ലന്മാർ എല്ലാവരും എന്റെ കൂട്ടുകാരാണ്. എറണാകുളത്ത് ഞാൻ വന്ന എന്റെ സ്ട്രഗിൾ സ്റ്റേജ് തൊട്ട് എന്റെ കൂടെയുള്ളവരാണ്. ഞങ്ങൾ ഒരേ സമയത്ത് വന്ന ആളുകളാണ്. ഒരുപാട് നാൾ കഴിഞ്ഞാണ് വില്ലന്മാരെ സെലിബ്രേറ്റ് ചെയ്യുന്ന ഒരു സിനിമ വന്നത്. അത് എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. അത് എന്റെ കൂട്ടുകാർ ആയതിൽ എനിക്ക് അതിലും വലിയ സന്തോഷം. തീയറ്റർ വിസിറ്റിനു പോകുമ്പോൾ സെബാൻ എന്ന ക്യാരക്ടർ ചെയ്ത ആളിനെ ഒരു ചേച്ചി വന്നിട്ട് എന്തൊക്കെയോ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്,’ നഹാസ് ഹിദായത്ത് പറഞ്ഞു.

Content Highlight: Nahas hidayath about the man who married mini in the movie