ഓണം റിലീസ് ആയെത്തി ആഗോള ബോക്സ് ഓഫീസ് തൂത്തുവാരിയ ചിത്രമായിരുന്നു നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർ.ഡി. എക്സ്. ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്റണി വർഗീസ് പെപ്പെ എന്നിവരെ നായകരാക്കി മികച്ച പ്രതികരണം നേടിയിരുന്നു. ഒരു നവാഗത സംവിധായകന് ലഭിക്കാവുന്ന മികച്ച സ്വീകരണമാണ് ആർ.ഡി.എക്സ് നഹാസിന് സമ്മാനിച്ചത്.
ഫസ്റ്റ് ഡേ സിനിമ കാണാൻ പോയപ്പോഴുള്ള അനുഭവം രേഖ മേനോനുമായുള്ള അഭിമുഖത്തിൽ പങ്കുവെക്കുകയാണ് നഹാസ്. തനിക്ക് റിലീസിന് മുൻപേ ടെൻഷൻ ആയിരുന്നെന്നും ഒരു പടം കുഴപ്പവുമില്ലാതെ റിലീസ് ആവുക എന്നതാണ് വലിയ കാര്യമെന്നും നഹാസ് പറഞ്ഞു. സിനിമയുടെ ഒരു പോയിന്റിൽ ആളുകൾക്ക് വർക്കായി കഴിഞ്ഞാൽ രക്ഷപ്പെട്ടു എന്ന് കരുതിയിരുന്നെന്നും നഹാസ് പറയുന്നുണ്ട്.
‘എനിക്ക് ടെൻഷൻ മുഴുവൻ റിലീസിന് മുൻപേ ആയിരുന്നു. റിലീസിന് തലേന്ന് വരെ അടിച്ച ടെൻഷന് കയ്യും കണക്കുമില്ല. നമ്മുടെ പടം ഒരു കുഴപ്പവുമില്ലാതെ റിലീസ് ആവുക എന്നത് തന്നെ വലിയ കാര്യം. ഓണസമയത്ത് ഒരു പടം വരുക എന്ന് പറയുന്നതും ഭയങ്കര സന്തോഷമുള്ളതാണ്. തിയേറ്ററിൽ കയറി ഫസ്റ്റ് ഡേ പടം കാണാൻ ഇരിക്കുന്നത് എല്ലാവർക്കും ടെൻഷൻ ഉള്ള കാര്യമായിരിക്കും.
തിയേറ്ററിൽ കയറിയിരുന്ന് കയ്യടി വീഴണമെന്ന് നമ്മൾ വിചാരിക്കുന്ന ചില മൊമെന്‍റ്സുണ്ട്. അവിടെ വർക്കായാൽ രക്ഷപ്പെട്ടു. നമ്മൾ സ്ക്രീനിൽ നോക്കാതെ അങ്ങനെ ഇരിക്കുമല്ലോ. ഈ പോയിന്റിൽ കയ്യടി കിട്ടും എന്ന് കരുതിയിട്ട് ഇരിക്കും. കയ്യടി വീണു കഴിഞ്ഞാൽ ആ മൊമെന്റിലാണ് നമുക്ക് സമാധാനമാവുക,’ നഹാസ് ഹിദായത്ത് പറഞ്ഞു.
സിനിമയിൽ വർക്കായാൽ രക്ഷപ്പെട്ടു എന്ന് തോന്നിയ സീൻ ഏതാണെന്ന ചോദ്യത്തിന് പള്ളിയിൽ പെപ്പെ അടിക്കുന്ന സീനാണെന്ന് നഹാസ് മറുപടി പറഞ്ഞു. ‘പെപ്പെ പള്ളിയിൽ അടിക്കുന്ന സീനാണ്. നമ്മൾ ഷൂട്ട് ചെയ്യുമ്പോൾ ഈ പോയിന്റിൽ ആളുകൾ കൈയ്യടിച്ചാൽ രക്ഷപ്പെട്ടു എന്ന് വിചാരിച്ചിരുന്നു. ഇവിടം തൊട്ട് പ്രേക്ഷകർ പടത്തിലേക്ക് ഇൻ ആവും. ആ സീനിൽ കൈയ്യടി വീണപ്പോൾ അവിടെ മുതൽ അത് ഓക്കെ ആണെന്ന് മനസ്സിലായി,’ നഹാസ് പറയുന്നു.
Content Highlight: Nahas hidayath about RDX movie’s magical moment scene